- Home
- Sports
- Cricket
- 2650 ദിവസത്തെ കാത്തിരിപ്പ്, ഒടുവിൽ ഓസീസ് വീണു, സയ്യിം അയൂബ് ഷോയില്‍ പാകിസ്ഥാന് ഐതിഹാസിക ജയം
2650 ദിവസത്തെ കാത്തിരിപ്പ്, ഒടുവിൽ ഓസീസ് വീണു, സയ്യിം അയൂബ് ഷോയില്‍ പാകിസ്ഥാന് ഐതിഹാസിക ജയം
നീണ്ട 2650 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ടി20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് ഐതിഹാസിക വിജയം. ലാഹോറിൽ നടന്ന മത്സരത്തിൽ സയ്യിം അയൂബിന്റെ ഓൾറൗണ്ട് മികവിൽ 22 റൺസിനാണ് പാകിസ്ഥാൻ ജയിച്ചത്.

ഐതിഹാസിക വിജയം
ഓസ്‌ട്രേലിയക്കെതിരായ ടി20 ക്രിക്കറ്റിൽ പാകിസ്ഥാന് ഐതിഹാസിക വിജയം. നീണ്ട 2650 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് അന്താരാഷ്ട്ര ടി20യിൽ ഓസ്‌ട്രേലിയയെ പാകിസ്ഥാൻ പരാജയപ്പെടുത്തുന്നത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 22 റൺസിനാണ് ആതിഥേയർ കംഗാരുക്കളെ മുട്ടുകുത്തിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്ഥാൻ 1-0ന് മുന്നിലെത്തി.
ഹീറോ ആയി സയ്യിം അയൂബ്
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ സയ്യിം അയൂബാണ് പാകിസ്ഥാന്‍റെ വിജയശിൽപി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ നായകൻ സൽമാൻ അലി ആഗയും (39) അയൂബും (22 പന്തില്‍ 40) ചേർന്നുള്ള 74 റൺസിന്‍റെ കൂട്ടുകെട്ട് പാകിസ്ഥാനെ കരകയറ്റി.
വലിയ സ്കോര്‍ നേടാനാവാതെ ബാബര്‍
മുന്‍ നായകന്‍ ബാബര്‍ അസം(20 പന്തില്‍ 24) ഒരിക്കല്‍ കൂടി വലിയ സ്കോര്‍ നേടാനാവാതെ പുറത്തായ മത്സരത്തില്‍ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുക്കാമനെ പാകിസ്ഥാന് കഴിഞ്ഞുള്ളു. പതിനാല് ഓവറില്‍ 123-3 എന്ന മികച്ച നിലയിലാരുന്ന പാകിസ്ഥാന്‍ പിന്നീടുള്ള ആറോവറില്‍ 45 റണ്‍സ് മാത്രമാണ് നേടിയത്. ഓസീസിനായി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തി.
തകർന്നടിഞ്ഞ് ഓസീസ്
169 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ സയ്യിം അയൂബ് തുടക്കത്തിലേ ഞെട്ടിച്ചു. വെടിക്കെട്ട് ഓപ്പണറും ക്യാപ്റ്റനുമായ ട്രാവിസ് ഹെഡ്(13 പന്തില്‍ 23) ഉൾപ്പെടെയുള്ള മുൻനിരയെ വീഴ്ത്തി അയൂബ് പാകിസ്ഥാന് മുൻതൂക്കം നൽകി. മാറ്റ് റെൻഷോയും(15) കാമറൂൺ ഗ്രീനും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പാക് ഫീൽഡർമാരുടെ മികവിൽ റെൻഷോ റണ്ണൗട്ടായത് മത്സരത്തിൽ നിർണ്ണായകമായി.
പൊരുതിയത് ഗ്രീനും ബാര്‍ട്‌ലെറ്റും മാത്രം
31 പന്തില്‍ 36 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും പത്താമനായി ഇറങ്ങി 25 പന്തില്‍ 34 റണ്‍സെടുത്ത സേവിയര്‍ ബാര്‍ട്‌ലെറ്റും നടത്തിയ പോരാട്ടത്തിന് ഓസീസിന്‍റെ തോല്‍വിഭാരം കുറക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ ഓസ്‌ട്രേലിയക്കായുള്ളൂ. പാകിസ്ഥാനുവേണ്ടി സയ്യിം അയൂബും അബ്രാർ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
2017നുശേഷം ആദ്യം
2017-ലാണ് ഇതിനുമുമ്പ് പാകിസ്ഥാൻ ഓസ്‌ട്രേലിയയെ ഒരു ടി20 മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഇതിനിടെ കളിച്ച ഏഴ് മത്സരങ്ങളിലും പാകിസ്ഥാന്‍ ഓസീസിന് മുന്നില്‍ മുട്ടുകുത്തിയിരുന്നു. ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച ഈ വിജയം പാകിസ്ഥാൻ ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
പരമ്പരയിലെ രണ്ടാം മത്സരം നാളെ
മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ ലാഹോറില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ക്കും ലാഹോറാണ് വേദിയാവുന്നത്. ടി20 പരമ്പരക്ക് ശേഷം പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ കളിക്കാനായി ശ്രീലങ്കയിലേക്ക് പോകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

