യു എ പി എ കേസില്‍ അലനും താഹയ്ക്കും   ജാമ്യം കിട്ടിയത് എങ്ങനെ; ഇതാണ് ആ വിധി!

First Published Sep 10, 2020, 4:22 PM IST

യു എ പി എ കേസില്‍ അലനും താഹയ്ക്കും  ജാമ്യം നല്‍കിയ എന്‍ ഐ എ കോടതി ജഡ്ജ് അനില്‍ കെ ഭാസ്‌കര്‍ പുറപ്പെടുവിച്ച 64 പേജുള്ള വിധിയുടെ വിശദാംശങ്ങള്‍.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും ഇന്നലെ എന്‍ ഐ എ കോടതി ജാമ്യം നല്‍കി. പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം എന്നീ കര്‍ശന നിബന്ധനകളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടു നല്‍കണമെന്നും കോടതി വ്യക്തമാക്കി.
undefined
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കൊച്ചിയിലെ എന്‍ഐഎ കോടതി ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ ഇവര്‍ക്ക് ജാമ്യം നല്‍കിയത്. എന്‍ഐഎ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നുമായിരുന്നു ഇരുവരും കോടതിയെ അറിയിച്ചത്.
undefined
2019 നവംബര്‍ ഒന്നിനായിരുന്നു പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ലഘുലേഖകള്‍, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. അഞ്ച് വര്‍ഷമായി രഹസ്യാന്വേഷണ വിഭാഗം അലനെ പിന്തുടരുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചിരുന്നത്.
undefined
യു എ പി എയ്ക്ക് എതിരായ രാഷ്ട്രീയ നിലപാട് കൈക്കൊണ്ട സിപിഎമ്മിനെ വെട്ടിലാക്കുന്നതായിരുന്നു പാര്‍ട്ടി കുടുംബത്തില്‍ പെട്ട, പാര്‍ട്ടി പ്രവര്‍ത്തകരായ അലന്റെയും താഹയുടെയും അറസ്റ്റ്. സിപിഎം നേതാക്കള്‍ ഇതിനെ തുടര്‍ന്ന് രണ്ടു തട്ടിലായി മാറി. പിന്നീട്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുവരും മാവോയിസ്റ്റ് ആണെന്ന് പരസ്യമായി ആരോപിച്ചു. സിപിഎം നേതാവ് പി ജയരാജന്‍ അല്‍പ്പം കൂടി കടന്ന് എസ് എഫ് ഐയില്‍ ഇവര്‍ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം കടത്തിവിട്ടതായി ആരോപിച്ചു. സിപിഎം സൈബര്‍ അണികള്‍ അലനും താഹയ്ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി രംഗത്തുവന്നു.
undefined
നിരവധി ആരോപണങ്ങളാണ് പൊലീസും എന്‍ ഐ എയും കേരള സര്‍ക്കാറും സിപിഎമ്മും അലനും താഹയ്ക്കുമെതിരെ ഉയര്‍ത്തിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇവര്‍ക്കെതിരെ യു എ പി എ ചുമത്തിയത്. അതിനെ തുടര്‍ന്നാണ് എന്‍ഐ എ കേസില്‍ ഇടപെട്ടത്.
undefined
ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞാണ് എന്‍ ഐ എ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളെ കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞും സമാനമായ വിഷയങ്ങളില്‍ നേരത്തെ രാജ്യത്തുണ്ടായ സുപ്രധാന കോടതി വിധികള്‍ അവലംബിച്ചുമാണ് കോടതി 64 പേജുള്ള വിധി പ്രസ്താവം നടത്തിയത്.
undefined
അലനും താഹയ്ക്കുമെതിരായ ആരോപണങ്ങളും തെളിവുകളും രേഖകളും 12 ഭാഗങ്ങളായി തിരിച്ചാണ് കോടതി പരിശോധിച്ചത്. ഓരോ ഭാഗവും വിശദമായി പരിശോധിച്ച കോടതി ജാമ്യ ഹര്‍ജികളില്‍ പുറപ്പെടുവിച്ച വിധി ചരിത്രപ്രധാനമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
undefined
അലന്‍ താഹ ജാമ്യ ഹര്‍ജികളില്‍ എന്‍ ഐ എ പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങള്‍ താഴെ പറയുന്നവയാണ്:
undefined
ഒന്ന്, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, ആദിവാസി അവകാശങ്ങള്‍ നല്‍കുക, വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം വീണ്ടെുടുക്കുക തുടങ്ങിയ വിഷയങ്ങളിലുള്ള നോട്ടീസുകള്‍ ആണ് പ്രതികളുടെ പക്കല്‍നിന്നും പിടികൂടിയത്. ഇവയെല്ലാം കത്തുന്ന സാമൂഹ്യ പ്രശ്നങ്ങളാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയോ നടപ്പാക്കുകയോ ചെയ്യുന്ന ഒന്നും ഇതിലില്ല
undefined
രണ്ട്, വിവിധ സംഘടനകള്‍ നടത്തിയ പരിപാടികളില്‍ ഇവര്‍ പങ്കെടുത്തു എന്നതാണ് ആരോപണം. കുര്‍ദുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പരിപാടി, പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധം, പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയ്ക്ക് നീതി വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടി, നോട്ടുനിരോധനത്തിന് എതിരായ പ്രതിഷേധ പരിപാടി എന്നിവയില്‍ പങ്കെടുത്തു. ഇതാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെയ്ക്കുന്ന തെളിവുകള്‍. ഇവയെല്ലാം സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ വ്യാപകമായി ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്. ഈ പരിപാടികളൊന്നും അക്രമാസക്തമായിരുന്നില്ല. സമാധാനപരമായ അന്തരീക്ഷത്തിലാണ് ഇവയെല്ലാം നടന്നത്.
undefined
മൂന്ന്, പ്രതികളുടെ കൈയില്‍നിന്നും കണ്ടെടുത്ത, മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ലഘുലേഖകള്‍ സര്‍ക്കാറിനെതിരെ അക്രമാസക്തമായ പ്രതിഷേധം നടത്താനുള്ള ആഹ്വാനമല്ല എന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. മാവോയിസ്റ്റുകളെ പിന്തുണയ്ക്കണമെന്നും ഇത് ആവശ്യപ്പെടുന്നില്ല. അനീതി എന്ന് അവര്‍ കരുതുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കണം എന്നേ അതില്‍ ആവശ്യപ്പെടുന്നുള്ളൂ.
undefined
രണ്ടാം പ്രതി തയ്യാറാക്കിയതായി പറയുന്ന കശ്മീര്‍ വിഷയത്തിലുള്ള ബാനര്‍ മാത്രമാണ് പരാമര്‍ശവിഷയം. ഏതു സാഹചര്യത്തിലാണ് ഈ ബാനര്‍ ഉണ്ടായത് എന്നു പരിഗണിക്കാത്ത ഏതു നിഗമനവും വഴിതെറ്റാനിടയുണ്ട്. ഭരണഘടനയില്‍നിന്നും കശ്മീരുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 370 -ഉം ആര്‍ട്ടിക്കിള്‍ 35 -എയും ഇന്ത്യന്‍ പാര്‍ലമെന്റ് റദ്ദാക്കിയതിന് ശേഷമാണ് ഈ ബാനര്‍ തയ്യാറാക്കിയത്. പ്രതിഷേധിക്കാനുള്ള അവകാശം എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ഒന്നാണ്. സര്‍ക്കാര്‍ എന്നതും അതാത് കാലങ്ങളില്‍ ഭരണചുമതല നിര്‍വഹിക്കുന്ന വ്യക്തികള്‍ എന്നതും രണ്ടായി വേര്‍തിരിച്ചു കാണേണ്ടതുണ്ട്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍, അത് തെറ്റായ കാര്യങ്ങള്‍ക്കാണെങ്കില്‍ പോലും രാജ്യദ്രോഹ കുറ്റമായി കാണാന്‍ കഴിയില്ല മുകളില്‍ പറഞ്ഞ ബാനറിലെ വാചകങ്ങള്‍ ഇന്ത്യാ ഗവര്‍മെന്‍ിനെതിരെ വിദ്വേഷം ജനിപ്പിക്കുന്ന ഒന്നല്ല എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.
undefined
നമ്മുടെ ഭരണഘടനാ പോളിറ്റിയുമായി മാവോയിസ്റ്റ് പ്രത്യയശാസ്ത്രം ചേര്‍ന്നുപോവുന്നതല്ലെങ്കിലും മാവോയിസ്റ്റാവുന്നത് കുറ്റകരമല്ലെന്ന് 2015-ല്‍ ശ്യാം ബാലകൃഷ്ണന്റെ കേസില്‍ കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അക്രമം ഉണ്ടാക്കുന്ന തരത്തില്‍ പ്രതികളുടെ ഭാഗത്തുനിന്നും എന്തെങ്കിലും നടപടി ഉണ്ടയാലേ ഈ സാഹചര്യത്തില്‍ കാര്യമുള്ളൂ. പ്രതികളുടെ ഭാഗത്ത് അങ്ങനെ എന്തേലും കുറ്റമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കാണുന്നില്ല.
undefined
രണ്ടാം പ്രതിയില്‍നിന്നു പിടിച്ചെടുത്ത 'ശത്രുവിന്റെ അടവുകളും നമ്മുടെ പ്രത്യാക്രമണ അടവുകളും' എന്ന ലഘുലേഖ പല തരം രേഖകളുടെ ഒരു സമാഹാരമാണ്. രണ്ടാം പ്രതിയുടെ കൈയില്‍ അതു കണ്ടു എന്നതിനര്‍ത്ഥം അവര്‍ ആ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് എന്നല്ല. വീടുകളില്‍ രേഖകളും ഉപകരണങ്ങളും ഡിവൈസുകളും സൂക്ഷിക്കരുതെന്നാണ് ആ ലഘുലേഖയില്‍ പറയുന്നത്. എന്നാല്‍ ഈ രേഖകളൊക്കെ പരസ്യമായി പ്രതികളുടെ വീടുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഒന്നും മറച്ചുവെച്ചിരുന്നില്ല. അതായത്, മാവോയിസ്റ്റു സര്‍ക്കുലറുകള്‍ അതേപടി അനുസരിക്കുന്നു എന്നു പ്രോസിക്യൂഷന്‍ പറയുന്ന പ്രതികള്‍ ആ രേഖകള്‍ പരസ്യമായി വീടുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതും പറയുന്നത് പ്രോസിക്യൂഷനാണ്.
undefined
രണ്ട് പ്രതികളും വിദ്യാര്‍ത്ഥികളാണ്. ഒന്നാം പ്രതി റെുഗുലര്‍ വിദ്യാര്‍ത്ഥിയാണ്. രണ്ടാം പ്രതി ജോലി ചെയ്തു കുടുംബം പോറ്റുകയും ഡിസ്റ്റന്‍സ് എജുക്കേഷന്‍ പദ്ധതിയിലൂടെ പഠിക്കുകയുമാണ് ചെയ്യുന്നത്. ഇരുവരും വിദ്യാഭ്യാസ, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളും നീക്കങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് മാവോയിസ്റ്റുകളാണ് എന്നു പറയാന്‍ കഴിയില്ല.
undefined
അണ്ടര്‍ഗ്രൗണ്ടില്‍ കഴിയുന്ന മാവോയിസ്റ്റു കേഡര്‍മാര്‍ക്കും പാര്‍ട്ട് ടൈം പ്രൊഫഷണല്‍ അംഗങ്ങള്‍ക്കുമൊപ്പം ഇവര്‍ തുടര്‍ച്ചയായ ഗൂഢാലോചനാ യോഗങ്ങള്‍ നടത്തി എന്ന് തെളിയിക്കാനുള്ള കോള്‍ ഡീറ്റെയില്‍സോ മറ്റു രേഖകളോ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. ഇവര്‍ മാവോയിസ്റ്റു കേഡറുകളാണെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ ഒരു പാട് കാര്യങ്ങള്‍ ചേരുന്നില്ല.
undefined
യു എ പി എ നിയമത്തിലെ സെക്ഷന്‍ 20 പ്രകാരമാണ് അന്വേഷണത്തിന്റെ തുടക്കത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ഭീകര പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട കുറ്റമാണ് സെക്ഷന്‍ 20-ല്‍ പറയുന്നത്. എന്നാല്‍, അനേഷണം കഴിഞ്ഞ് ചാര്‍ജ് ഷീറ്റിട്ടപ്പോള്‍ ആര്‍ട്ടിക്കിള്‍ 20 പ്രോസിക്യൂഷന്‍ ഒഴിവാക്കി. ഇപ്പോള്‍ പ്രോസിക്യൂഷന്‍ പോലും ഇവര്‍ മാവോയിസ്റ്റുകളാണെന്ന് പറയുന്നില്ല. ഇവര്‍ മാവോയിസ്റ്റ് കേഡര്‍മാരാണെന്നും മാവോയിസ്റ്റ് സര്‍ക്കുലറുകള്‍ക്കനുസരിച്ച് നിയന്ത്രിക്കപ്പെടുന്നവണ് അതെന്നും പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ല. മാത്രമല്ല, എന്തെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ പോലും ആരോപിക്കുന്നില്ല.
undefined
രണ്ടാം പ്രതിയില്‍നിന്നും സിപിഐ മാവോയിസ്റ്റ് ഭരണഘടന, കൊടി, അവര്‍ പ്രസിദ്ധീകരിക്കുന്ന മാസിക എന്നിവ ലഭിച്ചതായി പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍, ഇവ പൊതുഇടങ്ങളില്‍ ലഭ്യമാണെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ പറയുന്നത്. ഇന്റര്‍നെറ്റില്‍ പോലും ഇവ ലഭ്യമാണ്. അക്രമപ്രവര്‍ത്തനങ്ങളൊന്നും പ്രതികള്‍ക്കെതിരെ ചുമത്താത്ത സാഹചര്യത്തില്‍, ഇതു വെച്ച് ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിക്കാനാവില്ലെന്ന് കോടതി പറയുന്നു.
undefined
ഇതിന് തെളിവായി ചില മീറ്റിംഗുകളുടെ മിനിറ്റ്സുകള്‍ ഹാജാക്കുക മാത്രമാണ് പ്രോസിക്യൂഷന്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, പ്രതികള്‍ ഈ യോഗങ്ങളില്‍ ഏതെങ്കിലും നേരത്ത് പങ്കെടുത്തു എന്നതിന് ഒരു തെളിവും പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ല. ഇവരുമായി ബന്ധമുള്ള ചിലവരുടെ മൊഴികളാണ് പ്രോസിക്യൂഷന്‍ അടുത്തതായി ഹാജരാക്കിയത്. എന്നാല്‍, പ്രതികള്‍ക്ക് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നോ അവര്‍ ഏതെങ്കിലും തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയോ അതിനു പിന്തുണ നല്‍കുകയോ ചെയ്യുന്നതായി ഇവരാരും പറയുന്നില്ല. മാവോയിസത്തിലേക്ക് ഇവര്‍ ആകര്‍ഷിക്കപ്പെട്ടു എന്നതിനപ്പുറം മറ്റൊന്നിനും ഒരു തെളിവുമില്ല.
undefined
ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍, ഓടി രക്ഷപ്പെട്ട ഉസ്മാന്‍ എന്ന മൂന്നാം പ്രതിക്ക് എതിരെ സമര്‍പ്പിച്ച രേഖകള്‍ മാനന്തവാടി, പുല്‍പ്പള്ളി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളില്‍ അയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ രേഖകളാണ്. അക്രമപ്രവര്‍ത്തനത്തിലോ ഭീകര പ്രവര്‍ത്തനത്തിലോ ഇയാള്‍ ഏര്‍പ്പെട്ടു എന്നതിനുള്ള ഒരു തെളിവും അതിലില്ല. സിപിഐ മാവോയിസ്റ്റുകളെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് വിതരണം ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരായ ആരോപണം. ഭീകരപ്രവര്‍ത്തനമോ അക്രമ പ്രവര്‍ത്തനമോ നടത്താന്‍ ആ നോട്ടീസില്‍ പറയുന്നില്ല. പൊലീസിനെ കണ്ടപ്പോള്‍ മൂന്നാം പ്രതി ഓടിരക്ഷപ്പെട്ടു എന്നത് സത്യമാണ്. ജാമ്യമില്ലാ വാറന്റുകള്‍ തനിക്കെതിരെ നിലവിലുണ്ട് എന്നറിഞ്ഞതിനാലാവാം ഉസ്മാന്‍ പൊലീസിനെ കണ്ടപ്പോള്‍ ഓടിപ്പോയത്.
undefined
ഒന്നാം പ്രതിയില്‍നിന്ന് പിടിച്ചെടുത്ത ഒരു സ്വകാര്യ ഡയറിയാണ് മറ്റൊരു തെളിവ്. അക്രമത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കണമെന്ന് പ്രതിയുടെ ഡയറിക്കുറിപ്പുകളിലുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എകെ 47 തോക്കുകള്‍ ഉപയോഗിച്ച് സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യുന്ന കാര്യം ഈ ഡയറിയില്‍ ഒരിടത്ത് എഴുതിയിട്ടുണ്ട്. പ്രതി മാവോയിസ്റ്റുകള്‍ക്കു വേണ്ടി ഭീകര പ്രവര്‍ത്തനം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവ് ആണ് ഈ നോട്ടു ബുക്ക് എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
undefined
എന്നാല്‍, പേഴ്‌സണല്‍ ഡയറി എന്നത് ഒരാളുടെ മാനസികാവസ്ഥ പകര്‍ത്തുന്ന ഇടമാണെന്നാണ് കോടതി വിശദീകരിക്കുന്നത്. അതിന് തെളിവു മൂല്യമില്ല. ഏതെങ്കിലും സംഭവത്തെക്കുറിച്ചോ പരിപാടിയെ കുറിച്ചോ ആയിരുന്നു അതില്‍ എഴുതിയതെങ്കില്‍ തെളിവായി പരിഗണിക്കാമായിരുന്നു. എന്നാല്‍, അലന്റെ ഡയറിയിലുള്ളത് മനസ്സ് സംഘര്‍ഷഭരിതമായ ഒരാളുടെ മനോവ്യാപാരങ്ങളാണ്.ഏതെങ്കിലും പ്രത്യേക കാര്യത്തെക്കുറിച്ചല്ല അയാള്‍ എഴുതുന്നത്. ഭാവിയില്‍ നടത്താവുന്ന ആക്രമണത്തെ കുറിച്ചുള്ള ബ്ലൂ പ്രിന്റുമല്ല. ജനകീയ വിപ്ലവത്തെക്കുറിച്ചുള്ള മാവോയിസ്റ്റ് കാഴ്ചപ്പാട് മാത്രമാണ് അത്. രണ്ട് കാര്യങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടാനുള്ളത്. ഒന്ന്, ഒന്നാം പ്രതി മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്ന് പ്രോസിക്യൂഷന് തന്നെ അഭിപ്രായമില്ല. രണ്ട്, ഡിപ്രഷന് മരുന്നു കഴിക്കുന്ന ഒരാളാണ് പ്രതി. പ്രതി അക്രമണത്തിന്റെ പാത സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്ന തെളിവല്ല ഡയറിയിലുള്ളത്.
undefined
പൊലീസ് വീട് സെര്‍ച്ച് ചെയ്യാന്‍ എത്തിയപ്പോള്‍ മാവോയിസ്റ്റുകളെയും നക്സല്‍ബാരിയെയും പിന്തുണച്ച് താഹ മുദ്രാവാക്യം വിളിച്ചത് ഏതങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനമായി കാണാനാവില്ല. മാവോയിസത്തിലേക്കുള്ള ഒരു ചായ്വ് ആയി കാണാം എന്നതല്ലാതെ, ലക്ഷ്യപ്രാപ്തിക്കായി അക്രമമാര്‍ഗം സ്വീകരിക്കുമെന്ന് ഇതുവെച്ച് കരുതാനാവില്ല.
undefined
ജമ്മുകശ്മീരില്‍ വിഘടന വാദ ശക്തികളെ പിന്തുണയ്ക്കുന്ന എഴുത്തുകളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതിനെ കോണ്‍ടെക്സ്റ്റ് നോക്കി വേണം വിലയിരുത്താന്‍. കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനാഭേദഗതിക്കു ശേഷമുള്ളതാണ് ഇവയെല്ലാം. ഇപ്പോഴത്തെ ഘട്ടത്തില്‍, പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് ആയി അതിനെ കാണാനാവില്ല.
undefined
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍നിന്നും കണ്ടെടുത്ത ചില പുസ്തകങ്ങളും വോയിസ് ക്ലിപ്പുകളുമായി പ്രതികളുടെ കൈയില്‍നിന്നും പിടിച്ചെടുത്ത മെറ്റീരിയലുകള്‍ക്കുള്ള സാമ്യമാണ് മറ്റൊരു ആരോപണം. ഈ പുസ്തകങ്ങളും വോയിസ് ക്ലിപ്പുകളും നിരോധിത വസ്തുക്കളല്ല. പ്രതി ഭീകരവാദം പ്രമോട്ട് ചെയ്യുകയാണ് എന്നു പറയാന്‍ പ്രഥമദൃഷ്ട്യാ തെളിവില്ല.
undefined
പ്രതി കോഡ് ഭാഷ ഉപയോഗിച്ച് വിവരങ്ങള്‍ എഴുതി സൂക്ഷിച്ചു എന്നാണ് മറ്റൊരു ആരോപണം. പ്രതിയില്‍നിന്നുംം കണ്ടെത്തിയ നോട്ട് പാഡുകളിലും പോക്കറ്റ് ഡയറിയിലുമുള്ള ചില അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍, മലയാളത്തില്‍ ഉള്ള ചില ചുരുക്കെഴുത്തുകള്‍ എന്നിവയാണ് പ്രോസിക്യൂക്ഷന്‍ പറയുന്നത്. എന്നാല്‍, മാവോയിസ്റ്റുകളും ഭീകരവാദ കുറ്റവുമായി പ്രതിയെ ബന്ധിപ്പിക്കാവുന്ന തെളിവല്ല ഇത്.
undefined
click me!