സാംസങ് ഗാലക്‌സി സ്സെഡ് ഫോൾഡ് 7 യൂട്യൂബർ മടക്കിയത് 200000 തവണ, പിന്നീട് സംഭവിച്ചത്

Published : Aug 12, 2025, 09:04 AM ISTUpdated : Aug 12, 2025, 12:17 PM IST
Samsung Galaxy Z Fold 7

Synopsis

സാംസങ്ങിന്‍റെ ഈ അവകാശവാദങ്ങൾ പരീക്ഷിക്കാൻ യൂട്യൂബർ ഫോൺ 2,00,000 തവണ മടക്കിനിവർത്തി

സോള്‍: അര പതിറ്റാണ്ടിലേറെയായി സാംസങ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണുകൾ നിർമ്മിക്കുന്നു. 2019-ന്‍റെ തുടക്കത്തിലാണ് കമ്പനി അവരുടെ ആദ്യത്തെ സ്സെഡ് ഫോൾഡ് പുറത്തിറക്കിയത്. അതിന് ഏകദേശം ഏഴ് വർഷങ്ങൾക്ക് ശേഷം, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതും ഏറ്റവും നൂതനവുമായ മടക്കാവുന്ന സ്‍മാർട്ട്‌ഫോൺ എന്ന വാഗ്‍ദാനത്തോടെ സാംസങ് സ്സെഡ് ഫോൾഡ് 7 അവതരിപ്പിച്ചു.

ഫോള്‍ഡബിള്‍ സ്‍മാർട്ട്ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്ന് ഹിഞ്ചിന്‍റെ ഈടിനെ സംബന്ധിച്ച് ആയിരിക്കും. സ്സെഡ് ഫോൾഡ് 7-നെ 5,00,000 തവണ മടക്കാനും നിവർത്താനും പരീക്ഷിച്ചിട്ടുണ്ടെന്ന് സാംസങ് ഔദ്യോഗികമായി പറയുന്നു. സ്സെഡ് ഫോൾഡ് 6-ൽ വാഗ്‌ദാനം ചെയ്ത 2,00,000 മടക്കുകളുടെ ഇരട്ടിയിലധികം വരം ഇത്. അതായത് ഈ കണക്ക് ശരിയാണെങ്കിൽ, സാംസങ് സ്സെഡ് ഫോൾഡ് 7 ഒരു ദിവസം 100 തവണ മടക്കിയാൽ ഏകദേശം 10 വർഷവും ഒരു ദിവസം 200 തവണ മടക്കിയാൽ 6 വർഷത്തിൽ കൂടുതലും ഈട് നിലനിൽക്കും എന്നാണ് അവകാശവാദം.

എന്നാൽ ആ അവകാശവാദം യഥാർഥത്തിൽ നിലനിൽക്കുമോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ക്ലെയിം ചെയ്ത മടക്കൽ സൈക്കിളിൽ ഫോണിന് മറ്റെന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമോ എന്ന് ആലോചിച്ചിട്ടുണ്ടോ? ഇപ്പോഴിതാ ഇത് സംബന്ധിച്ച ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് ഒരു കൊറിയൻ യൂട്യൂബർ. ടെക് ഇറ്റ് യൂട്യൂബർ ആണ് ഈ ഫോണിന്‍റെ ഈട് പരിശോധിക്കുന്നതിനായി ലൈവ് ചെയ്‌തത്.

സാംസങ്ങിന്‍റെ ഈ അവകാശവാദങ്ങൾ പരീക്ഷിക്കാൻ യൂട്യൂബർ ഫോൺ 2,00,000 തവണ മടക്കിനിവർത്തി. അഞ്ചര മണിക്കൂറിനുള്ളിൽ 2,00,000 തവണ സ്സെഡ് ഫോൾഡ് 7 സ്വമേധയാ മടക്കി തുറക്കുന്നതിലൂടെ സാംസങ്ങിന്‍റെ അവകാശവാദങ്ങൾ പരീക്ഷിക്കുന്നതിന് വളരെ അടുത്തെത്തി. സാംസങ്ങിന്‍റെ ഫോൾഡബിളുകൾ ഈടുനിൽപ്പിന്‍റെ കാര്യത്തിൽ എത്രത്തോളം എത്തിയിട്ടുണ്ടെന്ന് അറിയാൻ നിങ്ങൾക്ക് ജിജ്ഞാസയുണ്ടെങ്കിൽ, അഞ്ചര മണിക്കൂർ നീണ്ടുനിന്ന പരീക്ഷണത്തിനിടെ എന്താണ് സംഭവിച്ചതെന്ന് അറിയാം.

പരീക്ഷണത്തിൽ ആദ്യത്തെ 6,000 മുതൽ 10,000 വരെ ഫോൾഡുകളിൽ ഒരു റീബൂട്ട് പ്രശ്‍നം പ്രത്യക്ഷപ്പെട്ടതായി യൂട്യൂബർ കണ്ടെത്തി. ഏകദേശം ഓരോ 10,000 ഫോൾഡുകൾക്ക് ശേഷവും ഈ പ്രശ്‍നം ആവർത്തിച്ചുകൊണ്ടിരുന്നു. 46,000 തവണ മടക്കിയപ്പോൾ Z ഫോൾഡ് 7-ന്‍റെ ഹിഞ്ച് ചില ക്രീക്കിംഗ് ശബ്‌ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. എങ്കിലും ഫോൺ ഉദ്ദേശിച്ചതുപോലെ പ്രവർത്തിച്ചു. എന്നാൽ ഞെട്ടിപ്പിച്ചുകൊണ്ട് 75,000 തവണ മടങ്ങിയ നേരത്ത് ഫോണിന്‍റെ ഹിഞ്ചിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു കറുത്ത ദ്രാവകം ചോരാൻ തുടങ്ങി. അത് പിന്നീട് അപ്രത്യക്ഷമായി. എന്നാൽ 1,05,000-ത്തെ മടക്കിൽ ഇതേ ദ്രാവകം വീണ്ടും പ്രത്യക്ഷപ്പെട്ടു. 1,05,021 ഫോൾഡുകളിൽ, ക്രീസ് കൂടുതൽ ആഴത്തിലായതായും യൂട്യൂബർ കണ്ടെത്തി.

പിന്നീടുള്ള ആയിരക്കണക്കിന് മടക്കുകളിൽ, ഗാലക്‌സി സ്സെഡ് ഫോൾഡ് 7-ൽ ഒന്നും സംഭവിച്ചില്ല. പക്ഷേ ഫോൾഡിംഗിന്‍റെ എണ്ണം 1,75,000 കഴിഞ്ഞപ്പോൾ, താഴെയും മുകളിലുമുള്ള ഇയർപീസുകൾ പ്രവർത്തനം നിർത്തി. മാത്രമല്ല ഹിഞ്ച് മിനുസമാർന്നതുമായി മാറി. ഫോൺ തുറക്കാൻ കഴിയുമെങ്കിലും അതിന്‍റെ ഇലാസ്‍തികത അപ്പോഴേക്കും നഷ്‍ടമായി.

എന്നാൽ ഈ തടസങ്ങൾക്കിടയിലും, സാംസങ് സ്സെഡ് ഫോൾഡ് 7-ന്‍റ ഫോൾഡിംഗ് 2,00,000 മടങ്ങ് എന്ന നാഴികക്കല്ലിൽ എത്തി. അപ്പോഴും അകത്തെ ഡിസ്പ്ലേയിൽ സ്സെഡ് പിക്‌സലുകളൊന്നും കാണിച്ചില്ല. ടച്ച് പ്രതികരണം കൃത്യമായിത്തന്നെ തുടർന്നു. അതിന്റെ സ്‍പർശന പ്രതികരണം നിലനിർത്താൻ കഴിഞ്ഞു. അൽപ്പം ആഴത്തിലുള്ള ക്രീസുകൾ ഒഴികെ മറ്റ് പ്രധാന പ്രശ്‍നങ്ങളൊന്നും കാണിച്ചില്ല. സാംസങ് പരസ്യപ്പെടുത്തുന്ന 5,00,000 മടക്കുകളുടെ അടുത്തെങ്ങും ഇത് എത്തില്ലെങ്കിലും സാധാരണ സാഹചര്യങ്ങളിൽ ഫോണിന് നിരന്തരം മടക്കുന്നതിനും തുറക്കുന്നതും സാധിക്കുമെന്ന് ഈ പരീക്ഷണം കാണിക്കുന്നു.

അതേസമയം, പരീക്ഷണത്തിനായി തുടർച്ചയായി മടക്കുമ്പോൾ ഫോണിന്‍റെ ഫോൾഡിംഗ് സംവിധാനം നിരന്തരമായ സമ്മർദ്ദത്തിലായിരിക്കും. ഇത് ദൈനംദിന ഉപയോഗത്തേക്കാൾ ഹാർഡ്‌വെയറിൽ കൂടുതൽ ഭാരം വർധിപ്പിച്ചേക്കാം. അതുകൊണ്ടുതന്നെ യൂട്യൂബറുടെ ഈ പരീക്ഷണം ഫോണിന്‍റെ ഫോൾഡിംഗ് ശേഷിയെ അത്ര കണ്ട് ബാധിക്കണം എന്നില്ല. എങ്കിലും സാധാരണ ഉപയോഗത്തിൽ സാംസങ് സ്സെഡ് ഫോൾഡബിൾ ഫോണിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഈ പരീക്ഷണം ഉപഭോക്താക്കൾക്ക് ഒരു ധാരണ നൽകുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി