ജനപ്രിയ ബ്രാൻഡായ ഹോണർ 14,000mAh ബാറ്ററിയുള്ള പുതിയ സ്മാർട്ട്ഫോൺ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. യാഥാർത്ഥ്യമായാൽ, ഇത് സ്മാർട്ട്ഫോണുകളിലെ ഏറ്റവും ഉയർന്ന ബാറ്ററി ശേഷികളിലൊന്നായിരിക്കും. നിലവിൽ പ്രാരംഭഘട്ടത്തിലുള്ള ഈ ഫോണിന് ഒറ്റ ചാർജിൽ മൂന്നോ നാലോ ദിവസം വരെ പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

നപ്രിയ സ്‍മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ അടുത്തിടെ 11,000mAh ബാറ്ററിയുള്ള സ്‍മാർട്ട്ഫോൺ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ കമ്പനി അതിലും വലിയ 14,000mAh ബാറ്ററിയുള്ള പുതിയ സ്‍മാർട്ട്ഫോൺ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഈ നീക്കം യാതാർത്ഥ്യമായാൽ മുഖ്യധാരാ സ്‍മാർട്ട്ഫോണുകളിൽ ഇതുവരെ കണ്ടതിൽ ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയുള്ള മോഡലുകളിൽ ഒന്നായി ഇത് മാറും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയിൽ പ്രമുഖ ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പങ്കുവെച്ച വിവരങ്ങളിലാണ് പുതിയ സ്‍മാർട്ട്ഫോണിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. കമ്പനിയുടെ പേര് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഹോണറിനെ സൂചിപ്പിക്കുന്ന ഇമോജി ഉപയോഗിച്ചതിനാൽ ഈ മോഡൽ ഹോണറിന്‍റേത് ആകാം എന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ.

ഈ സ്‍മാർട്ട്ഫോണിന്റെ ഭാരം ഏകദേശം 220 ഗ്രാം ആയിരിക്കും എന്നാണ് ടിപ്സ്റ്റർ വിശദീകരിക്കുന്നത്. നിലവിലെ ഹോണർ X80 പ്രോ മാക്സിന്റെ ഭാരം 203 ഗ്രാം മാത്രമാണ്. ഇത്രയും വലിയ ബാറ്ററിയുണ്ടായിട്ടും ഭാരം നിയന്ത്രിക്കാൻ കമ്പനിക്ക് കഴിഞ്ഞാൽ അത് ശ്രദ്ധേയമായ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. പുതിയ ഫോൺ ഇപ്പോൾ ന്യൂ പ്രൊഡക്റ്റ് ഇൻട്രഡക്ഷൻ (NPI) ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. തായത്, അന്തിമ പരിശോധനകളും സാങ്കേതിക പരിശോധനകളും പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. അതിനാൽ ഈ മോഡൽ ഉടൻ വിപണിയിൽ എത്താൻ സാധ്യത കുറവാണ്.

14,000mAh ബാറ്ററിയുള്ള ഈ ഫോൺ പുറത്തിറങ്ങിയാൽ നിലവിലെ 11,000mAh ബാറ്ററിയുള്ള Honor X80 Pro Max-നെ മറികടന്ന് പുതിയ റെക്കോർഡ് സ്ഥാപിക്കും. സാധാരണ ഉപയോഗത്തിൽ ഒരൊറ്റ ചാർജിൽ മൂന്ന് മുതൽ നാല് ദിവസം വരെ പ്രവർത്തനസമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിപണിയിലെ ഹോണർ X80 പ്രോ മാക്സിന് ഒരൊറ്റ ചാർജിൽ 33.5 മണിക്കൂർ സ്റ്റാൻഡ്‌ബൈ, 73.7 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 23.9 മണിക്കൂർ കോളിംഗ്, 21.3 മണിക്കൂർ ഗെയിമിംഗ്, 18 മണിക്കൂർ നാവിഗേഷൻ എന്നിവ നൽകാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

അടുത്ത കാലത്തായി സ്‍മാർട്ട്ഫോൺ നിർമ്മാതാക്കൾ പരമ്പരാഗത 5,000mAh മുതൽ 6,000mAh വരെ ബാറ്ററി ശേഷിയിൽ നിന്ന് വളരെ ഉയർന്ന ശേഷിയുള്ള ബാറ്ററികളിലേക്ക് ശ്രദ്ധ തിരിക്കുന്ന പ്രവണതയാണ് കാണുന്നത്. റിയൽമി P4 പവർ 5G 10,001mAh ബാറ്ററിയോടെയും ഹോണറിന്റെ വിൻ, വിൻ RT മോഡലുകൾ 10,000mAh ബാറ്ററിയോടെയും എത്തിയിരുന്നു.

14,000mAh ബാറ്ററിയുള്ള ഈ പുതിയ മോഡൽ യാഥാർഥ്യമായാൽ, സ്മാർട്ട്ഫോൺ ബാറ്ററി സാങ്കേതികവിദ്യയിൽ മറ്റൊരു നിർണായക ചുവടുവെപ്പായി അത് മാറുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ നിലവിൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.