
ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ ക്യാൻസർ സ്ഥിരീകരിച്ചു. തുടർന്ന് മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചൊവ്വാഴ്ച 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കാണ് 71 കാരനായ മാർപ്പാപ്പ വിധേയനായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീർണതകൾ ഒന്നുമില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി. ഒരാഴ്ചത്തെ പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചു. പതിവ് ആരോഗ്യ പരിശോധനക്കിടെയാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയത്.
ശ്വാസകോശ അർബുദത്തിന്റെ ഒരു വകഭേദമായ 'ലംഗ് അഡിനോകാർസിനോമ' (lung adenocarcinoma) ആണ് മാർപ്പാപ്പയെ ബാധിച്ചത്. ശ്വാസകോശ അർബുദ കേസുകളിൽ ഏകദേശം 40 ശതമാനവും വരുന്ന 'നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസർ' (NSCLC) വിഭാഗത്തിലെ ഏറ്റവും സാധാരണമായ ഉപവിഭാഗമാണ് ലംഗ് അഡിനോകാർസിനോമ.
ശ്വാസകോശത്തിൻ്റെ പുറംഭാഗങ്ങളിലോ അരികുകളിലോ ഉള്ള mucus ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി കോശങ്ങളിലാണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. ശ്വാസനാളങ്ങളുടെ ഉൾഭാഗത്തെ കോശങ്ങളിലോ mucus ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളിലോ ഉണ്ടാകുന്ന 'നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസർ' (non-small cell lung cancer) എന്ന വിഭാഗത്തിൽപ്പെട്ട ഒന്നാണ് 'ലംഗ് അഡിനോകാർസിനോമ' (lung adenocarcinoma) എന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് മെഡിക്കൽ ഓങ്കോളജിസ്റ്റായ ഡോ. ജിനേഷ് സിംഗ്വി വ്യക്തമാക്കി.
ശ്വാസകോശ അർബുദത്തിന്റെ സാധാരണയായി കണ്ടുവരുന്ന രൂപങ്ങളിൽ ഒന്നാണിത്. ട്യൂമറിന്റെ വലിപ്പം, സ്ഥാനം, സമീപത്തുള്ള ലിംഫ് നോഡുകളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ രോഗം പടർന്നിട്ടുണ്ടോ എന്നത്, ക്യാൻസർ കോശങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് രോഗനിർണയത്തിന്റെ ഗൗരവം തീരുമാനിക്കപ്പെടുന്നതെന്നും ഡോ. ജിനേഷ് പറയുന്നു.
വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം അല്ലെങ്കിൽ രക്തം കലർന്ന കഫം വരിക, ശ്വാസംമുട്ടൽ അല്ലെങ്കിൽ ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം (വീസിംഗ്), നെഞ്ച്, തോളെല്ല് അല്ലെങ്കിൽ പുറം ഭാഗം എന്നിവിടങ്ങളിലെ വേദന, കാരണം വ്യക്തമല്ലാത്ത ശരീരഭാരം കുറയലും അമിതമായ ക്ഷീണവും, ശബ്ദത്തിൽ ഉണ്ടാകുന്ന മാറ്റം (അടഞ്ഞ ശബ്ദം) എന്നിവയാണ് പ്രധാന ലക്ഷണം.
കഴുത്തിലോ കോളർബോണിന് (collarbone) മുകളിലോ ഉള്ള ലിംഫ് നോഡുകളിലേക്ക് ശ്വാസകോശ ക്യാൻസർ പടർന്നതിന്റെ (മെറ്റാസ്റ്റാസിസ്) ലക്ഷണമായി കഴുത്തിലെ മുഴ കാണപ്പെടാം. അല്ലെങ്കിൽ അണുബാധ, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, തലയിലോ കഴുത്തിലോ ഉണ്ടാകുന്ന മറ്റ് രോഗാവസ്ഥകൾ എന്നിങ്ങനെയുള്ള ക്യാൻസർ അല്ലാത്ത കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം.
മുതിർന്നവരിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള് നിസാരമായി കാണരുത്. പുകവലിക്കാത്ത മുതിർന്നവരിൽ ആരംഭിക്കുന്ന ശ്വാസതടസ്സം അല്ലെങ്കിൽ ആസ്ത്മ വഷളാകുന്നു. ഇതും ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam