വിവോയുടെ പുതിയ ഫോൺ; ബാറ്ററിയിൽ വിസ്‌മയം തീർക്കാൻ വൈ600 പ്രോ

Published : May 12, 2026, 04:29 PM IST
Vivo-Y500s

Synopsis

ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ, Y600 പ്രോ എന്ന പുതിയ മോഡൽ പ്രഖ്യാപിച്ചു. 10,000mAh ഭീമൻ ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. 50-മെഗാപിക്സൽ ക്യാമറ, 90W ഫാസ്റ്റ് ചാർജിംഗ്, മീഡിയടെക് ഡൈമൻസിറ്റി 7400 ചിപ്‌സെറ്റ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ബെയ്‌ജിങ്: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ അവരുടെ ഏറ്റവും പുതിയ മോഡലായ വൈ600 പ്രോയുടെ ലോഞ്ച് പ്രഖ്യാപിച്ചു. 10,000 എംഎഎച്ചിന്‍റെ ഭീമന്‍ ബാറ്ററി സഹിതമാണ് വിവോ വൈ600 പ്രോ വിപണിയിലെത്തുക. മുന്‍ഗാമിയായ വിവോ വൈ500 പ്രോയില്‍ 7,000 എംഎഎച്ച് ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. വൈ500 പ്രോയിലെ 200-മെഗാപിക്‌സല്‍ പ്രധാന ക്യാമറയ്‌ക്ക് പകരം 50എംപി പ്രൈമറി സെന്‍സറാണ് വിവോ വൈ600 പ്രോയില്‍ പ്രതീക്ഷിക്കുന്നത്.

വിവോ വൈ600 പ്രോ സവിശേഷതകള്‍

ലോഞ്ചിന് മുന്നോടിയായി വിവോ വൈ600 പ്രോയുടെ ഡിസൈനും പ്രധാന ഫീച്ചറുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം, 50-മെഗാപിക്‌സല്‍ പ്രധാന ക്യാമറ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സെക്കന്‍ഡറി ക്യാമറയുടെ സവിശേഷതകള്‍ വ്യക്തമല്ല. ക്യാമറ മൊഡ്യൂളിന് സമീപം എല്‍ഇഡി ഫ്ലാഷും കാണാം. 1.5കെ റെസലൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള 6.67-ഇഞ്ച് ഡിസ്‌പ്ലെയാണ് വിവോ വൈ600 പ്രോ ഫോണില്‍ പ്രതീക്ഷിക്കുന്നത്. 90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്‌ക്കുന്നതായിരിക്കും 10,000 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററി. മീഡിയടെക് ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റായിരിക്കും വിവോ വൈ600 പ്രോയുടെ മസ്‌തിഷ്‌കം.

വിവോ വൈ600 പ്രോ പുറത്തിറങ്ങുന്ന തീയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചൈനയില്‍ ഫോണ്‍ ഈ മെയ് മാസത്തില്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് വിവരം. മീഡ്-റേഞ്ച് ഫോണ്‍ പ്രേമികളെ ആകര്‍ഷിക്കുന്ന തരത്തില്‍ 1,799 യുവാനായിരിക്കും (ഏകദേശം 25,000 രൂപ) വിവോ വൈ600 പ്രോയുടെ വിലയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. നിലവില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ദൃശ്യമായ മെമ്മറി, ചിപ്‌സെറ്റ് പ്രതിസന്ധി ഫോണിന്‍റെ വില വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.

വിവോ വൈ500 പ്രോ

കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്‌ത വിവോ വൈ500 പ്രോ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും സഹിതമുള്ള 6.67-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ ഫോണായിരുന്നു. ഈ ഫോണിലുണ്ടായിരുന്നതും മീഡിയടെക് ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റായിരുന്നു. ഒഐഎസ് പിന്തുണയോടെയുള്ള 200-മെഗാപിക്‌സല്‍ റിയര്‍ ക്യാമറയായിരുന്നു ഫോണിന്‍റെ പ്രധാന ആകര്‍ഷണം. വീഡിയോ കോളിംഗിനും സെല്‍ഫിക്കുമായുണ്ടായിരുന്നത് 32-എംപി ഫ്രണ്ട് ക്യാമറയും. 7,000 എംഎഎച്ച് ബാറ്ററിയെ പിന്തുണച്ചിരുന്നത് 90 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫോള്‍ഡബിള്‍ ഐഫോണ്‍ വിപണിയിലെത്തുക രണ്ട് നിറങ്ങളില്‍ മാത്രം?
സാംസങ് ഫോണുകൾ വൻ വിലക്കുറവിൽ; ഇങ്ങനെ വാങ്ങിക്കാം