
ഹോർമോൺ വ്യതിയാനങ്ങൾ, ജീവിതശൈലി, പ്രത്യുൽപാദന തകരാർ, മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ എന്നിവയുൾപ്പെടെ പല ഘടകങ്ങളും ഒരു സ്ത്രീയുടെ ആരോഗ്യത്തെ സ്വാധീനിച്ചേക്കാം. എന്നിരുന്നാലും, പല സ്ത്രീകളും രോഗലക്ഷണങ്ങളെ നിസ്സാരമായി കാണുകയോ ഡോക്ടറെ കാണുന്നത് മാറ്റിവയ്ക്കുകയോ ചെയ്യാറുണ്ട്. ഇതുമൂലം ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ അവഗണിക്കപ്പെടാൻ സാധ്യതയുണ്ട്.
സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ ആർത്തവ ക്രമക്കേടുകളും അണുബാധകളുമാണ്. ഇന്ത്യയിലെ സ്ത്രീകളിൽ 70 ശതമനവും ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ ഉള്ളവരാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ആർത്തവ ക്രമക്കേടുകൾ, പിസിഒഎസ്, ഫൈബ്രോയ്ഡുകൾ, എൻഡോമെട്രിയോസിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് തുടങ്ങിയവ ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും വന്നിട്ടുള്ളവരായിരിക്കും മിക്കവരും.
രോഗങ്ങളെപ്പറ്റിയുള്ള അവബോധം കുറവായതിനാൽ മിക്ക കേസുകളും രോഗനിർണയം സാധ്യമാകാതെയും ചികിത്സ തേടാതെയും അവഗണിക്കപ്പെടുന്നു. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് കൃത്യസമയത്ത് രോഗനിർണയം നടത്തുന്നതിനും മികച്ച രീതിയിൽ ചികിത്സിക്കുന്നതിനും സഹായിക്കും. സ്ത്രീകളിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായ രക്തസ്രാവം. ആർത്തവത്തിന് ഇടയിലുള്ള രക്തസ്രാവം, ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം അല്ലെങ്കിൽ സാധാരണ ആർത്തവ രീതിയിലുള്ള മാറ്റങ്ങൾ എന്നിവ സാധാരണമായ കാര്യങ്ങളല്ല. ഹോർമോൺ അസന്തുലിതാവസ്ഥ, ഫൈബ്രോയിഡുകൾ, അണുബാധകൾ അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ മൂലമാകാം ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നത്.
വിട്ടുമാറാത്ത പെൽവിക് വേദനയോ അസ്വസ്ഥതയോയാണ് മറ്റൊരു ലക്ഷണം. ആർത്തവസമയത്ത് ഇടയ്ക്കുണ്ടാകുന്ന വയറുവേദന സാധാരണമായിരിക്കാം. എന്നാൽ വിട്ടുമാറാത്ത പെൽവിക് വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന, അല്ലെങ്കിൽ അടിവയറ്റിൽ അകാരണമായ സമ്മർദ്ദം എന്നിവ എൻഡോമെട്രിയോസിസ്, അണ്ഡാശയത്തിലെ മുഴകൾ, പെൽവിക് അണുബാധകൾ അല്ലെങ്കിൽ മറ്റ് ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണമാകാം.
യോനീസ്രവത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്. നിറം, ഘടന, ഗന്ധം അല്ലെങ്കിൽ അളവ് എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ - പ്രത്യേകിച്ച് ചൊറിച്ചിൽ, നീറ്റൽ അല്ലെങ്കിൽ അസ്വസ്ഥത എന്നിവയോടൊപ്പമാണെങ്കിൽ - ചികിത്സ ആവശ്യമുള്ള ഏതെങ്കിലും അണുബാധയെയോ ശാരീരിക അസന്തുലിതാവസ്ഥയെയോ സൂചിപ്പിക്കുന്നതാകാം.
ക്രമരഹിതമായ ആർത്തവം, അമിതമായ ആർത്തവവേദന, അല്ലെങ്കിൽ ആർത്തവചക്രത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ എന്നിവ തൈറോയ്ഡ് പ്രശ്നങ്ങൾ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) തുടങ്ങിയ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല വരുന്നത്. അതും സ്ത്രീകൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലും വേദനയും ചിലപ്പോൾ ഗൈനക്കോളജിക്കൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരികയോ ആവർത്തിച്ചുള്ള മൂത്രനാളിയിലെ അണുബാധ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ഡോക്ടറെ കാണുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam