കര്‍ഷക സമരം; അര്‍ദ്ധരാത്രിയില്‍ സമരവീഥി ഒഴിപ്പിക്കാന്‍ ദില്ലി പൊലീസ്

First Published Jan 28, 2021, 11:36 AM IST


റിപ്പബ്ലിക് ദിനത്തില്‍ പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ചെങ്കോട്ടയിലെത്തിയ കര്‍ഷകര്‍ സിഖ് മതത്തിന്‍റെ പതാകയായ 'നിഷാൻ സാഹിബ്' ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കര്‍ഷക സമരത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 63 ദിവസമായി കൊടുംതണുപ്പിലും മഴയത്തും സമരം ചെയ്ത കര്‍ഷകരെ സംഘര്‍ഷത്തിന്‍റെ പേരില്‍ സമരവീഥിയില്‍ നിന്ന് ഒഴിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് ശ്രമിക്കുന്നതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. സംഘര്‍ഷം കര്‍ഷകരെ ഒഴിപ്പിക്കാനുള്ള ആയുധമാക്കുകയാണെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചു. അതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുതിയ 25 കേസുകള്‍ കൂടി ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തു. 35 കര്‍ഷക നേതാക്കള്‍ക്കെതിരെ കലാപത്തിന് പ്രേയരിപ്പിച്ച കുറ്റം ചുമത്തി. യോഗേന്ദ്രയാദവ്, മേധാപട്കര്‍ എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ഷകരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തുപ്രഭ. 

ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയെത്തിയ പൊലീസ് സമരസ്ഥലത്തെ ലൈറ്റുകളെല്ലാം ഓഫ് ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അര്‍ദ്ധരാത്രിയില്‍ സമരസ്ഥലത്ത് ക്യാമ്പ് ചെയ്തു. കനത്ത പൊലീസ് സേനയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇത് പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കുന്നുവെന്ന സംശയം ശക്തമാക്കി
undefined
രാത്രിയോടെ കൂടുതല്‍ സായുധ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിചേര്‍ന്നു. നിരവധി ജലപീരങ്കികളും സമരസ്ഥലത്തേക്ക് രാത്രിതന്നെ പൊലീസ് എത്തിച്ചത് കര്‍ഷകരില്‍ പൊലീസ് നടപടിയുടെ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് സ്ഥലത്തെ തെരുവ് വിളക്കുകളെല്ലാം പൊലീസ് അണച്ചു. (കൂടുതല്‍ വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കുമായി Read More- ല്‍ ക്ലിക്ക് ചെയ്യുക.)
undefined
അതിന് ശേഷം ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത പൊലീസ് സംഘം ഗാസിപ്പൂരിലെ കര്‍ഷക നേതാക്കളെ കാണുകയും രണ്ട് ദിവസത്തിനുള്ള സ്ഥലം ഒഴിയണമെന്ന് വാക്കാല്‍ ആവശ്യപ്പെട്ടതായും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി മുഴുവനും ഗാസിപ്പൂരിലുണ്ടായിരുന്ന പൊലീസ് സാന്നിധ്യം കര്‍ഷകരില്‍ അര്‍ദ്ധരാത്രിതന്നെ പൊലീസ് നടപടിയുണ്ടാകുമെന്ന ഭയം ജനിപ്പിച്ചു.
undefined
സംഭവം അറിഞ്ഞ് ഇടത് എംപിമാര്‍ സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെ ഒരു മണിയോടെ പൊലീസ് പിരിഞ്ഞ് പോവുകയായിരുന്നു. ഗാസിപ്പൂരിലെ സമരപന്തല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഒഴിയണമെന്ന് ദില്ലി പൊലീസ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നു. എന്നാല്‍, പൊലീസും ജില്ലാ മജിസ്ട്രേറ്റും ഇത് സ്ഥിരീകരിച്ചിട്ടില്ല.
undefined
സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെ കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും ശക്തമായ പൊലീസ് സാന്നിധ്യം ഇന്നലെ രാത്രി മുഴുവനും ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സമരസ്ഥലങ്ങളിലെല്ലാം തന്നെ സായുധ പൊലീസ് സംഘത്തെയും അര്‍ദ്ധ സൈനീക വിഭാഗങ്ങളെയും കൂടുതലായി നിയോഗിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍.
undefined
സിംഗു അതിര്‍ത്തിയിലും സമാനമായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലെത്തിയ വന്‍ പൊലീസ് സന്നാഹം സിംഗുവില്‍ രാവിലെ പരിശീലനത്തിലേര്‍പ്പെടുന്നതിന്‍റെ വീഡിയോകള്‍ കര്‍ഷകര്‍ പങ്കുവച്ചു. ഗാസിപ്പൂരിലും സിംഗുവിലുമുള്ള ഈ വലിയ പൊലീസ് സാന്നിധ്യം എന്തിനാണെന്ന് കര്‍ഷക നേതാക്കള്‍ ചോദിക്കുന്നു.
undefined
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ ദില്ലിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദില്ലി അതിര്‍ത്തികളില്‍ പൊലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
undefined
ഇന്നലെ മാത്രം 25 കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ മാത്രം പുതുതായി 25 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രമുഖ കര്‍ഷക സംഘടനകളിലെ 35 നേതാക്കള്‍ക്കെതിരെയാണ് പ്രധാനമായും എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 394 പൊലീസുകാർക്കാണ് കർഷകരുടെ ആക്രമണത്തിൽ പരിക്കേറ്റത്. ക്രൈം ബ്രാഞ്ചും, ജില്ലാ പൊലീസ് മേധാവികളും ചേർന്ന് കലാപത്തിലെ കേസുകളിൽ അന്വേഷണം നടത്തും.
undefined
റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർഷക നേതാവിന് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നൽകി. സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് ആവശ്യപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള ക്രാന്തികാരി കിസാൻ മോർച്ച എന്ന കർഷക സംഘടനയുടെ അധ്യക്ഷനാണ് ദർശൻ പാൽ. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം.
undefined
യോഗേന്ദ്ര യാദവ്, മേധാപട്കര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസുകളെടുത്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യം.
undefined
ദർശൻ പാൽ, രാജേന്ദ്രർ സിങ്ങ്, ബൽബിർ സിങ്ങ് രാജ്വൽ, ഭൂട്ടാ സിങ്, ജോഗീന്ദ്രർ സിങ്ങ് എന്നീ നേതാക്കളെയെല്ലാം വിവിധ കേസുകളിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. കർഷക സംഘടനകളുടെ നേതാക്കളായ സനാതൻ സിംഗ് പന്നു, ദർശൻ പാൽ എന്നിവർ റാലിക്ക് മുന്നോടിയായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പൊലീസിന്‍റെ ആരോപണം.
undefined
മറ്റൊരു കർഷക നേതാവായ രാകേഷ് ടിക്കായത്തിന്‍റെ നേതൃത്വത്തിൽ ഗാസിപ്പൂരിൽ പൊലീസ് ബാരിക്കേഡുകൾ തകർത്തെന്നും പൊലീസ് ആരോപിച്ചു. ട്രാക്ട‍ർ റാലിയിലെ സംഘർഷത്തിൽ കടുത്ത നടപടികളാണ് ഇതിനോടകം ദില്ലി പൊലീസ് സ്വീകരിച്ചത്.
undefined
സംഘർഷവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതായും 23 കേസുകൾ രജിസ്റ്റർ ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. ഐടിഒയിലെ സംഘർഷത്തിൽ മരിച്ച കർഷകൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിനുള്ളിലും അതിർത്തിയിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.
undefined
പഞ്ചാബിൽ നിന്നുള്ള ക്രാന്തികാരി കിസാൻ മോർച്ച എന്ന കർഷക സംഘടനയുടെ അധ്യക്ഷനാണ് ദർശൻ പാൽ. കലാപത്തിന് പ്രയരിപ്പിച്ചു എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത് അതോടൊപ്പം രാജ്യദ്രോഹകുറ്റവും ചുമത്താന്‍ കഴിയുമോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
undefined
റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ദില്ലിയിൽ നടത്തിയ മാർച്ചിനിടെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് ദില്ലി പൊലീസ് കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവ പറഞ്ഞു. റാലിയുടെ മുൻനിരയിലേക്ക് ഭീകരവാദ ശക്തികൾ നുഴഞ്ഞു കയറാനും അക്രമം അഴിച്ചുവിടാനും കർഷക സംഘടനകളും നേതാക്കളും അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
undefined
ദില്ലി പൊലീസ് കമ്മീഷണറുടെ വാക്കുകൾ: ട്രാക്ടർ പരേഡ് നടത്തണമെന്ന കർഷകരുടെ ആവശ്യവുമായി ബന്ധപ്പെട്ട് നിരവധി തവണ അവരുമായി ചർച്ച നടത്തിയിരുന്നു. സമാധനപരമായി റാലി നടത്തും എന്ന ഒറ്റ ഉറപ്പിലാണ് അതിർത്തിയിൽ തമ്പടിച്ച കർഷകരെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. സമാധാനപരമായി റാലി നടത്താമെന്നും പൊലീസ് മുന്നോട്ട് വച്ച എല്ലാ നിബന്ധനകളും പാലിക്കാമെന്നും കർഷകനേതാക്കൾ പൊലീസിന് ഉറപ്പ് നൽകിയിരുന്നെന്നും എസ്.എൻ.ശ്രീവാസ്തവ പറഞ്ഞു.
undefined
ചില കര്‍ഷക സംഘടനാ നേതാക്കളെ ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചെങ്കോട്ടയിലെ അക്രണത്തിന് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.
undefined
ദീപ് സിദ്ദുവും അയാളുടെ കൂട്ടാളിയും മുന്‍ ഗുണ്ടാ നേതാവുമായിരുന്ന ലാഖ സിദ്ധാനയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ഇരുവരെയും ചെങ്കോട്ടയില്‍ അക്രമണം നടത്തിയെന്ന കേസിലാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, ഇന്നലെ രാത്രി പുറത്ത് വിട്ട വീഡിയോയില്‍ താന്‍ മാത്രമല്ല കുറ്റക്കാരനെന്നും ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യുകയെന്നത് തന്‍റെ മാത്രം തീരുമാനമായിരുന്നില്ലെന്നും ദീപ് സിദ്ദു അവകാശപ്പെട്ടു.
undefined
താന്‍ കുറ്റക്കാരനാണെങ്കില്‍ സമരമുഖത്തെ മുഴുവന്‍ കര്‍ഷകരും കുറ്റക്കാരാണെന്നും ഇയാള്‍ അജ്ഞാത കേന്ദ്രത്തിലിരുന്ന് അവകാശപ്പെട്ടു. എന്നാല്‍ ചെക്കോട്ടയിലെ അക്രമം അറിഞ്ഞത് മുതല്‍ കര്‍ഷക നേതാക്കള്‍ ഇയാളെ തള്ളിപ്പറഞ്ഞിരുന്നു.
undefined
ദീപ് സിദ്ദുവിന് ബന്ധം മോദിയും അമിത് ഷായുമായുമാണെന്നും ഇയാള്‍ ഖലിസ്ഥാന്‍ വാദമുയര്‍ത്തി നേരത്തെതന്നെ കര്‍ഷക സമരത്തിനിടെയില്‍ പ്രസംഗിച്ചിരുന്നെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത്തരമൊരു ആശയവുമായി വന്ന സിദ്ദുവിനെ കര്‍ഷക സംഘടനാ യോഗങ്ങളിലേക്കോ നേതൃത്വത്തിലേക്കോ കര്‍ഷക സംഘടനാ നേതാക്കള്‍ അടുപ്പിച്ചിരുന്നില്ല.
undefined
എന്നാല്‍ വാക്കിടോക്കിയടക്കമുള്ള ആധുനീക സംവിധാനങ്ങളുമായി സമരസ്ഥലത്തെത്തിയ ഇയാള്‍ കര്‍ഷകരെ കലാപത്തിന് പ്രയരിപ്പിക്കുകയായിരുന്നെന്നും റിപ്പബ്ലിക് ദിനത്തില്‍ നടന്ന് സംഘര്‍ഷത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ദീപ് സിദ്ദുവിന് മാത്രമാണെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിച്ചു.
undefined
ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു, ലാഖ സിദ്ധാന തുടങ്ങിയവര്‍ തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു.
undefined
ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതില്‍ അന്വേഷണം നടത്തണമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. ദീപ് സിദ്ദുവിനെയും പ്രതിയാക്കിയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചെങ്കോട്ട് അക്രമണത്തെ തുടര്‍ന്ന് രാജ്രദ്രോഹകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ദില്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
undefined
ഇതിനിടെ ബജറ്റ് അവതരണ വേളയില്‍ പാര്‍ലമെന്‍റ്ലേക്ക് നടത്താനിരുന്ന മാര്‍ച്ച് താത്കാലികമായി മരവിപ്പിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. പകരം ജനുവരി 30 ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഉപവാസമിരിക്കാന്‍ കര്‍ഷക സംഘടനാ നേതാക്കള്‍ തീരുമാനിച്ചു.
undefined
ഫെബ്രുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പാര്‍ലമെന്‍റ് മാര്‍ച്ച് മാറ്റിവച്ചിരിക്കുന്നെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. അതിനിടെ കര്‍ഷക സംഘടനകളുമായി ഇനി ചര്‍ച്ച വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഭേദഗതികള്‍ ഉപാധികളില്ലാതെ അംഗീകരിച്ചാല്‍ മാത്രം ഇനി കര്‍ഷകരുമായി ചര്‍ച്ചയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
undefined
നാളെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുക. ആദ്യം ലോക്സഭയും പിന്നീട് രാജ്യസഭയും സമ്മേളിക്കും. ഒന്നാം തിയതിയാണ് ബജറ്റവതരണം നടക്കുക. സംഘര്‍ഷത്തെ തുടര്‍ന്ന് ബജറ്റവതരണ വേളയില്‍ പാര്‍ലമെന്‍റിലേക്ക് നടത്താനിരുന്ന മാര്‍ച്ച് മാറ്റിവച്ചതായും നേതാക്കള്‍ പറഞ്ഞു.
undefined
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഭവങ്ങളില്‍ ആദ്യമായി പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. സംഭവത്തെ അപലപിക്കാന്‍ കഴിയില്ലെന്നും ആക്രമണത്തിന് പിന്നിലുള്ള എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയെ അപമാനിച്ചതില്‍ രാജ്യം പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
undefined
പ്രക്ഷോഭകര്‍ ചെങ്കോട്ടയില്‍ കയറി സിഖ് മതത്തിന്‍റെ കൊടി നാട്ടിയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ഷക സമരത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മന്ത്രി കുറ്റപ്പെടുത്തി. ആക്രമണ സംഭവങ്ങള്‍ക്ക് പ്രേരണയായത് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളായിരുന്നെന്നും കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നില്ലെങ്കിലും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
undefined
എന്നാല്‍, കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ അസന്നിഗ്ദമായി അറിയിച്ചു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തിന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. അതേ സമയം ഇന്നലെ നടന്ന അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിൽ കർഷകസംഘടനകളുടെ പാർലമെൻറ് ഉപരോധം മാറ്റിവക്കാനും തീരുമാനമായി.
undefined
റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കർഷക സമരത്തിൽ നിന്നും രണ്ട് സംഘടനകള്‍ പിന്മാറി. സമരത്തിന്‍റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്‍റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയും പിന്മാറിയത്.
undefined
റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടന്നത് തെമ്മാടിത്തമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോർച്ച അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ ഇരു സംഘടന നേതാക്കളും നേരത്തെ മുതല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.
undefined
ഇതിനിടെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാന നിയമസഭയിലെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ എംഎല്‍എ അഭയ് സിംഗ് ചൗട്ടാല സ്ഥാനം രാജിവെച്ചു. നേരത്തെ എഴുതി നല്‍കിയ രാജി സ്പീക്കര്‍ ഗ്യാന്‍ ചന്ദ് അംഗീകരിക്കുകയായിരുന്നു. ഹരിയാന നിയമസഭയിലെ ഏക ഐഎന്‍എല്‍ഡി എംഎല്‍എ ആണ് അഭയ് ചൗട്ടാല. മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ചൗട്ടാലയുടെ മകനാണ് അഭയ് സിംഗ് ചൗട്ടാല. ജനാധിപത്യ വിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് നിയമം പാസാക്കിയെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.
undefined
റിപ്പബ്ലിക് ദിനത്തിലുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രസ‍ർക്കാരിനാണെന്ന് ആം ആദ്മി പാ‍ർട്ടി കുറ്റപ്പെടുത്തി. ക‍ർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും സംഘർഷത്തിൽ നേരിട്ട് പങ്കെടുത്ത ദീപ് സിന്ധുവിന് ബിജെപി ബന്ധമുണ്ടെന്നും ആം ആദ്മി ആരോപിച്ചു. അതേസമയം ക‍ർഷക സമരത്തിനിടെയുണ്ടായ സംഘ‍ർഷത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.
undefined
രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിൽ അമിത് ഷാ പരാജയപ്പെട്ടെന്നും ചെങ്കോട്ടയിൽ സമരക്കാ‍ർ കയറിയപ്പോൾ പൊലീസ് നോക്കി നിന്നുവെന്നും കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജെവാല കുറ്റപ്പെടുത്തി. കർഷകരുടെ സമരം സമാധാനപരമായിരുന്നു. സമരം എങ്ങനെ അക്രമാസക്തമായി എന്നു പരിശോധിക്കണം. സമരക്കാരരെ മാറ്റാൻ സർക്കാർ ഗൂഢാലോചന നടത്തി. കർഷകർകർക്ക് നേരെ ലാത്തി ചാർജ് നടത്തി, കണ്ണീർവാതകം പ്രയോഗിച്ചു.
undefined
ചെങ്കോട്ടയിലെ സംഭവങ്ങളിൽ ഗുരുതര സുരക്ഷ വീഴ്ചയാണ് സംഭവിച്ചത്. അമിത് ഷായും ഇൻറലിജൻസും ഉറങ്ങുകയായിരുന്നോവെന്നും ഒരു ദിവസം പോലും കേന്ദ്ര ആഭ്യന്തര മന്ത്രിയായി തുടരാൻ അമിത് ഷായ്ക്ക് അർഹതയില്ലെന്നും രൺദീപ് സു‍ർജെവാല പറഞ്ഞു. കർഷകരെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പങ്കുണ്ടെന്നും കർഷകരെ അക്രമകാരികളായി ചിത്രീകരിച്ച് സമരം പൊളിക്കുകയായിരുന്നു പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.
undefined
undefined
click me!