
ഇന്ത്യയിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഫാറ്റി ലിവർ. കരളിനുള്ളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്. ചികിത്സിച്ചില്ലെങ്കിൽ ഇത് കരളിന് വീക്കം ഉണ്ടാകുന്നതിലേക്കോ ഒടുവിൽ കരൾ പ്രവർത്തനരഹിതമാകുന്നതിലേക്കോ നയിച്ചേക്കാം. ഫാറ്റി ലിവർ ഉള്ളവർക്ക് ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കഴിക്കേണ്ട ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്.
കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ വെളുത്തുള്ളി സഹായകമാണ്. പച്ച വെളുത്തുള്ളി കഴിക്കുന്നതോ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുകയോ ചെയ്യുന്നത് കരളിനെ സംരക്ഷിക്കാൻ സഹായിച്ചേക്കാം. വിറ്റാമിൻ ബി6, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങളും സെലിനിയം, കാൽസ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുള്ളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ സഹായിക്കുന്ന 'അലിസിൻ' (allicin) എന്ന ഘടകവും ഇതിൽ അടങ്ങിയിരിക്കുന്നു.
കരൾ എൻസൈമുകളുടെ അളവ് കുറയ്ക്കാനും കരൾ വീക്കം ലഘൂകരിക്കാനും കാപ്പി മികച്ചതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വീക്കം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, കഫീൻ തുടങ്ങിയ ശക്തമായ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഏകദേശം രണ്ട് മുതൽ മൂന്ന് കപ്പ് വരെ കാപ്പി കുടിക്കുന്നത് കരൾ ഫൈബ്രോസിസ്, സിറോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ കാറ്റെച്ചിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. അമിതമായ കൊഴുപ്പ് കുറയ്ക്കാൻ ഗ്രീന് ടീ ദിവസവും കുടിക്കാവുന്നതാണ്. ദിവസവും 1 മുതൽ 3 കപ്പ് വരെ ഗ്രീൻ ടീ കുടിക്കുന്നത് കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ സഹായിച്ചേക്കാം.
ഓട്സിൽ നാരുകളുടെ അളവ് കൂടുതലാണ്. ശരീരത്തിലെ കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന 'ലയിക്കുന്ന നാരുകൾ' ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളമടങ്ങിയ പോഷകസമൃദ്ധമായ ഒരു ലഘുഭക്ഷണമാണ് വാൾനട്ട്. ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ വാൽനട്ട്, കരൾ സംബന്ധമായ കൊഴുപ്പ് കുറയ്ക്കാനും വീക്കം (inflammation) തടയാനും കരൾ എൻസൈമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് അഞ്ചോ ആറോ തവണയെങ്കിലും വാൾനട്ട് കഴിക്കുന്നത് കരളിലെ കൊഴുപ്പ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
കരളിന്റെ ആരോഗ്യത്തിന് അവക്കാഡോ വളരെ മികച്ചതാണ്. കാരണം, ഹാനികരമായ വസ്തുക്കളെ നിർവീര്യമാക്കാൻ കരളിനെ സഹായിക്കുന്ന ഗ്ലൂട്ടത്തയോൺ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന വിറ്റാമിനുകളായ സി (C), ബി9 (B9), ഇ (E) എന്നിവയും കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കപ്പെടുന്ന ഒലീയിക് ആസിഡും ഇതിൽ ഉയർന്ന അളവിലുണ്ട്.
ബ്ലൂബെറി, സ്ട്രോബെറി, ക്രാൻബെറി, റാസ്ബെറി തുടങ്ങിയ ബെറികൾ ഓക്സിഡേറ്റീവ് സമ്മർദ്ദവും കരളിലെ കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു. ഇവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് വീക്കം കുറയ്ക്കുകയും കരൾ തകരാറിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒലീവ് ഓയിൽ. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇത് കരളിനുണ്ടാകുന്ന വീക്കം, കോശങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾ, കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവ കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ കരളിനെ കൂടുതൽ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam