
ദില്ലി: സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ സംബന്ധിച്ച് ലോഞ്ചുകളുടെ ചൂടുള്ള മാസമാണ് ഡിസംബര്‍. ഡിസംബര്‍ ആദ്യ വാരം തന്നെ രണ്ട് സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസുകളുടെ ഇന്ത്യന്‍ ലോഞ്ച് നടക്കും. വിവോ എക്‌സ്300 സീരീസും (Vivo X300 Series), റിയൽമി പി4എക്സ് 5ജിയുമാണ് (Realme P4x 5G) ഡിസംബര്‍ ആദ്യ ആഴ്‌ച ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇരു ഫോണുകളുടെയും ഇതുവരെ അറിവായ ഫീച്ചറുകളും സവിശേഷതകളും അറിയാം.
ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ എക്സ്300 സീരീസ് ഡിസംബർ രണ്ടിന് ഇന്ത്യയിൽ അവതരിപ്പിക്കും. വിവോ എക്‌സ്300 പ്രോ, വിവോ എക്‌സ്300 എന്നീ മോഡലുകളാണ് ഈ ശ്രേണിയിലുള്ളത്. വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് ഇരു ഫോണും ഇന്ത്യക്കാരുടെ കയ്യിലെത്തുക. 3nm മീഡിയടെക് ഡൈമന്‍സിറ്റി 9500 സോക് ചിപ്‌സെറ്റ്, പ്രോ ഇമേജിംഗ് വിഎസ്1 ചിപ്, വി3+ഇമേജിംഗ് ചിപ് എന്നിവയാണ് ഈ ഫോണുകളുടെ പ്രധാന പ്രത്യേകത. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ ഒഎസിലാണ് വിവോ എക്‌സ്300 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തനം. വിവോ എക്‌സ്300 പ്രോയില്‍ 50-മെഗാപിക്‌സല്‍ സോണി എല്‍വൈറ്റി-828 പ്രൈമറി ഷൂട്ടര്‍, 50 എംപി സാംസങ് ജെഎന്‍1 അള്‍ട്രാവൈഡ് ക്യാമറ, 200എംപി എച്ച്പിബി ടെലിഫോട്ടോ ക്യാമറ എന്നിവ ചേര്‍ന്ന Zeiss ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം വിവോ എക്‌സ്300 പ്രോയിലുണ്ടാകും.
റിയൽമി പി4എക്സ് 5ജി സ്മാർട്ട്ഫോൺ ഡിസംബർ നാലിന് ഉച്ചയ്‌ക്ക് 12 മണിക്ക് ഇന്ത്യയിൽ പുറത്തിറക്കും. മീഡിയടെക് ഡൈമൻസിറ്റി 9400 അള്‍ട്രാ 5ജി ചിപ്സെറ്റിലായിരിക്കും ഫോണിന്‍റെ പ്രവർത്തനം. ഹെവി ടാസ്‌ക്കുകളില്‍ ഫോണിന്‍റെ ചൂട് നിയന്ത്രിക്കാനായി 5,300 sq mm വാക്വം കൂളർ ചേംബർ സംവിധാനമുണ്ടാകും. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ് ഡിസ്‌പ്ലെയ്‌ക്കുണ്ടാവുക. റിയൽമി പി4എക്സ് 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ 45 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 7,000 എംഎഎച്ച് ടൈറ്റാന്‍ ബാറ്ററി സഹിതമാണ് വിപണിയിലെത്തുക. ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം. ഇരു ഫോണുകളും വര്‍ഷാവസാന വിപണിയിലെ ചൂടുപിടിപ്പിക്കും എന്നാണ് പ്രതീക്ഷ.