പ്രകൃതി നമുക്ക് നൽകിയ അത്ഭുതങ്ങളിലൊന്നാണ് തേൻ. നിരവധി ആരോഗ്യ ഗുണങ്ങളുള്ള തേനിന് മറ്റ് പല രസകരമായ സവിശേഷതകളുമുണ്ട്. അതിലൊന്നാണ് തേനിന് എക്സ്പയറി ഡേറ്റ് ഇല്ല എന്നത്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് നോക്കാം.
തേനിനെ പലരും "പ്രകൃതിയുടെ അനശ്വര ഭക്ഷണം" എന്ന് വിശേഷിപ്പിക്കാറുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽ നിന്ന് കണ്ടെത്തിയ തേൻ ഇപ്പോഴും ഭക്ഷ്യയോഗ്യമാണെന്ന് ഗവേഷണങ്ങൾ പറയുന്നു. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയരും, തേൻ ഒരിക്കലും കേടാകില്ലേ? അതോ ഇതൊരു കെട്ടുകഥ മാത്രമാണോ? എന്നാൽ ഇത് സത്യമാണ്. തേനിന് എക്സ്പയറി ഡേറ്റ് ഇല്ല. ഇതിന് പിന്നിൽ വ്യക്തമായ ശാസ്ത്രമുണ്ട്.
25
തേനിൽ ജലാംശം വളരെ കുറവാണ്
തേനിൽ ജലാംശം 17 മുതൽ 18 ശതമാനം വരെ മാത്രമാണ്. ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയ്ക്ക് വളരാൻ ധാരാളം ജലം ആവശ്യമാണ്. തേനിൽ ജലാംശം വളരെ കുറവായതിനാൽ ഈ സൂക്ഷ്മാണുക്കൾക്ക് അതിജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് തേൻ ദീർഘകാലം കേടുകൂടാതെയിരിക്കുന്നത്.
35
തേനിന്റെ അമ്ലഗുണവും സംരക്ഷണം നൽകുന്നു
തേനിന്റെ പിഎച്ച് (pH) മൂല്യം 3.2-നും 4.5-നും ഇടയിലാണ്. അതായത്, ഇതിന് ചെറിയ തോതിൽ അമ്ല സ്വഭാവമുണ്ട്. ഈ അമ്ലഗുണം പലതരം ബാക്ടീരിയകളെ നശിപ്പിക്കാനോ അവയുടെ വളർച്ച തടയാനോ സഹായിക്കുന്നു. സ്വാഭാവികമായും ഇതൊരു സംരക്ഷണ കവചം പോലെ പ്രവർത്തിക്കുന്നു.
തേനീച്ചകൾ പൂക്കളിൽ നിന്ന് തേൻ ശേഖരിച്ച് മാറ്റുന്ന സമയത്ത് "ഗ്ലൂക്കോസ് ഓക്സിഡേസ്" എന്ന എൻസൈം അതിൽ ചേർക്കുന്നു. ഈ എൻസൈം കാരണം തേനിൽ പതുക്കെ ഹൈഡ്രജൻ പെറോക്സൈഡ് രൂപം കൊള്ളുന്നു. ഇത് തേനിന് ചെറിയ തോതിൽ ആന്റിബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ നൽകുന്നു.
55
പഞ്ചസാരയുടെ ഉയർന്ന അളവ് മറ്റൊരു രഹസ്യം
തേനിൽ സ്വാഭാവിക പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഈ പഞ്ചസാര ബാക്ടീരിയയുടെ കോശങ്ങളിലെ ജലാംശം പുറത്തേക്ക് വലിച്ചെടുക്കുന്നു. ഇതിനെ "ഓസ്മോസിസ്" എന്ന് പറയുന്നു. തൽഫലമായി, ബാക്ടീരിയകൾ വളരുന്നതിന് മുൻപ് തന്നെ നിർജ്ജലീകരണം സംഭവിച്ച് നശിച്ചുപോകുന്നു. വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്ന ശുദ്ധമായ തേൻ ആയിരക്കണക്കിന് വർഷങ്ങൾ കേടുകൂടാതെയിരിക്കും. കാലക്രമേണ തേൻ കട്ടിയാകുകയോ നിറം മാറുകയോ ചെയ്താൽ അത് കേടായി എന്ന് അർത്ഥമാക്കുന്നില്ല. ചെറുതായി ചൂടാക്കിയാൽ അത് പഴയ രൂപത്തിലേക്ക് മടങ്ങിവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam