ഐഫോണ്‍ 17 സീരീസില്‍ ആപ്പിള്‍ രഹസ്യമാക്കി വച്ച് അഞ്ച് വമ്പന്‍ ഫീച്ചറുകള്‍!

Published : Sep 12, 2025, 06:17 PM IST

ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളുള്ള പുത്തന്‍ സീരീസ് ആപ്പിള്‍ അവതരിപ്പിച്ചു. അനാച്‌ഛാദന ചടങ്ങില്‍ ആപ്പിള്‍ വിശദീകരിച്ചില്ലെങ്കിലും അമ്പരപ്പിക്കുന്ന അഞ്ച് ഐഫോണ്‍ 17 ഫീച്ചറുകള്‍ പരിചയപ്പെടാം. 

PREV
16
1. വേഗമാര്‍ന്ന ചാര്‍ജിംഗ്

പുത്തന്‍ ഡൈനാമിക് പവര്‍ അഡാപ്‌‌റ്ററാണ് ഐഫോണ്‍ 17 സീരീസിന്‍റെ പ്രത്യേകത. 46 വാട്‌സ് ശേഷി വരുന്ന ഈ ചാര്‍ജറിന് ഏകദേശം 3,444 രൂപ വിലയുണ്ട്. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ വെറും 20 മിനിറ്റ് കൊണ്ട് 50 ശതമാനം ചാര്‍ജ് എത്തിക്കാന്‍ ഈ ഫാസ്റ്റ് അഡാപ്റ്ററിനാകും. അതായത് ഐഫോണ്‍ 16 സീരീസിനേക്കാള്‍ 10 മിനിറ്റ് വേഗക്കൂടുതല്‍ ഈ ചാര്‍ജര്‍ നല്‍കുന്നു. ഐഫോണ്‍ 17, 25 വാട്‌സ് Qi2 വയര്‍ലെസ് ചാര്‍ജിംഗിനെയും പിന്തുണയ്‌ക്കുന്നു. അതേസമയം ഐഫോണ്‍ എയറിന് 20 വാട്‌സ് ചാര്‍ജിംഗ് സൗകര്യമേയുള്ളൂ.

26
2. സുരക്ഷാ ഫീച്ചറുകള്‍

ഐഫോണ്‍ ഉപഭോക്താക്കള്‍ എപ്പോഴും നേരിടുന്ന സുരക്ഷാ പ്രശ്‌നത്തിന് ഒരു പരിഹാരം പുത്തന്‍ ഐഫോണ്‍ 17 ലൈനപ്പിലുണ്ട്. ഐഫോണ്‍ 17ല്‍ മെമ്മറി ഇന്‍റഗ്രിറ്റി എന്‍ഫോഴ്‌സ്‌മെന്‍റ് ഫീച്ചര്‍ ഉള്‍പ്പെടുത്തി. ഏറ്റവും അത്യാധുനികമായ സ്‌പൈ‌വെയറുകളില്‍ നിന്നുള്ള ആക്രമണം പോലും ഇത് ചെറുക്കും. ഏതെങ്കിലുമൊരു സംശയാസ്‌പദമായ ആപ്ലിക്കേഷന്‍ ഐഫോണിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ഉടനടി ഈ സംവിധാനം ബ്ലോക്ക് ചെയ്യും. ഇത് നവീനമായ സ്‌പൈ‌വെയറുകളെ പോലും ഐഫോണിലേക്ക് കടക്കുന്നതില്‍ നിന്ന് തടയും

36
3. ഐഫോണ്‍ 17 പ്രോയില്‍ സ്ക്രീന്‍ ഫ്ലിക്കറിംഗ് ഒഴിവാക്കാം

ഏറ്റവും മുന്തിയ ഐഫോണ്‍ 17 പ്രോയിലാണ് ഈ ഫീച്ചര്‍ വരുന്നത്. ഐഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ചില ഉപഭോക്താക്കള്‍ക്കെങ്കിലും തലവേദനയും കണ്ണിന് ആയാസവും സൃഷ്‌ടിക്കുന്ന തരത്തില്‍ പൾസ് വിഡ്ത്ത് മോഡുലേഷൻ (PWM) പ്രശ്‌നമാകാറുണ്ട്. എന്നാല്‍ ഐഫോണ്‍ 17 പ്രോയില്‍ PWM ഡിസേബിള്‍ ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഭാവിയില്‍ മറ്റ് ഐഫോണ്‍ മോഡലുകളിലേക്കും ഈ ഫീച്ചര്‍ എത്തിയേക്കാം.

46
4. ഐഫോണ്‍ 17 പ്രോയ്‌ക്കും പ്രോ മാക്‌സിനും അലുമിനിയം ഫ്രെയിം

പതിവ് ടൈറ്റാനിയത്തിന് പകരം ഐഫോണ്‍ 17 പ്രോയിലും ഐഫോണ്‍ 17 പ്രോ മാക്‌സിലും ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത് അലുമിനിയം ഫ്രെയിമാണ്. എന്താണ് ഇതിന് കാരണമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഫോണ്‍ വേഗത്തില്‍ തണുക്കാന്‍ അലുമിനിയം ഫ്രെയിം സഹായിക്കും എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഇതിനൊപ്പം കൂളിംഗിനായി വേപ്പര്‍ ചേമ്പര്‍ സംവിധാനം ആപ്പിള്‍ കൊണ്ടുവന്നിരിക്കുന്നതും ഗുണകരമാണ്.

56
5. യുഎസ്‌ബി ഫയല്‍ ട്രാന്‍സ്‌ഫര്‍ സ്‌പീഡ്

ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ യുഎസ്‌ബി 3.0 ആണ് ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10ജിബിപിഎസ് വരെ വേഗം ഫയര്‍ ട്രാന്‍സ്‌ഫറുകള്‍ക്ക് കൊണ്ടുവരാന്‍ ഈ യുഎസ്‌ബിക്കാകും. എന്നാല്‍ ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിലും ഐഫോണ്‍ എയറിലും യുഎസ്‌ബി 2.0 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് പരമാവധി വേഗം 480 എംബിപിഎസ് ആയിരിക്കും. വലിയ ഫയല്‍ ട്രാന്‍സ്‌ഫര്‍ ആവശ്യമുള്ളവര്‍ക്ക് ഐഫോണ്‍ 17 പ്രോ മോഡലുകളാവും ഗുണകരമാവുക എന്ന് ചുരുക്കം.

66
കൂടുതല്‍ ഫീച്ചറുകള്‍ പിന്നാലെ

ഐഫോണ്‍ 17 സീരീസിലെ നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലെയും കൂടുതല്‍ ഫീച്ചറുകള്‍ വരും ദിവസങ്ങളില്‍ അറിയാം. എന്തായാലും ചാര്‍ജിംഗ് വേഗം വര്‍ധിപ്പിച്ചതും സുരക്ഷ കൂട്ടിയതും ഐഫോണ്‍ 17 മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് നേട്ടമാകും.

Read more Photos on
click me!

Recommended Stories