ഉത്തർപ്രദേശിൽ വിവാഹച്ചടങ്ങിനിടെ വധുവിന്‍റെ വളർത്തുനായയെ വരന്‍റെ വീട്ടുകാർ തല്ലി. നായ കുരച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതോടെ ഇരുകുടുംബങ്ങളും തമ്മിൽ വഴക്കും കയ്യാങ്കളിയുമായി. ഒടുവിൽ ഈ കല്യാണം വേണ്ടെന്ന് വധു തീരുമാനിക്കുകയും വിവാഹം മുടങ്ങുകയും ചെയ്തു.
ഇക്കാലത്ത് വളർത്തുനായകൾ പലർക്കും വീട്ടിലെ ഒരംഗത്തെപ്പോലെയാണ്. മനുഷ്യരേക്കാൾ സൗകര്യങ്ങൾ നായകൾക്ക് നൽകുന്നവരുണ്ട്. കിടക്കാൻ പ്രത്യേക കട്ടിൽ, ബെഡ്ഷീറ്റ്, കളിപ്പാട്ടങ്ങൾ, ഭക്ഷണം എന്നിങ്ങനെ നഗരങ്ങളിൽ നായയെ വളർത്തുന്നവർ ആയിരക്കണക്കിന് രൂപയാണ് ഇതിനായി മാസംതോറും ചിലവഴിക്കുന്നത്.
26
നായ കാരണം വിവാഹമോചനവും
വളർത്തുനായകളുടെ പേരിൽ ഭാര്യാഭർത്താക്കന്മാർ വിവാഹമോചനം നേടിയ സംഭവങ്ങളുമുണ്ട്. നായയെ ഒപ്പം കിടത്തുന്നതിന് ഭർത്താവുമായി വഴക്കിട്ട് വിവാഹമോചനം നേടിയ ഒരു യുവതിയുടെ വാര്‍ത്ത ഒരു വർഷം മുൻപുണ്ടായിരുന്നു. ഭർത്താവിന്‍റെയും ഭാര്യയുടെയും നായകൾക്ക് തമ്മിൽ യോജിക്കാത്തതിന്‍റെ പേരിൽ ഒരു ദമ്പതികൾ വേർപിരിഞ്ഞത് മറ്റൊരു. ഈ സംഭവങ്ങൾക്കിടയിലാണ് ഇപ്പോൾ നായയുടെ പേരിൽ ഒരു കല്യാണം തന്നെ മുടങ്ങിയ വിവരം പുറത്തുവരുന്നത്.
36
നായ കാരണം കല്യാണം മുടങ്ങി
ഉത്തർപ്രദേശിൽ ഒരു കല്യാണം മുടങ്ങിയതിന് കാരണം വധുവിന്‍റെ വളർത്തുനായയാണ്. വിവാഹച്ചടങ്ങുകൾക്കിടെ, വീട്ടിൽ നിന്ന് കുറച്ചകലെ കെട്ടിയിട്ടിരുന്ന നായ ആൾക്കൂട്ടത്തെ കണ്ട് കുരയ്ക്കാൻ തുടങ്ങി. നിർത്താതെ കുരച്ചപ്പോൾ ദേഷ്യം വന്ന വരന്‍റെ വീട്ടുകാരില്‍ ചിലര്‍ നായയെ തല്ലുകയായിരുന്നു.
വളർത്തുനായയെ വരന്‍റെ ബന്ധുക്കൾ തല്ലിയതോടെ വധുവിന്‍റെ വീട്ടുകാർ ഇത് ചോദ്യം ചെയ്തു. ഇതോടെ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. സംഘർഷത്തിൽ കുറഞ്ഞത് അഞ്ച് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ഖാഗ തഹസിലിലാണ് സംഭവം. 25 വയസുള്ള ജ്വല്ലറി വ്യാപാരിയായ സുമിത് കേസർവാനിയും 19 വയസ്സുള്ള തനു കേസർവാനിയും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത് എന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തു.
56
അടിയായി, അഞ്ചുപേർക്ക് പരിക്ക്
വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. വധുവിന്‍റെയും വരന്‍റെയും വീട്ടുകാർ തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ അഞ്ച് പേർക്ക് പരിക്കേറ്റു. 25-കാരനായ സുമിത് കേസർവാനിയും 19-കാരിയായ തനു കേസർവാനിയും തമ്മിലുള്ള വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ അപ്രതീക്ഷിത സംഭവം.
66
കല്യാണം വേണ്ട, പരാതിയില്ല
ഇരുകൂട്ടരും കസേരകളും വടികളും ഉപയോഗിച്ചാണ് പരസ്‌പരം തല്ലിയത്. വധുവിന്‍റെ കുടുംബാംഗങ്ങളായ റിഷഭ് കേസർവാനി, ശുഭം ഗുപ്ത, സംഗീത ദേവി എന്നിവരുടെ തലയ്ക്ക് പരിക്കേറ്റു. മറ്റൊരാളുടെ കൈ ഒടിഞ്ഞു. വരന്‍റെ വീട്ടുകാർക്കും നിസാര പരിക്കുകളുണ്ട്. സംഭവത്തെ തുടർന്ന് വധു വിവാഹത്തിന് വിസമ്മതിച്ചതോടെ കല്യാണം മുടങ്ങി. ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഖഗ എസ്എച്ച്ഒ ആർ.കെ. പട്ടേൽ പറഞ്ഞു.