നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കേന്ദ്ര ബജറ്റ്, കേരളം പ്രതീക്ഷിക്കുന്നത് എന്തെല്ലാം, കാത്തിരിക്കുന്നത് സര്‍പ്രൈസുകളോ?

Published : Jan 26, 2026, 10:11 AM IST

2026 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഏറെ ഉറ്റുനോക്കുകയാണ് കേരളം. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കേന്ദ്ര ബജറ്റ് എന്ന നിലയില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

PREV
16
എയിംസ്

ഒരു പതിറ്റാണ്ടിലേറെയായെങ്കിലും കേരളം സ്വപ്‌നം കാണുന്ന കേന്ദ്ര പദ്ധതികളിലൊന്നാണ് എയിംസ്. എയിംസ് ഏത് ജില്ലയില്‍ വേണമെന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവം. കോഴിക്കോട് കിനാലൂരില്‍ ഏറ്റെടുത്ത ഭൂമിക്കപ്പുറം എയിംസ് എന്ന യാഥാര്‍ഥ്യം ഇപ്പോഴും സ്വപ്‌നമായി സംസ്ഥാനത്തിന് മുന്നില്‍ അവശേഷിക്കുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് പ്രഖ്യാപനമുണ്ടാകുമെന്ന് ഏവരും കരുതിയിരുന്നെങ്കിലും സംസ്ഥാനത്തിന്‍റെ കാത്തിരിപ്പ് നീളുകയായിരുന്നു.

26
ശബരി റെയില്‍ പദ്ധതി

അങ്കമാലി-എരുമേലി റെയിൽവേ ലൈൻ അഥവാ ശബരി റെയില്‍വേ ലൈന്‍ സംബന്ധിച്ചും 2026 കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷവയ്‌ക്കുന്നു. ശബരി റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകര്‍ക്ക് അത് ആശ്വാസമാകും. കോട്ടയത്തിന് പുറമെ ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കും ശബരി റെയില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ശബരി റെയില്‍പാത സംബന്ധിച്ച് ബജറ്റില്‍ പ്രത്യേക പ്രഖ്യാപനമുണ്ടായാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് വേഗംവെക്കൂ. 111 കിലോമീറ്ററാണ് എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ നിന്നാരംഭിച്ച് കോട്ടയം ജില്ലയിലെ എരുമേലിയില്‍ അവസാനിക്കുന്ന ശബരി റെയില്‍പാതയുടെ ദൈര്‍ഘ്യം.

36
വിഴിഞ്ഞത്ത് പ്രത്യേക പദ്ധതികള്‍

രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ വിഴിഞ്ഞം തുറമുഖവും കേന്ദ്ര ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ്. ലോക സമുദ്ര വ്യാപര ശൃംഖലയില്‍ വലിയ സ്ഥാനം ലഭിക്കുമെന്ന് കരുതപ്പെടുന്ന വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ കേരളം പ്രതീക്ഷിക്കുന്നു. വിഴിഞ്ഞത്തെ ചരക്കുനീക്കം സുഗമമാക്കുന്നതും കൂടുതല്‍ രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കുന്നതിനും വഴിവെക്കുന്ന പദ്ധതികള്‍ വിഴിഞ്ഞത്തിന് ലഭിച്ചാല്‍ അത് ഗുണം ചെയ്യും. ബര്‍ത്ത് 800 മീറ്ററില്‍ നിന്ന് 2000 മീറ്ററായി വര്‍ധിപ്പിക്കുന്നതും, തുറമുഖത്തിന്‍റെ ശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിയുഇ ആക്കി ഉയര്‍ത്തുന്നത് വരെയുള്ള വികസനങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിഴിഞ്ഞം തുറമുഖത്ത് ലക്ഷ്യമിടുന്നത്.

46
റബ്ബറിന്‍റെ താങ്ങുവില വര്‍ധനവ്

റബ്ബറിന്‍റെ താങ്ങുവില വര്‍ധിപ്പിക്കണം എന്ന ആവശ്യം കേരളത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവമാണ്. റബ്ബര്‍ കൃഷ‌ിയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കര്‍ഷകരുള്ള മലയോര മേഖലകളില്‍ റബ്ബറിന്‍റെ താങ്ങുവില വര്‍ധനവ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വലിയ ചര്‍ച്ചാ വിഷയമാണ്. നിലവില്‍ 200 രൂപയാണ് സംസ്ഥാനത്ത് റബ്ബറിന്‍റെ താങ്ങുവില. കേന്ദ്ര ബജറ്റില്‍ മാത്രമല്ല, റബ്ബറിന്‍റെ താങ്ങുവില സംബന്ധിച്ച് പ്രഖ്യാപനം സംസ്ഥാന ബജറ്റിലുമുണ്ടാകുമോ എന്ന ആകാംക്ഷയും റബ്ബര്‍ കര്‍ഷകര്‍ക്കുണ്ട്.

56
പ്രത്യേക സാമ്പത്തിക പാക്കേജ്

പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്ന മറ്റൊരു പ്രഖ്യാപനം. കേന്ദ്രം പലപ്പോഴായി വെട്ടിക്കുറച്ച 21000 കോടി രൂപ പ്രത്യേക പാക്കേജ് ആയി അനുവദിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. സാമ്പത്തിക പിരിമുറുക്കത്തില്‍ നിന്ന് കരകയറാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കും ഈ നീക്കം. തെരഞ്ഞെടുപ്പ് ഗോദയില്‍ കേരളത്തിലെ നില മെച്ചപ്പെടുത്താന്‍ ബിജെപി പദ്ധതിയിടുന്നു എന്നതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കേന്ദ്ര ബജറ്റ് എന്ന നിലയില്‍ സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല.

66
തെരഞ്ഞെടുപ്പ് സ്വാധീനം

ദില്ലി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അവതരിപ്പിച്ച 2025ലെ ബജറ്റിലായിരുന്നു ആദായനികുതി ഇളവ് ഉള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങള്‍ കേന്ദ്രം പ്രഖ്യാപിച്ചത്. ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് നിരവധി പദ്ധതികള്‍ ആ ബജറ്റില്‍ നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ദില്ലിയില്‍ ഭരണം പിടിച്ചെടുക്കാനും ബിഹാറില്‍ ഭരണത്തുടര്‍ച്ചയ്‌ക്കും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക് ഈ പ്രഖ്യാപനങ്ങള്‍ സഹായകമായി. അതിനാല്‍തന്നെ, 2026 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിന് സര്‍പ്രൈസുകളുണ്ടാകുമോ എന്ന് അധികം വൈകാതെ അറിയാം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories