Published : Aug 02, 2022, 03:40 PM ISTUpdated : Aug 02, 2022, 03:41 PM IST
കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളത്തില്‍ അതിശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കിഴക്കന്‍ പ്രദേശത്ത് മഴ കനത്തോടെ ഡാമികളുടെ ഷട്ടറുകളെല്ലാം തുറന്നു. ഇതോടെ നദികള്‍ വെള്ളത്തിന്‍റെ അളവും ശക്തിയും വര്‍ദ്ധിച്ചു. അതിനിടെ അടുത്ത മൂന്ന് ദിവസം കേരളത്തില്‍ നിര്‍ണ്ണായകമാണെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിൽ മധ്യ, വടക്കൻ മേഖലകളിലും ശക്തി പ്രാപിക്കാനാണ് സാധ്യത. തിരുവനന്തപുരത്തും കൊച്ചിയിലും നിലവിൽ മഴ മേഘങ്ങൾ കുറഞ്ഞെങ്കിലും രാത്രിയിൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് 5 ഓടെ കൂടി മഴ കുറയും. പിന്നീട് മഴ കൊങ്കണ് മേഖലയിലേക്ക് മാറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2018 ലെതിന് സമാന സാഹചര്യമില്ല എങ്കിലും ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, സംസ്ഥാനത്ത് മൂന്ന് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നല്‍കി. മണിമലയാർ, നെയ്യാർ, കരമനയാർ നദികളിൽ പ്രളയ മുന്നറിയിപ്പ്. മണിമലയാർ രണ്ട് ഇടങ്ങളിൽ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്. സംസ്ഥാനത്ത് തുടരുന്ന അതിശക്ത മഴയിൽ ഇന്ന് ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി.കണ്ണൂർ ജില്ലിയില്‍ ഇന്ന് ഉരുള്‍പൊട്ടിയ പൂളകുറ്റിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മുരളി
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
212
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
312
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യതാ മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
412
ഇന്ന് ആറ് മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. പേരാവൂരിൽ ഉരുൾപൊട്ടലിൽ രണ്ടര വയസുകാരി അടക്കം രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നാലിടത്ത് ഓറഞ്ച് അലർട്ടാണ്.
512
കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് കണ്ടെത്തിയത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടര വയസുകാരി നുമ തസ്‌ലീനയുമാണ് മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്. കോട്ടയം കൂട്ടിക്കലിലും എറണാകുളം കോതമംഗലത്തും ഓരോരുത്തർ ഒഴുക്കിൽപ്പെട്ട് മരിച്ചു.
612
കോതമംഗലം കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാണാതായ പൗലോസിന്‍റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വൈക്കത്തും ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചേരാനെല്ലൂരിൽ കണ്ടെടുത്ത തിരിച്ചറിയാത്ത മൃതദേഹം ഒഴുക്കിൽപ്പെട്ട് മരിച്ചയാളുടേത് ആണെന്നാണ് സംശയിക്കുന്നത്. ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് ആകെ 49 ദുരിതാശ്വാസ ക്യാമ്പുകളിലായി 757 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
712
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ അതിശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
812
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
912
സംസ്ഥാനത്തെ ഡാമുകളിൽ ജാഗ്രത തുടരുകയാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, കുണ്ടള, പെങ്ങൾക്കൂത്ത് ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗലം, മീങ്കര ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും കെഎസ്‌ഇബിയുടെ വലിയ ഡാമുകളിൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നാണ് വിലയിരുത്തൽ. അതിനിടെ, പാലക്കാട് ജില്ലയിൽ രണ്ട് ഡാമുകൾ പന്ത്രണ്ട് മണിക്ക് തുറന്നു.
1012
പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. പോത്തുണ്ടി പുഴയുടെ തീരത്ത് ഉള്ളവരും കുന്തിപ്പുഴയുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട് നെല്ലിയാമ്പതിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നെല്ലിയാമ്പതി പാടഗിരി പരിഷ് ഹാളിലാണ് ക്യാമ്പ് തുറന്നത്. പാലക്കാട് ജില്ലയിലെ ഏഴ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. അട്ടപ്പാടിയിലേക്കും യാത്രാ നിരോധനമുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഭാരവാഹനങ്ങൾ കടന്നു പോകരുത്. മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്.
1112
ശക്തമായ മഴയിൽ എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു. കോതമംഗലം സ്വദേശി പൗലോസ് മരംവീണാണ് മരിച്ചത്. ജില്ലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ആലുവ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണപ്പുറം പൂർണമായും മുങ്ങി. എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിലും സ്റ്റാന്‍ഡിലെ കടകളിലേക്കും വെള്ളം കയറി. എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്.
1212
മഴയുടെ ശക്തി കുറഞ്ഞതോടെ തിരുവനന്തപുരം ജില്ലയിൽ തൽക്കാലം ആശങ്ക ഒഴിഞ്ഞു. നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ കുറഞ്ഞു. ജില്ലയിലെ റെഡ് അലേർട്ട് പിൻവലിച്ചു. വിതുരയിലും അമ്പൂരിയിലും ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. ഇന്നലെ ജലത്തിനടിയിലായ ഇടങ്ങളിൽ നിന്നെല്ലാം ഏതാണ്ട് പൂർണമായി വെള്ളം ഒഴിഞ്ഞു. വിതുരയിലും അമ്പൂരിയിലും ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ടയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. റാന്നിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. പമ്പയും മണിമലയാറും രകവിഞ്ഞൊഴുകുന്നു. അപ്പർകുട്ടനാട്ടിലെ തലവടിയിൽ വെള്ളംകയറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam