ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ താരം ആർ. അശ്വിൻ. സഞ്ജു അമിത ചിന്തകളാൽ സമ്മർദ്ദത്തിലാണെന്നും താരത്തിന് വിശ്രമം ആവശ്യമാണെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.
മനസ്സിൽ ചിന്തകൾ കാടുകയറുന്നു, സഞ്ജുവിന് വിശ്രമം വേണം
ന്യൂസിലൻഡിനെതിരായ നാലാം ടി20യിൽ ഇന്ത്യ 50 റണ്‍സിന് തോറ്റതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സഞ്ജു നിലവിൽ അമിത ചിന്തകളിൽ മുഴുകിയിരിക്കുകയാണെന്നും ഇത് താരത്തിന്‍റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അശ്വിൻ പറഞ്ഞു. നാലാം ടി20യില്‍ ഇന്ത്യ 216 റൺസ് പിന്തുടരുന്നതിനിടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് പുറത്തായിരുന്നു.
27
ഒരാൾക്ക് വേണ്ടി മാത്രമായി ഒരു സ്ഥാനം മാറ്റിവെക്കാനാവില്ല
സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റണമെന്ന വാദങ്ങളെയും അശ്വിൻ എതിർത്തു. ഒരാൾക്ക് വേണ്ടി മാത്രമായി ടീമിൽ ഒരു സ്ലോട്ട് ഉണ്ടാക്കി നൽകാൻ കഴിയില്ല. സഞ്ജു മധ്യനിരയിലേക്ക് വന്നാൽ അത് ബാറ്റിംഗ് നിരയുടെ ബാലൻസ് തെറ്റിക്കും. എല്ലാവരും സഞ്ജുവിന് ചുറ്റും കറങ്ങണമെന്ന് പറയുന്നത് ശരിയല്ലെന്നും തന്‍റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിൽ' അശ്വിൻ പറഞ്ഞു.
37
വിശ്രമമാണ് പോംവഴി
തുടർച്ചയായ പരാജയങ്ങൾ നേരിടുമ്പോൾ താരത്തിന് വിശ്രമം നൽകുന്നതാണ് നല്ലതെന്ന അഭിപ്രായവും അശ്വിൻ പങ്കുവെച്ചു. പുറത്തിരുന്ന് കളി നിരീക്ഷിക്കുന്നത് സഞ്ജുവിനെ കൂടുതൽ മികച്ച കളിക്കാരനാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജുവിന്‍റെ മനസ്സ് ശാന്തമല്ലെന്നാണ് അശ്വിന്‍റെ വിലയിരുത്തൽ. മനസ്സിൽ ഒരുപാട് ചിന്തകൾ വരുമ്പോൾ പന്തിന്‍റെ ലെങ്തും ലൈനും കൃത്യമായി മനസ്സിലാക്കാൻ പ്രയാസമായിരിക്കും. സഞ്ജുവിന്‍റെ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത് അതാണ്. ബൗളർമാർ അദ്ദേഹത്തെ ഒരു കോണിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സഞ്ജു അതിനോട് പ്രതികരിക്കാൻ ശ്രമിക്കുന്നുണ്ട്, അത് നല്ല കാര്യമാണ്. പക്ഷേ ഫലം ഉടൻ ലഭിച്ചെന്നു വരില്ല- അശ്വിൻ പറഞ്ഞു.
57
ഇഷാൻ കിഷനിൽ നിന്നുള്ള സമ്മർദ്ദം
ഇഷാൻ കിഷൻ മികച്ച ഫോമിൽ പുറത്തിരിക്കുന്നത് സഞ്ജുവിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും അശ്വിൻ ഓർമ്മിപ്പിച്ചു. ടി20 ലോകകപ്പ് അടുത്തിരിക്കെ, ഓരോ പരാജയവും സഞ്ജുവിന്‍റെ ടീമിലെ സ്ഥാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സഞ്ജു തന്‍റെ പഴയ ശൈലിയിൽ നിന്ന് മാറി പുതിയ രീതികൾ പരീക്ഷിക്കാൻ ശ്രമിക്കുന്നത് ശുഭസൂചനയാണെങ്കിലും, അമിത ചിന്തകൾ ഉപേക്ഷിച്ചാൽ മാത്രമേ താരത്തിന് പഴയ ഫോമിലേക്ക് മടങ്ങിയെത്താൻ കഴിയൂ എന്നും അശ്വിൻ വ്യക്തമാക്കി.
67
കിവീസ് കടമ്പ
ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി വെറും 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ മത്സരത്തില്‍ 10 റണ്‍സെടുത്ത് മടങ്ങിയ സഞ്ജു രണ്ടാം മത്സരത്തില്‍ ആറ് റണ്‍സിന് പുറത്തായി. മൂന്നാം മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
77
ഹോം ഗ്രൗണ്ടില്‍ അവസാന അവസരമോ
മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ അഞ്ചാം മത്സരത്തിൽ ഓപ്പണറും വിക്കറ്റ് കീപ്പറുമായി പരീക്ഷിക്കണമെന്ന വാദം ഉയരുന്നുണ്ടെങ്കിലും ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന് അവസരം നല്‍കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും സ്വന്തം നാട്ടുകാർക്ക് മുന്നിൽ മികച്ച പ്രകടനം നടത്തി വിമർശകരുടെ വായടപ്പിക്കാനായിരിക്കും സഞ്ജുവിന്‍റെ ശ്രമം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!