ബിജെപിയുടെ 15 വര്‍ഷത്തെ കുത്തക തകര്‍ന്നു; ദില്ലി തൂത്തുവാരി ആപ്പ്

First Published Dec 7, 2022, 4:03 PM IST


ദില്ലി സംസ്ഥാനത്തിനൊപ്പം ഇനി ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും (എംസിഡി) ആപ്പ് ഭരിക്കും. 15 വര്‍ഷമായി ബിജെപി അടക്കി ഭരിച്ചിരുന്ന ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റും തൂത്തുവാരിയ ആം ആദ്മി കേവലഭൂരിപക്ഷം നേടി. ബി.ജെ.പിയുടെ 103 സീറ്റുകളിൽ വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിന് വെറും ആറ് വാർഡുകളിൽ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം സ്വന്തമാക്കിയതെന്നത് അവരുടെ വിജയത്തിന് ഇരട്ടി മധുരം നല്‍കുന്നു. ദില്ലിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ ആഘോഷ ചിത്രങ്ങള്‍ ദില്ലി ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറമാന്‍ അനന്ദുപ്രഭ. 
 

മുനിസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടിയതോടെ രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം ആപ്പ് നിലനിറുത്തി. കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങളെ ശക്തമായി ചെറുത്താണ് അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ മിന്നുന്ന വിജയം ആപ്പ് സ്വന്തമാക്കിയത്. 

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെ ആം ആദ്മി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി. പതിനഞ്ച് വർഷത്തെ ദുർഭരണത്തിൽ നിന്ന് ദില്ലി നഗരസഭ മോചിതമായെന്ന് എഎപി എംഎൽഎ ദിലീപ് പാഢ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കഴിഞ്ഞു. ഇത് ജനങ്ങളുടെ വിജയമാണെന്നും ദില്ലി മുനിസിപ്പൽ കോർപറേഷനില്‍ എ എ പി തന്നെ ഭരിക്കുമെന്നും ദിലീപ് പാഢ്യ കൂട്ടിച്ചേര്‍ത്തു. 

ദില്ലിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നക്കിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ബിജെപിയെ അട്ടിമറിക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞു. 

15 വർഷമായി മുനിസിപ്പൽ കോർപ്പറേഷനുകൾ ഭരിക്കുന്ന ബിജെപി 2017 ലെ തെരഞ്ഞെടുപ്പിൽ 181 വാർഡുകളിൽ വിജയം നേടിയിരുന്നു. ഒന്നരക്കോടിയോളം വോട്ടർമാരുള്ള ദില്ലിയിൽ 50 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.

171 വരെ സീറ്റ് നേടി ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫല പ്രഖ്യാപനമെങ്കിലും 132 സീറ്റുകളില്‍ വിജയം നേടാന്‍ ആപ്പിനായി.   

42.05 ശതമാനം വോട്ട് നേടിയാണ് ആം ആദ്മി പാർട്ടിയുടെ വിജയം. ബിജെപി 39.09 ശതമാനം വോട്ട് നേടിയപ്പോള്‍ 11.68 ശതമാനം മാത്രമാണ് കോൺഗ്രസിന് നേടാന്‍ കഴിഞ്ഞത്. ഈ പരാജയത്തോടെ രാഷ്ട്ര തലസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ നില ഒന്നുകൂടി പരുങ്ങലിലായി. 

ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാമത്തെ വര്‍ഷമാണ് ദില്ലി നിയമ സഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് പൂര്‍ണ്ണമായും ആപ്പ് കൈക്കലാക്കി. 

നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ മിന്നും വിജയം അരവിന്ദ് കെജ്രിവാളിന്‍റെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്കും. കെജ്രിവാളിന്‍റെ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്രസർക്കാരിന് കീഴിലാക്കിയത് അതിനാലാണെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍. 

സംസ്ഥാനത്തെ എഎപി മന്ത്രിമാര്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അധികരമുപയോഗിച്ച് നടത്തിയ നീക്കങ്ങളെയെല്ലാം മറികടന്നാണ് എഎപി വിജയം സ്വന്തമാക്കിയത്. ഇനി ഗുജറാത്ത തെരഞ്ഞെടുപ്പിലും സാന്നിധ്യമുറപ്പിക്കാന്‍ കഴിഞ്ഞാല്‍ വരും കാലത്ത് ബിജെപിയുടെ പ്രധാന എതിരാളിയായി എഎപി വളരാനുള്ള സാധ്യതയും ചെറുതല്ല. 

click me!