
ആശങ്കകള്‍ പടര്‍ത്തിക്കൊണ്ട് കൊറോണവൈറസ് ബാധ പലയിടങ്ങളിലായി സ്ഥിരീകരിക്കുന്നതിനിടെ ആശ്വാസത്തിന്റേതായ ചില വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. വൈറസിന്റെ ഉറവിടമായ ചൈനയില്‍ നിന്ന് തന്നെയാണ് ഈ ദിവസത്തിലെ ഏറ്റവും പ്രത്യാശ പകരുന്ന ഒരു റിപ്പോര്‍ട്ട് വരുന്നത്.
കൊറോണ ആദ്യമായി സ്ഥിരീകരിച്ച ഹുബെയ് എന്ന സ്ഥലത്ത് കഴിഞ്ഞ 24ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വാംഗ് എന്ന നൂറ് വയസുകാരന്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു എന്നതാണ് സന്തോഷം പകരുന്ന ഈ വാര്‍ത്ത.
കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഇദ്ദേഹത്തിന് ബോധം പോലുമുണ്ടായിരുന്നില്ലെന്നാണ് ഹുബെയിലെ ആശുപത്രി അധികൃതര്‍ പറയുന്നത്. വാര്‍ധക്യസഹജമായ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നതിനാല്‍ത്തന്നെ, വാംഗ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉള്ളതിനാല്‍ ചികിത്സ ഫലിക്കുമോയെന്നും മറ്റെന്തെങ്കിലും സങ്കീര്‍ണതകളുയര്‍ന്ന്, അത് ഭീഷണിയാകുമോയെന്നും ഡോക്ടര്‍മാര്‍ ഭയന്നിരുന്നുവത്രേ. എന്നാല്‍ അത്രയും പ്രതികൂല ഘടകങ്ങളുണ്ടായിട്ട് പോലും വാംഗ് പിടിച്ചുനിന്നു. ഒടുവില്‍ രോഗം ഭേദമായ 80 പേരില്‍ ഒരാളായി വാംഗ് മാറി.
വാംഗിന്റെ അതിജീവനം ലോകത്തിന് വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി നടത്തിയ ചികിത്സാരീതികള്‍ മറ്റ് പ്രായമായ രോഗികളില്‍ പരീക്ഷിക്കാന്‍ ആത്മവിശ്വാസമായെന്ന് കൂടി ഹുബെയിലെ ഡോക്ടര്‍മാര്‍ പറയുന്നു. കൊറോണ പിടിപെടാന്‍ ഏറ്റവും എളുപ്പം പ്രായമായവരിലാണെന്ന് മുമ്പേ തന്നെ ചൈനയിലെ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രോഗം ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ളതും പ്രായമായവരില്‍ തന്നെയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളേയും അട്ടിമറിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വാംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam