
2026-ല്‍ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ അറിഞ്ഞിരിക്കണം. 2026 സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരിക്കില്ല. ക്യാമറയടക്കം മികച്ച സവിശേഷതകളും അപ്‌ഗ്രേഡുകളുമുള്ള ഫോണുകള്‍ പുറത്തിറങ്ങാത്തതല്ല ഇതിന് കാരണം. ഈ വര്‍ഷം പുതിയൊരു മൊബൈല്‍ ഫോണ്‍ വാങ്ങണമെങ്കില്‍ നിങ്ങള്‍ കൂടുതല്‍ പണം മുടക്കേണ്ടിവരും.
എത്ര പേര്‍ അറിഞ്ഞുകാണും എന്നറിയില്ല. രാജ്യത്ത് നിശബ‌്‌ദമായി സ്‌മാര്‍ട്ട്‌ഫോണുകളുടെ വില ഉയരുകയാണ്. സാംസങ്, വിവോ, നത്തിംഗ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ പല ഫോണ്‍ മോഡലുകളുടെയും വില കൂട്ടി. കൂടുതല്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ വില ഉടനടി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്, പ്രമുഖ സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഇനിയുമൊരു കുതിപ്പ് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ മാത്രമല്ല, പല രാജ്യങ്ങളിലും സമാനമാണ് സ്ഥിതി. എന്താണ് മൊബൈല്‍ ഫോണുകളുടെ വില ഇപ്പോള്‍ പെട്ടെന്ന് ഉയരാന്‍ കാരണം. ലാഭം നോക്കി മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നതാണോ ഉപയോക്താക്കള്‍ക്ക് പുതിയ ഇരുട്ടടിക്ക് കാരണം.
പ്രധാന കാരണം മെമ്മറി ചിപ്പുകളുടെ വില വര്‍ധനവ്
ടെക് ലോകം എഐ വികസനത്തിന്‍റെ പിന്നാലെയാണ്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ, ഓപ്പൺഎഐ, ആമസോൺ തുടങ്ങിയ വമ്പന്‍മാര്‍ എഐയില്‍ കൂടുതലായി നിക്ഷേപം നടത്തുന്നു. എഐ വികസനം കാര്യക്ഷമമായി നടക്കണമെങ്കില്‍ കരുത്തുറ്റ സെര്‍വറുകള്‍ വേണം. ഇതിന് മതിയാവോളം മെമ്മറി ചിപ്പുകള്‍ വേണം. സാംസങ്, എസ്‌കെ ഹൈനിക്‌സ്, മൈക്രോൺ എന്നീ കമ്പനികളാണ് ആഗോള മെമ്മറി ചിപ്പ് ഉൽപ്പാദനത്തിന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്. ഈ കമ്പനികൾ ഇപ്പോൾ അവരുടെ നൂതന ഉൽപ്പാദന ശേഷി ഡിആർഎഎം (DRAM), എച്ച്‍ബിഎം (HBM) ഹൈ-എന്‍ഡ് ചിപ്പുകളിലേക്ക് മാറ്റുകയാണ്. ഇത്തരം കരുത്തുറ്റ ചിപ്പുകള്‍ എഐ ഇൻഫ്രാസ്‌ട്രക്‌ചറിന് അത്യാവശ്യമാണ്. ഇത് പിസികൾ, സ്‌മാർട്ട്‌ഫോണുകൾ പോലുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കുള്ള സാധാരണ മെമ്മറി ചിപ്പ് വിതരണത്തെ നേരിട്ട് ബാധിക്കുന്നു.
മെമ്മറി ചിപ്പ് നിര്‍മ്മാതാക്കള്‍ പ്രമുഖ എഐ കമ്പനികള്‍ക്ക് മേല്‍പ്പറഞ്ഞ ഹൈ-ബാന്‍ഡ്‌വിഡ്‌ത് മെമ്മറികള്‍ നിര്‍മ്മിച്ചുനല്‍കുന്നതിന്‍റെ തിരക്കിലാണ്. മൊബൈല്‍ ഫോണുകള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് യുഎഫ്‌സ് പോലുള്ള മെമ്മറികള്‍ വിതരണം ചെയ്യുന്നത് ചിപ്പ് നിര്‍മ്മാതാക്കള്‍ കുറച്ചു. അതായത്, ആവശ്യത്തിന് മെമ്മറി ചിപ്പുകള്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല. ഇത് ചിപ്പുകളുടെ വില കുത്തനെ കൂട്ടി. ചെറിയ വില വര്‍ധനവല്ല, മെമ്മറി ചിപ്പുകള്‍ക്ക് ഇതിനകം സംഭവിച്ചത് 50 ശതമാനത്തോളം വിലക്കൂടുതലാണ്. വില ഇനിയും ഉയരുമെന്നാണ് ആഗോള റിപ്പോര്‍ട്ട്.
ഒരു സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുമ്പോള്‍ കമ്പനികള്‍ക്ക് അതിന്‍റെ 12 മുതല്‍ 16 ശതമാനം വരെ മുതല്‍മുടക്കാകുന്നത് മെമ്മറി ചിപ്പുകള്‍ക്കാണ്. സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണച്ചിലവില്‍ മെമ്മറി ചിപ്പുകളുടെ വിഹിതം ഇത് എടുത്തുകാട്ടുന്നു. മെമ്മറി ചിപ്പുകള്‍ക്ക് വില വര്‍ധിക്കുന്നതോടെ സ്‌മാര്‍ട്ട്‌ഫോണുകളുടെ വില എട്ട് മുതല്‍ 15 ശതമാനം വരെ വിവിധ ബ്രാന്‍ഡുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതരാവും എന്ന റിപ്പോര്‍ട്ടുകള്‍ 2025 ഡിസംബറില്‍ പുറത്തുവന്നിരുന്നു. ഈ കണക്കുകള്‍ ശരിവെച്ചുള്ള വില വര്‍ധനവ് 2026-ന്‍റെ ആരംഭത്തില്‍തന്നെ വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്‌തു.
ഇന്ത്യയില്‍ സാംസങ് കമ്പനി എ, എഫ് സീരീസുകളില്‍ ഉള്‍പ്പെട്ട മൊബൈല്‍ ഫോണുകളുടെ വില ജനുവരി ആദ്യ വാരം കൂട്ടി. സാംസങ് ഗാലക്‌സി എ56 മോഡലിന്‍റെ എല്ലാ വേരിയന്‍റുകളിലും 2,000 രൂപയുടെ വിലക്കൂടുതലാണ് പ്രാബല്യത്തില്‍ വന്നത്. അതേസമയം ഗാലക്‌സി എ36 5ജി ഫോണിന്‍റെ വിലയില്‍ 1,500 രൂപയുടെ വര്‍ധനവുണ്ടായി. ഗാലക്‌സി എഫ്17 5ജിയുടെ വില 1,000 രൂപയും വര്‍ധിച്ചു. വിവോ, നത്തിംഗ് ഫോണ്‍ കമ്പനികളും ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വില വര്‍ധനവ് നടപ്പിലാക്കിയിട്ടുണ്ട്. വിവോയും നത്തിംഗും നാല് മുതല്‍ 13 ശതമാനം വരെയാണ് വില ഉയര്‍ത്തിയത്. വൈ31, വൈ31 പ്രോ എന്നീ ഫോണ്‍ മോഡലുകളുടെ വില വിവോ കൂട്ടിയപ്പോള്‍ നത്തിംഗ് അവരുടെ ഫോണ്‍ (3a)-യുടെ വിലയും ഇന്ത്യയില്‍ വര്‍ധിപ്പിച്ചു.
മെമ്മറി ചിപ്പുകളുടെ വില വര്‍ധിച്ചതോടെ രണ്ട് ഓപ്ഷനുകളാണ് വില നിയന്ത്രിക്കാന്‍ മൊബൈല്‍ ബ്രാന്‍ഡുകളുടെ മുന്നിലുണ്ടായിരുന്നത്. ഒന്ന്, മൊബൈല്‍ ഫോണുകളുടെ വില ഉയര്‍ത്തുക. രണ്ട്, ഫോണുകളിലെ ഫീച്ചറുകളില്‍ വിട്ടുവീഴ്‌ച ചെയ്യുക. ഈ എഐ കാലത്ത് ഫോണുകളുടെ ഫീച്ചറുകള്‍ കുറയ്ക്കുക എന്നത് പ്രായോഗികമായി നടക്കുന്ന കാര്യമല്ല. അതിനാല്‍തന്നെ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ വില വര്‍ധനവിന്‍റെ പാത തെരഞ്ഞെടുത്തു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ ചാഞ്ചാട്ടവും സപ്ലൈ ചെയിനുകളിലെ പ്രശ്‌നവും ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും സ്‌മാര്‍ട്ട്‌ഫോണ്‍ വിലയെ സ്വാധീനിച്ചു. ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണുകള്‍, മിഡ്-റേഞ്ച് ഫോണുകള്‍ എന്നിവയുടെ വില ആദ്യ ഘട്ടത്തില്‍ ഇത് ഉയര്‍ത്തി.
ഈ നിശബ്‌ദ തരംഗം എവിടെ വരെ പോകും?
നിശബ്‌ദമായാണ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വില രാജ്യത്ത് വര്‍ധിക്കുന്നത്. എന്നാലിത് ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലേക്ക് ഉയര്‍ന്നേക്കും എന്നാണ് വിപണി വിദഗ്‌ധരുടെ പ്രവചനം. അതോടെ 2026-ല്‍, കയ്യിലുള്ള ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യാനിരിക്കുന്നവരുടെ കൈ പൊള്ളും. സ്‌മാര്‍ട്ട്‌ഫോണുകളുടെ വില ഈ വര്‍ഷം എത്ര വരെ ഉയരുമെന്ന് കാത്തിരുന്നറിയാം.