കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 10 ഭക്ഷണങ്ങൾ

By Web TeamFirst Published Mar 8, 2019, 6:40 PM IST
Highlights

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറവായതിനാല്‍ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ്​ കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. അതിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജെനിക് ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. 

കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറവായതിനാല്‍ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. കാർബോഹൈഡ്രേറ്റ്​ കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ്​ കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട 10 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

പാലക്ക് ചീര…

ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഏറ്റവും നല്ല ഭക്ഷണമാണ് പാലക്ക് ചീര . പ്രമേഹരോഗം കൊണ്ട് ശരീരത്തിന് സംഭവിച്ചേക്കാവുന്ന സങ്കീര്‍ണതകളെ പാലക്ക് ചീര തടയും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദത്തെയും കുറയ്ക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്ക് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയ ഇലക്കറിയാണ് പാലക്ക്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്.

കോളിഫ്‌ളവര്‍…

അമിതവണ്ണമുള്ളവര്‍ കോളിഫ്‌ളവര്‍ വിഭവങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്ത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്ബ്, പൊട്ടാസ്യം എന്നിവ കോളിഫ്‌ളവറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 

ബ്രോക്കോളി…

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രോക്കോളി കഴിക്കുന്നത് ഗുണം ചെയ്യും.

കൂണ്‍…

കൂണുകള്‍ പലതരത്തില്‍ കാണപ്പെടുന്നു. ആഹാരമാക്കാന്‍ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുണ്ട്. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ വളരെ നല്ലതാണ് കൂണ്‍. കൂണ്‍ വിഭവങ്ങള്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. സന്ധിവീക്കം, നീര്‍ക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് കൂണ്‍.

പാവയ്ക്ക…

തടി കുറയാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ദിവസവും പാവയ്ക്ക കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. 

ചീസ്...

കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ചീസ്. വിറ്റാമിൻ എ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. കണ്ണിന് അത് കൂടുതൽ ​ഗുണം ചെയ്യും. രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു.അത് പോലെ തന്നെയാണ്  ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ചീസ് ഏറെ നല്ലതാണ്. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം നൽകുന്നു.

മുട്ട...

പ്രോട്ടീന്റെ കലവറയാണ് മുട്ട. ഒരു മുട്ടയിൽ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പുമുണ്ടാകും. എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് ഏറ്റവും നല്ലതാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

തെെര്...

ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്. ശരീരത്തിലെ ഫോസ്ഫറസിനെ ആഗീരണം ചെയ്യാനും സഹായിക്കുന്നു. തൈര് കോശജ്വലന ലക്ഷണങ്ങള്‍ കുറയ്ക്കുകയും ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.

ഒലീവ് ഓയിൽ....

 ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ഒലീവ് ഓയിൽ. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒലിവ് ഓയിലിൽ അടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുക വഴി പ്രമേഹം തടയുമെന്ന് ഗവേഷകർ പറയുന്നു. പ്രമേഹമുള്ളവർ വെളിച്ചെണ്ണ ഒഴിവാക്കി പകരം ഭക്ഷണങ്ങളിൽ ഒലീവ് ഓയിൽ ചേർക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. 

നട്സ്...

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് നട്സ്. ദിവസവും രണ്ടോ മൂന്നോ നട്സ് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

click me!