7,050 എംഎഎച്ച് ബാറ്ററി, 144 ഹെർട്‍സ് അമോലെഡ്; വിവോയുടെ പുതിയ 5ജി ഫോൺ വരുന്നു!

Published : Sep 01, 2026, 01:10 PM IST
Vivo T5 5G

Synopsis

വിവോയുടെ പുതിയ ടി സീരീസ് സ്മാർട്ട്ഫോണായ വിവോ ടി5 5ജി സെപ്റ്റംബർ 2ന് ഇന്ത്യയിൽ അവതരിപ്പിക്കും. 7,050 എംഎഎച്ച് ശേഷിയുള്ള ഭീമൻ ബാറ്ററിയും 144 ഹെർട്സ് വളഞ്ഞ അമോലെഡ് ഡിസ്പ്ലേയും 50 മെഗാപിക്സൽ പ്രധാന ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ മോഡലുമായി വിവോ. വിവോ ടി സീരീസിലെ പുതിയ സ്മാർട്ട്ഫോണായ വിവോ ടി5 5ജി സെപ്റ്റംബർ 2ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച്. ഫോണിന്റെ പ്രധാന സവിശേഷതകളെല്ലാം കമ്പനി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. 7,050 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള വളഞ്ഞ അമോലെഡ് ഡിസ്പ്ലേയുമാണ് ഫോണിന്റെ പ്രധാന ആകർഷണം.

7,050 എംഎഎച്ച് ബാറ്ററി

വിവോ ടി5 5ജിയിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് വലിയ ബാറ്ററിയാണ്. 7,050 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 85 മണിക്കൂർ വരെ സംഗീതം കേൾക്കാനും 34.7 മണിക്കൂർ വരെ പ്രാദേശികമായി വീഡിയോ കാണാനും 7.9 മണിക്കൂർ വരെ ഗെയിം കളിക്കാനും സാധിക്കുമെന്ന് വിവോ അവകാശപ്പെടുന്നു. ബാറ്ററിയുടെ ആരോഗ്യനില അഞ്ച് വർഷം വരെ നിലനിർത്താനാകുമെന്നും കമ്പനി പറയുന്നു. ഇത്രയും വലിയ ബാറ്ററി ഉൾപ്പെടുത്തിയിട്ടും ഫോണിന്റെ കനം 7.99 മില്ലിമീറ്റർ മാത്രമാണെന്നതും ശ്രദ്ധേയമാണ്.

144 ഹെർട്സ് വളഞ്ഞ അമോലെഡ് ഡിസ്പ്ലേ

6.83 ഇഞ്ച് വലുപ്പമുള്ള 1.5കെ 3ഡി വളഞ്ഞ അമോലെഡ് ഡിസ്പ്ലേയാണ് വിവോ ടി5 5ജിയിൽ ലഭിക്കുക. 144 ഹെർട്സ് റിഫ്രഷ് റേറ്റാണ് സ്ക്രീനിന്റെ മറ്റൊരു പ്രത്യേകത. പരമാവധി 2,000 നിറ്റ്സ് വരെ തെളിച്ചം നൽകുന്ന ഡിസ്പ്ലേയ്ക്ക് 449 പിപിഐ പിക്സൽ സാന്ദ്രതയുമുണ്ട്. ഗെയിമിങ്, വീഡിയോ കാണൽ, സ്ക്രോളിങ് എന്നിവയിൽ കൂടുതൽ സുഗമമായ ദൃശ്യാനുഭവം നൽകാൻ ഉയർന്ന റിഫ്രഷ് റേറ്റ് സഹായിക്കും.

50 മെഗാപിക്സൽ പ്രധാന ക്യാമറ

ക്യാമറ വിഭാഗത്തിലും ശ്രദ്ധേയമായ സവിശേഷതകളാണ് വിവോ നൽകിയിരിക്കുന്നത്. പിന്നിൽ രണ്ട് ക്യാമറകളാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ പിന്തുണയുള്ള 50 മെഗാപിക്സൽ സോണി ഐഎംഎക്സ്882 ആണ് പ്രധാന ക്യാമറ. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് രണ്ടാമത്തേത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ മുൻ ക്യാമറയും ഫോണിലുണ്ടാകും. മുൻ, പിൻ ക്യാമറകൾക്ക് 4കെ വീഡിയോ റെക്കോർഡിങ് പിന്തുണയും ലഭിക്കും.

ഡൈമെൻസിറ്റി 7500 ടർബോ ചിപ്സെറ്റ്

പ്രകടനത്തിനായി മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്സെറ്റാണ് വിവോ ടി5 5ജിയിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ആയിരിക്കും ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. മൂന്ന് തലമുറകളിലേക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്.

പൊടിയും വെള്ളവും പ്രതിരോധിക്കും

വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനായി ഐപി68, ഐപി69 റേറ്റിങ്ങുകളും ഫോണിന് നൽകിയിട്ടുണ്ട്. 7.99 മില്ലിമീറ്റർ കനമുള്ള വിവോ ടി5 5ജി റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നീ നിറങ്ങളിലാണ് എത്തുന്നത്.

വിൽപ്പന ഫ്ലിപ്കാർട്ടിലും വിവോ സ്റ്റോറിലും

സെപ്റ്റംബർ 2ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ച്. ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട് വഴിയും വിവോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ വാങ്ങാനാകും. വിലയും റാം, സ്റ്റോറേജ് വകഭേദങ്ങളും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ച് ചടങ്ങിൽ കമ്പനി പ്രഖ്യാപിക്കും.

PREV
Read more Articles on
click me!

Recommended Stories

ഗാലക്സി ടാബ് S12 അൾട്രാ: പെർഫോമൻസിൽ പുതിയ വിസ്‍മയം?
ടെലിഗ്രാമിൽ ഇനി സ്വന്തം വെബ് വിലാസം?