
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ, ബി-വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനക്ഷമത നിലനിർത്താനും നാഡീകോശങ്ങളെ സംരക്ഷിക്കാനും ഭാവിയിൽ നാഡീസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും വീക്കത്തിൽ നിന്നും തലച്ചോറിലെ ന്യൂറോണുകളെ സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. ഇത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
മുട്ടയിൽ പ്രോട്ടീനിനൊപ്പം കോളിനും അടങ്ങിയിട്ടുണ്ട്. ഓർമ്മ, പഠനം, തലച്ചോറിന്റെ മൊത്തത്തിലുള്ള ആശയവിനിമയം എന്നിവയിൽ ഉൾപ്പെടുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററായ അസറ്റൈൽകോളിന്റെ ഉത്പാദനത്തിന് കോളിൻ അത്യാവശ്യമാണ്.
കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഗ്രിൽ ചെയ്തോ ബേക്ക് ചെയ്തോ മത്സ്യങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ കരുത്ത് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും.
ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. അവ ആന്റിഓക്സിഡന്റുകളാണ്. അവ തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട കുറവിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. അവ ഓർമ്മശക്തി വർദ്ധിപ്പിക്കുക ചെയ്യുന്നു.
ഇലക്കറികളിൽ വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ, ബീറ്റാ-കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലച്ചോറിലെ കോശങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്. നാഡീകോശങ്ങളെ സംരക്ഷിക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പ്രായമാകുമ്പോഴുണ്ടാകുന്ന ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട പ്രവർത്തനക്ഷമതയിലെ കുറവിനെ മന്ദഗതിയിലാക്കാൻ ഇവയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും അൽഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട അമിലോയിഡ് പ്ലാക്കുകളുടെ അടിഞ്ഞുകൂടൽ കുറയ്ക്കുകയും ചെയ്യും. കറികളിലോ പാലിലോ ചായയിലോ മഞ്ഞൾ ചേർക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് എന്നിവയാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. ഈ ധാതുക്കളുടെ കുറവ് തലച്ചോറിന്റെ പ്രവർത്തനമാന്ദ്യം, ഓർമ്മശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. ദിവസവും ഒരു പിടി മത്തങ്ങ വിത്തുകൾ കഴിക്കുന്നത് ബ്രെയിനെ സംരക്ഷിക്കുന്നു.
ഗ്രീൻ ടീയിൽ എൽ- തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകൾ (കാറ്റെച്ചിനുകൾ) തലച്ചോറിനെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും പ്രായവുമായി ബന്ധപ്പെട്ട കുറവിൽ നിന്നും സംരക്ഷിക്കുന്നു. ദിവസം ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കും.
ആരോഗ്യകരമായ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവക്കാഡോ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുക ചെയ്യുന്നു. ബുദ്ധിശക്തിയും ചിന്താശേഷിയും കുറയുന്ന അവസ്ഥയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിൻ കെ-യും തലച്ചോറിന്റെ ഘടനയെ പിന്തുണയ്ക്കുകയും അതിനുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. വാർദ്ധക്യം, ഓർമ്മശക്തി കുറയൽ എന്നിവയുമായി ബന്ധപ്പെട്ട വീക്കം , ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam