ഇറാനെതിരെ ഇസ്രയേൽ-യുഎസ് സഖ്യം നടത്തുന്ന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ബങ്കറുകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ബങ്കറുകളുള്ള രാജ്യം ഏതാണെന്നും അതിൻ്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും നോക്കാം.
സ്വിറ്റ്സർലൻഡ് എന്ന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിലേക്ക് വരുന്നത് മനോഹരമായ പർവതങ്ങളും ശാന്തമായ നഗരങ്ങളുമൊക്കെയാണ്. എന്നാൽ ഈ രാജ്യത്തിന് ആരും ശ്രദ്ധിക്കാത്ത മറ്റൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ മിക്ക വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെയെല്ലാം താഴെ വലിയ ആണവ പ്രതിരോധ ബങ്കറുകൾ നിർമ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ആണവ ബങ്കറുകളുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ്. ഏതെങ്കിലും ഒരു യുദ്ധത്തെ പേടിച്ച് പെട്ടെന്നുണ്ടാക്കിയതല്ല ഈ സംവിധാനം. പതിറ്റാണ്ടുകളായി തുടരുന്ന സുരക്ഷാ പദ്ധതികളുടെയും നിയമങ്ങളുടെയും ഫലമായാണ് ഈ ബങ്കർ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ശൃംഖല രൂപപ്പെട്ടത്. ഇന്നും ഈ രാജ്യത്തെ ജനങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ എത്താൻ കഴിയുന്ന ദൂരത്തിൽ ഒരു ആണവ പ്രതിരോധ അഭയകേന്ദ്രം ഉറപ്പാണ്.
25
ബങ്കർ നിർമ്മാണത്തിന് പിന്നിലെ കാരണം?
1950-60 കാലഘട്ടത്തിൽ ലോകത്ത് വലിയ സംഘർഷങ്ങൾ നിലനിന്നിരുന്നു. സ്വിറ്റ്സർലൻഡ് ഒരു നിഷ്പക്ഷ രാജ്യമായിരുന്നെങ്കിലും, യൂറോപ്പിന്റെ മധ്യത്തിലായതിനാൽ ഒരു യുദ്ധമുണ്ടായാൽ അത് തങ്ങളെയും ബാധിക്കുമെന്ന് ഭരണാധികാരികൾ ഭയന്നു. ഇതേസമയം, ആണവ പരീക്ഷണങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ജനങ്ങളിലും വലിയ ആശങ്കയുണ്ടാക്കി. ഇതോടെ സർക്കാർ ഒരു തീരുമാനമെടുത്തു. യുദ്ധം പൂർണ്ണമായി തടയാൻ കഴിഞ്ഞില്ലെങ്കിലും, ജനങ്ങളെ രക്ഷിക്കാൻ ശക്തമായ ആണവ അഭയകേന്ദ്രങ്ങൾ വേണമെന്ന് അവർ ഉറപ്പിച്ചു. അങ്ങനെയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ രാജ്യവ്യാപകമായി ബങ്കറുകളുടെ നിർമ്മാണം തുടങ്ങിയത്. 1963-ൽ സ്വിസ് സർക്കാർ ഒരു നിയമം പാസാക്കി. ഇതനുസരിച്ച് ഓരോ പൗരനും ഒരു ആണവ അഭയകേന്ദ്രം നിർബന്ധമാക്കി. പുതിയ വീട് പണിയുമ്പോൾ ബങ്കർ നിർമ്മിക്കണം, അല്ലെങ്കിൽ അടുത്തുള്ള പൊതു ബങ്കറിൽ ഇടം ഉറപ്പാക്കണം. സ്വന്തമായി ബങ്കർ നിർമ്മിക്കാൻ കഴിയാത്തവർ സർക്കാരിലേക്ക് ഒരു പ്രത്യേക ഫണ്ട് അടയ്ക്കണം. ഈ പണം ഉപയോഗിച്ച് സർക്കാർ പൊതു ബങ്കറുകൾ നിർമ്മിക്കും എന്നാണ് ചട്ടം.
35
സ്വിറ്റ്സർലൻഡിൽ എത്ര ബങ്കറുകളുണ്ട്?
ഇന്ന് സ്വിറ്റ്സർലൻഡിൽ ഏകദേശം 90 ലക്ഷം ആളുകൾക്ക് താമസിക്കാൻ സൗകര്യമുള്ള ബങ്കറുകളുണ്ട്. രാജ്യത്തെ ജനസംഖ്യ ഏകദേശം 88 ലക്ഷം മാത്രമാണ്. അതായത്, രാജ്യത്തെ ഓരോ വ്യക്തിക്കും താമസിക്കാൻ ബങ്കറിൽ ഒരിടമുണ്ട്. ഈ ബങ്കറുകൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്. സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ താഴെയുള്ള വലിയ പൊതു ബങ്കറുകളും വീടുകൾക്ക് താഴെയുള്ള ചെറിയ സ്വകാര്യ ബങ്കറുകളും. വായു ശുദ്ധീകരിക്കാനുള്ള ഫിൽട്ടർ സംവിധാനം, കട്ടിയുള്ള കോൺക്രീറ്റ് ഭിത്തികൾ, അടിയന്തര ടോയ്‌ലറ്റുകൾ, റേഡിയേഷൻ തടയുന്ന വാതിലുകൾ എന്നിവയെല്ലാം ഈ ബങ്കറുകളിലുണ്ട്. ഒരു ആണവ ആക്രമണമുണ്ടായാൽ പോലും ജനങ്ങളെ സുരക്ഷിതരാക്കാൻ വേണ്ടിയാണ് ഇവയെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
1990-കളിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ പല രാജ്യങ്ങളും അവരുടെ ബങ്കറുകൾ ഉപേക്ഷിച്ചു. എന്നാൽ സ്വിറ്റ്സർലൻഡ് മാത്രം അവയെല്ലാം നിലനിർത്തി. 'അപകടങ്ങൾ ഒരിക്കലും പൂർണ്ണമായി ഇല്ലാതാവില്ല, അവ രൂപം മാറുമെന്ന് മാത്രം', എന്നായിരുന്നു സ്വിസ് അധികാരികളുടെ നിലപാട്. ആണവ അപകടങ്ങൾ, ഭീകരാക്രമണങ്ങൾ, പുതിയ അന്താരാഷ്ട്ര സംഘർഷങ്ങൾ എന്നിവയെല്ലാം ഭാവിയിൽ ഭീഷണിയായേക്കാമെന്ന് അവർ കണക്കുകൂട്ടി. അതുകൊണ്ടാണ് ബങ്കറുകൾ തുടർന്നും പരിപാലിക്കാൻ തീരുമാനിച്ചത്.
55
പഴയ ബങ്കറുകൾ ഇപ്പോൾ എന്തുചെയ്യുന്നു?
നിലവിൽ സ്വിറ്റ്സർലൻഡിൽ യുദ്ധഭീഷണിയില്ലാത്തതുകൊണ്ട് ഈ ബങ്കറുകൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. സ്റ്റോർ റൂമുകൾ, വൈൻ സൂക്ഷിക്കുന്ന നിലവറകൾ, സർക്കാർ രേഖകൾ സൂക്ഷിക്കുന്ന ആർക്കൈവുകൾ, അടിയന്തര സാധനങ്ങൾ സംഭരിക്കുന്ന മുറികൾ എന്നിങ്ങനെ പല രീതിയിൽ ആളുകൾ ഇവയെ പ്രയോജനപ്പെടുത്തുന്നു. എന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ ഈ ബങ്കറുകൾ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. തങ്ങൾക്ക് അനുവദിച്ച ബങ്കർ എവിടെയാണെന്ന് സ്വിസ് പൗരന്‍മാര്‍ പലരും ആദ്യമായി അന്വേഷിച്ച് കണ്ടെത്തി. രാജ്യത്തെ ബങ്കർ സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് സർക്കാർ ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam