മത്സരത്തിനൊടുവില്‍ സഞ്ജുവിനെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തത്. താനല്ല യഥാര്‍ത്ഥത്തില്‍ ബുംറയാണ് ഈ പുരസ്കാരത്തിന് അര്‍ഹനെന്ന് മത്സരശേഷം പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞിരുന്നു.
അഹമ്മദാബാദ്: ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, മത്സരത്തിലെ യഥാർത്ഥ ഹീറോയെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. തകർപ്പൻ ബാറ്റിംഗ് കാഴ്ചവെച്ച സഞ്ജു സാംസണെയോ നിർണായക ഓവറുകൾ എറിഞ്ഞ ജസ്പ്രീത് ബുംറയെയോ അല്ല അശ്വിൻ തിരഞ്ഞെടുത്തത്. മറിച്ച്, ഫീൽഡിംഗിലും ബൗളിംഗിലും മിന്നും പ്രകടനം നടത്തിയ അക്ഷർ പട്ടേലാണ് അശ്വിന്‍റെ കണ്ണിലെ 'മാൻ ഓഫ് ദി മാച്ച്'.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 253/7 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. 42 പന്തിൽ 89 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണായിരുന്നു ബാറ്റിംഗിലെ കരുത്ത്. 8 ഫോറുകളും 7 സിക്സറുകളും അടക്കം 211.9 സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 246 റൺസ് വരെ എത്തിയെങ്കിലും ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ഇന്ത്യയെ തുണച്ചു. നാല് ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ബുംറ, 18-ാം ഓവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി. മത്സരത്തിനൊടുവില്‍ സഞ്ജുവിനെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തത്. താനല്ല യഥാര്‍ത്ഥത്തില്‍ ബുംറയാണ് ഈ പുരസ്കാരത്തിന് അര്‍ഹനെന്ന് മത്സരശേഷം പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞിരുന്നു.
എന്നാല്‍ തന്‍റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിൽ' സംസാരിക്കവെയാണ് അശ്വിൻ അക്സർ പട്ടേലിനെ യഥാര്‍ത്ഥ മാന്‍ ഓഫ് ദ് മാച്ചായി തെരഞ്ഞെടുത്തത്. അക്ഷറിന്‍റെ ക്യാച്ചുകൾ അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു. വിൽ ജാക്‌സിനെ പുറത്താക്കിയ ആ ക്യാച്ചിന് മാത്രം അക്ഷറിന് മാൻ ഓഫ് ദി മാച്ച് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ജാക്‌സ് ക്രീസിൽ ഉണ്ടായിരുന്നെങ്കിൽ മത്സരം നേരത്തെ തീരുമായിരുന്നു. സഞ്ജുവിനോ ബുംറയ്ക്കോ ലഭിച്ച പുരസ്കാരം വാങ്ങി അക്ഷറിന് നൽകാനാണ് ഞാൻ സൂര്യയോടോ ഗംഭീറിനോടോ നിർദ്ദേശിക്കുകയെന്നും അശ്വിൻ പറഞ്ഞു. ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ പുറത്താക്കിയ ക്യാച്ചും മത്സരത്തിൽ നിർണായകമായിരുന്നു. കൂടാതെ 5 പന്തിൽ 17 റൺസെടുത്ത് അപകടകാരിയായി മാറിയ ടോം ബാന്‍റണെ പുറത്താക്കിയതും അക്ഷറായിരുന്നു.
മാർച്ച് 8 ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെയാണ് നേരിടുക. കിവീസിനെ തോല്‍പിച്ച് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം നേടുമെന്ന് അശ്വിൻ പറഞ്ഞു. 2007-ലും 2024-ലുമാണ് ഇന്ത്യ ഇതിന് മുൻപ് കിരീടം ചൂടിയത്.
