ഇന്ത്യയെ നിശബ്ദമാക്കിയ ഓസീസ്, ദക്ഷിണാഫ്രിക്ക നല്‍കിയ ഷോക്ക്, ലോകകപ്പ് ഫൈനലിൽ ആശങ്കയായി അഹമ്മദാബാദിലെ ചരിത്രം

Published : Mar 06, 2026, 05:00 PM IST

ടി20 ലോകകപ്പ് ഫൈനലിന് അഹമ്മദാബാദ് വേദിയാകുമ്പോൾ, 2023-ലെ ഫൈനല്‍ തോൽവിയും സ്റ്റേഡിയത്തിലെ സമീപകാല പ്രകടനങ്ങളും ഇന്ത്യൻ ആരാധകരിൽ ആശങ്കയുണർത്തുന്നു. പിച്ചിന്റെ പ്രവചനാതീത സ്വഭാവവും ടോസിന്റെ പ്രാധാന്യവും ഇന്ത്യയുടെ കിരീട സാധ്യതകളെ സ്വാധീനിച്ചേക്കാം.

PREV
110
ചരിത്രം ഇന്ത്യക്കെതിര്

ടി20 ലോകകപ്പിന്‍റെ കിരീട പോരാട്ടം മാർച്ച് 8-ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ ഇന്ത്യൻ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് ചരിത്രവും കണക്കുകളും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സമീപകാലത്ത് ഇന്ത്യ നേരിട്ട തിരിച്ചടികളാണ് ഈ ആശങ്കയ്ക്ക് കാരണം. മറ്റ് വേദികളിലെല്ലാം തകർപ്പൻ പ്രകടനം നടത്തുന്ന ഇന്ത്യയ്ക്ക്, അഹമ്മദാബാദിലെ പിച്ചും സാഹചര്യങ്ങളും പലപ്പോഴും വില്ലനാകുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

210
2023-ലെ ഉണങ്ങാത്ത മുറിവ്

അഹമ്മദാബാദിനെക്കുറിച്ചുള്ള ആരാധകരുടെ പേടിക്ക് പ്രധാന കാരണം 2023-ലെ ഏകദിന ലോകകപ്പ് ഫൈനലാണ്. ടൂർണമെന്‍റിലുടനീളം പത്ത് മത്സരങ്ങൾ തുടർച്ചയായി ജയിച്ചെത്തിയ ഇന്ത്യയെ ഫൈനലിൽ ഓസ്‌ട്രേലിയ അക്ഷരാർത്ഥത്തിൽ നിശബ്ദരാക്കി. അന്ന് സ്ലോ പിച്ചിൽ ഇന്ത്യൻ ബാറ്റിംഗ് നിര പതറുകയും, ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി കിരീടം കൈവിടുകയും ചെയ്തത് ഇന്നും ആരാധകർക്ക് മറക്കാനാവാത്ത ആഘാതമാണ്.

310
അപരാജിത കുതിപ്പ് അവസാനിച്ചതും അഹമ്മദാബാദില്‍

നിലവിലെ ടി20 ലോകകപ്പിലും അഹമ്മദാബാദിലെ റെക്കോർഡ് ഇന്ത്യയെ തുണയ്ക്കുന്നില്ല. ഈ ലോകകപ്പില്‍ ഇന്ത്യ തോറ്റ ഒരേയൊരു മത്സരവും അഹമ്മദാബാദിലായിരുന്നു. സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടായിരുന്നു ഇന്ത്യ കൂറ്റന്‍ തോല്‍വി വഴങ്ങി സെമി പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുടർച്ചയായ 12 വിജയങ്ങളുടെ അപരാജിത കുതിപ്പ് അവസാനിച്ചതും അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു.

410
നെതര്‍ലന്‍ഡ്ഡ്സിനെതിരെയും നിറം മങ്ങി

അഹമ്മദാബാദില്‍ ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്‌സിനെതിരെ അഹമ്മദാബാദില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കിലും അത് ആധികാരികമായിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സടിച്ചെങ്കിലും തിരിച്ചടിച്ച നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ 17 റൺസിനാണ് ജയിച്ചുകയറിയത്.

510
പിച്ചിന്‍റെ പ്രവചനാതീത സ്വഭാവം

അഹമ്മദാബാദിലെ പിച്ചിന്‍റെ പ്രവചനാതീത സ്വഭാവമാണ് ടീമിനെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്നത്. ഡേ-നൈറ്റ് മത്സരങ്ങളിൽ ആദ്യ ഇന്നിംഗ്‌സിൽ പിച്ച് കടുപ്പമേറിയതാവുകയും സ്‌ട്രോക്ക് പ്ലെയേഴ്‌സിന് ബാറ്റിംഗ് ദുഷ്കരമാവുകയും ചെയ്യുന്നു. എന്നാൽ രണ്ടാം പകുതിയിൽ മഞ്ഞുവീഴ്ച ഉണ്ടായാല്‍ പന്ത് വേഗത്തിൽ ബാറ്റിലേക്ക് എത്തുകയും ബാറ്റിംഗ് അനായാസമാകുകയും ചെയ്യും. ഇത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് വലിയ മേധാവിത്വം നൽകുന്നുണ്ട്.

610
ഫൈനലില്‍ ടോസ് നിര്‍ണായകം

ഫൈനലിൽ ടോസ് നിർണ്ണായകമാകുമെന്നതും ആരാധകരെ ആശങ്കപ്പെടുത്തുന്നു. മുംബൈയിലേതുപോലെ ഫ്ലാറ്റ് പിച്ചില്‍ ടോസിന് വലിയ റോളില്ലായിരുന്നു. എന്നാല്‍ അഹമ്മദാബാദില്‍ അതായിരിക്കില്ല സ്ഥിതി എന്നത് ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്. ഈ ലോകപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ടൈ ആയി രണ്ടാം സൂപ്പര്‍ ഓവറില്‍ അവസാനിച്ച അഫ്ഗാനിസ്ഥാൻ-ദക്ഷിണാഫ്രിക്ക മത്സരം കൂടി കണക്കിലെടുത്താല്‍ നാലു മത്സരം ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു. എന്നാല്‍ ഇതില്‍ പല മത്സരങ്ങളും പകല്‍ മത്സരങ്ങളായിരുന്നുവെന്ന വ്യത്യാസമുണ്ട്.

710
കിവീസ് ഓപ്പണര്‍മാരെ കരുതിയിരിക്കണം

ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ ടിം സൈഫര്‍ട്ടിനെയും ഫിന്‍ അലനെയും ഇന്ത്യ എത്രവേഗം പുറത്താക്കുമെന്നത് ആശ്രയിച്ചായിരിക്കും മത്സരഫലം നിര്‍ണയിക്കപ്പെടുക. കൊല്‍ക്കത്ത ഈ‍ഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമിയില്‍ അപരാജിതരായി എത്തി ദക്ഷിണാഫ്രിക്കയെ അലനും സൈഫര്‍ട്ടും ചേര്‍ന്ന് പഞ്ഞിക്കിട്ടത് ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട്. പവര്‍ പ്ലേയില്‍ ഇരുവരെയും പുറത്താക്കാനായാല്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടാനാകും.

810
അഭിഷേകും വരുണും ആശങ്ക

ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെയും മങ്ങിയ ഫോമാണ് ഇന്ത്യയുടെ മറ്റൊരു തലവേദന. പവര്‍ പ്ലേയില്‍ തുടര്‍ച്ചയായി സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീഴുന്ന അഭിഷേകും സൂപ്പര്‍ 8 മുതൽ നിറം മങ്ങിയ വരുണ്‍ ചക്രവര്‍ത്തിയും കിവീസിനെതിരായ കിരീടപ്പോരില്‍ പുറത്തിരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഭിഷേക് പുറത്തിരുന്നാല്‍ പകരം റിങ്കു സിംഗും വരുണിന് പകരം കുല്‍ദീപ് യാദവുമായിരിക്കും പ്ലേയിംഗ് ഇലവനിലേക്ക് എത്തുക.

910
പ്രതീക്ഷ നല്‍കുന്ന ടി20 കണക്കുകൾ

ഗുജറാത്തിലെ മൊട്ടേര സ്റ്റേഡിയം നരേന്ദ്ര മോദി സ്റ്റേഡിയമായി നവീകരിച്ചശേഷം 10 ടി20 മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിച്ചത്. ഇതില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരെ രണ്ട് തവണയും ദക്ഷിണാഫ്രിക്കക്കെതിരെ ഒരു തവണയും ഇന്ത്യ ഇവിടെ തോറ്റു.

1010
ഉയര്‍ന്ന സ്കോറും കിവീസിനെതിരെ

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ടി20 മത്സരങ്ങളില്‍ ഇന്ത്യ ഉയര്‍ന്ന സ്കോര്‍ കുറിച്ചത് ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു. ഈ വര്‍ഷം ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ടി20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 234-4 ആണ് ഈ സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഈ ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ 111 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോര്‍.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories