200-മെഗാപിക്‌സൽ പെരിസ്കോപ്പ് ക്യാമറയോടെ ഷവോമി 17 അൾട്ര ആഗോള വിപണിയിൽ; മറ്റ് സവിശേഷതകളും വിലയും

Published : Mar 02, 2026, 02:42 PM IST
Xiaomi-17-Ultra

Synopsis

ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഷവോമി 17, 17 അൾട്ര എന്നിവ ആഗോള വിപണിയിൽ അവതരിപ്പിച്ചു. സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഈ ഫോണുകളിൽ, 200-മെഗാപിക്‌സൽ പെരിസ്കോപ്പ് ക്യാമറയുള്ള ഷവോമി 17 അൾട്രയാണ് പ്രധാന ആകർഷണം. 

ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്‌ഫോൺ പരമ്പരയായ ഷവോമി 17, ഷവോമി 17 അൾട്ര എന്നിവ ഇക്കഴിഞ്ഞ ശനിയാഴ്ച ആഗോള വിപണിയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. ഉയർന്ന നിലവാരത്തിലുള്ള സവിശേഷതകളുമായി എത്തിയിരിക്കുന്ന ഈ രണ്ട് മോഡലുകളും പ്രീമിയം സ്‍മാർട്ട്‌ഫോൺ വിപണിയിൽ ശക്തമായ മത്സരത്തിന് തുടക്കമിടുമെന്നാണു വിലയിരുത്തൽ. 200-മെഗാപിക്‌സൽ പെരിസ്കോപ്പ് ക്യാമറ സഹിതമാണ് ഷവോമി 17 അൾട്ര വിപണിയില്‍ എത്തിയിരിക്കുന്നത്.

പ്രീമിയം ക്യാമറ അനുഭവവുമായി ഷവോമി 17 അൾട്ര

ഇരു ഫോണുകൾക്കും കരുത്ത് പകരുന്നത് ക്വാൽക്കോമിന്‍റെ ഏറ്റവും പുതിയ സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ്. മികച്ച പ്രകടനവും ഉയർന്ന എനർജി കാര്യക്ഷമതയും ഉറപ്പാക്കുന്ന ഈ പ്രോസസർ, ഗെയിമിംഗിനും മൾട്ടിടാസ്‍കിഗിനും അനുയോജ്യമായ പ്രകടനം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഇരുവരും വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4 തുടങ്ങിയ ഏറ്റവും പുതിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഉൾക്കൊള്ളുന്നു.

ഫോട്ടോഗ്രഫി വിഭാഗത്തിൽ പ്രത്യേക ശ്രദ്ധ നേടുന്നത് ഷവോമി 17 അൾട്ര ആണ്. ലൈക സഹകരണത്തോടെ ട്യൂൺ ചെയ്‌ത ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഇതിലുള്ളത്. പ്രധാന ക്യാമറയായി 50-മെഗാപിക്‌സൽ ഒരു ഇഞ്ച് സെൻസറുള്ള യൂണിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം 50-മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറയും 200-മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഉയർന്ന റെസല്യൂഷൻ ദൂരദൃശ്യങ്ങൾ പകർത്താൻ ഇത് സഹായകരമാകും. മുൻവശത്ത് 50-മെഗാപിക്‌സൽ സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.

ഷവോമി 17 അൾട്ര 6.9 ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്പ്ലേയോടെയാണ് എത്തുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും മികച്ച ബ്രൈറ്റ്‌നസും ഇതിലുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 90 വാട്‌സ് വയേർഡ് ഫാസ്റ്റ് ചാർജിംഗും 50 വാട്‌സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.

ഷവോമി 17 ഫോണിന്‍റെ സവിശേഷതകള്‍

അതേസമയം ഷവോമി 17 മോഡലിൽ 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ ആണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3,500 നിറ്റ് പരമാവധി പ്രകാശവും ഇതിന്‍റെ പ്രത്യേകതയാണ്. 50 മെഗാപിക്‌സൽ വീതം മൂന്ന് ക്യാമറകളുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഇതിലുള്ളത്. 6,330 എംഎഎച്ച് ബാറ്ററിയും 100 വാട്‌സ് വയേർഡ് ഫാസ്റ്റ് ചാർജിംഗും ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വില സംബന്ധിച്ച്, ഷവോമി 17-ന് 999 യൂറോ (ഏകദേശം 1,07,449 രൂപ) മുതൽ ലഭ്യമാകും. ഷവോമി 17 അൾട്ര 1,499 യൂറോ (ഏകദേശം 1,61,264 രൂപ) ആണ് വില.

PREV
Read more Articles on
click me!

Recommended Stories

ആപ്പിൾ മുതൽ വിവോ വരെ; വലിയ മത്സരത്തിന് കളമൊരുങ്ങുന്നു! ഈ മാസം പുറത്തിറങ്ങുന്ന സ്‍മാർട്ട്ഫോണുകൾ
പോക്കോ എക്സ്8 പ്രോ, എക്സ്8 പ്രോ മാക്സ് ഫോണുകള്‍ ആഗോള അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു