കോലിയുടെ അക്കൗണ്ട് കാണാതായതോടെ ആരാധകർ കൂട്ടത്തോടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുടെ ഇൻസ്റ്റാഗ്രാം പേജിലേക്ക് ഒഴുകി.

മുംബൈ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ അമ്പരപ്പിച്ച് വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം അപ്രത്യക്ഷമായി. വെള്ളിയാഴ്ച പുലർച്ചെ മുതലാണ് 27.4 കോടിയിലധികം ഫോളോവേഴ്‌സുള്ള കോലിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാൻഡിൽ അപ്രത്യക്ഷമായത്. കോലിയുടെ അക്കൗണ്ട് തിരയുന്നവർക്ക് "ഈ പേജ് ലഭ്യമല്ല" എന്ന സന്ദേശമായിരുന്നു ലഭിച്ചത്. താരത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ അദ്ദേഹം സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ലഭിക്കാതിരുന്നതോടെ ആരാധകരും ആശങ്കയിലായി. 

അനുഷ്കയോട് മറുപടി ചോദിച്ച് ആരാധകർ

കോലിയുടെ അക്കൗണ്ട് കാണാതായതോടെ ആരാധകർ കൂട്ടത്തോടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുടെ ഇൻസ്റ്റാഗ്രാം പേജിലേക്ക് ഒഴുകി. "ചീക്കുവിന് എന്തുപറ്റി?", "ഭയ്യയുടെ അക്കൗണ്ട് എവിടെപ്പോയി?" എന്നിങ്ങനെ ആയിരക്കണക്കിന് ചോദ്യങ്ങളായിരുന്നു അനുഷ്കയുടെ പോസ്റ്റുകൾക്ക് താഴെ വന്നത്. എന്നാൽ അക്കൗണ്ട് അപ്രത്യഷമായി മണിക്കൂറുകള്‍ക്ക് ശേഷം കോലി ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തിയതോടെ ആരാധകരുടെ ആശങ്ക ബൗണ്ടറി കടന്നു.

കോലിയുടെ അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും സജീവമായിരുന്നു. നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്ന 'നിഹിലിസ്റ്റ് പെൻഗ്വിൻ' ട്രെൻഡുമായി ബന്ധപ്പെടുത്തിയായിരുന്നു പലരും ഇതിനെ കണ്ടത്. പെൻഗ്വിൻ ഇന്റർനെറ്റിൽ നിന്ന് നടന്നു നീങ്ങുന്നതുപോലെ കോലിയും ഡിജിറ്റൽ ലോകത്തോട് വിട പറഞ്ഞതാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

വിരാട് കോലിയുടെ സഹോദരൻ വികാസ് കോലിയുടെ അക്കൗണ്ടും സമാനമായ രീതിയിൽ കാണാതായിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയില്‍ തകർപ്പൻ സെഞ്ച്വറി നേടി ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തിയ മികച്ച ഫോമിലാണിപ്പോള്‍.ഏകദിന പരമ്പരക്ക് ശേഷം അനുഷ്കക്കൊപ്പം ലണ്ടനിലാണ് കോലിയിപ്പോഴുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക