
അല്‍ഷിമേഴ്സ് എന്ന രോഗത്തെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഒരു തരം മറവിരോഗമാണിത്. പ്രായാധിക്യം മൂലമാണ് അധികവും ആളുകളില്‍ അല്‍ഷിമേഴ്സുണ്ടാകുന്നത്. തലച്ചോറിലെ കോശങ്ങള്‍ വീണ്ടെടുക്കാനോ, ശരിയാക്കിയെടുക്കാനോ കഴിയാത്തവിധം നശിച്ചുപോകുന്നതോടെ ഓര്‍മ്മകളെല്ലാം ക്രമണേ ഇല്ലാതായിപ്പോകുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സിന്‍റെ പ്രധാനപ്പെട്ട പരിണിതഫലം. അതിനാല്‍ തന്നെ മറവിരോഗമായിത്തന്നെയാണ് ഇത് കണക്കാക്കുന്നത്.
അല്‍ഷിമേഴ്സ് ബാധിച്ചാല്‍ പിന്നീടൊരിക്കലും ചികിത്സയിലൂടെ ഭേദപ്പെടുത്തുക സാധ്യമല്ലാത്തതിനാല്‍ രോഗിക്ക് ചുറ്റുമുള്ളവര്‍ ഇതിന് അനുസരിച്ച് വേണ്ട പരിശീലനം തേടി രോഗിയെ പരിചരിക്കുകയാണ് ചെയ്യേണ്ടത്. സ്നേഹപൂര്‍വമുള്ള പരിചരണം രോഗിയില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനെ മന്ദഗതിയിലാക്കും. എങ്കില്‍ പോലും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും മരണത്തില്‍ തന്നെയാണ് അല്‍ഷിമേഴ്സ് രോഗം ചെന്നെത്താറ്.
പ്രായം കൂടുതലുള്ളവരില്‍ മറവിരോഗം പിടിപെടുമ്പോള്‍ അതില്‍ ആര്‍ക്കും കാര്യമായ ഞെട്ടലുണ്ടാകില്ല. കാരണം വാര്‍ധക്യരോഗങ്ങളില്‍ ഏറ്റവും മുൻപന്തിയിലാണ് മറവിരോഗങ്ങളുള്ളത്. എന്നാല്‍ ചെറുപ്പക്കാരില്‍ മറവിരോഗം പിടിപെടുന്നത് അപൂര്‍വമാണ്.
ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്സ് രോഗിയാണെന്ന തരത്തില്‍ ചൈനയില്‍ നിന്നുള്ള ഒരു യുവാവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇത്തരത്തില്‍ വ്യാപകശ്രദ്ധ നേടുകയാണ്. ജനുവരിയില്‍ 'ജേണല്‍ ഓഫ് അല്‍ഷിമേഴ്സ് ഡിസീസ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് കേസിനെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്.
പത്തൊമ്പത് വയസ് മാത്രമാണ് യുവാവിനുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കലശലായ മറവിയാണ് യുവാവിനുണ്ടായത്. ഒടുവിലായപ്പോള്‍ സ്വന്തം വീട്ടുകാരെയോ സുഹൃത്തുക്കളെയോ മറ്റ് ചുറ്റുപാടുകളോ പോലും ഓര്‍മ്മയില്ലാത്ത അവസ്ഥയായി. പഠനം നേരത്തെ തന്നെ മറവി മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇത്രയും രൂക്ഷമായ രീതിയില്‍ മറവി സംഭവിക്കുന്നത് അല്‍ഷിമേഴ്സിലാണെന്നതിനാല്‍ തന്നെ ഇത് കണ്ടെത്താനുള്ള ചില പരിശോധനകള്‍ ഡോക്ടര്‍മാര്‍ യുവാവിന് നടത്തിനോക്കി.
ഈ പരിശോധനകളുടെയെല്ലാം ഫലവും യുവാവിന്‍റെ രോഗലക്ഷണങ്ങളും അല്‍ഷിമേഴ്സിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടിയത്. തുടര്‍ന്ന് ബെയ്ജിങിലെ ക്സുവാൻവു ഹോസ്പിറ്റലില്‍ നിന്നുള്ള ഗവേഷകര്‍ യുവാവിനെ കുറിച്ച് വിശദമായ പഠനം നടത്തി. ഇതിന്‍റെ വിശദാംശങ്ങളാണ് 'ജേണല്‍ ഓഫ് അല്‍ഷിമേഴ്സ് ഡിസീസി'ല്‍ വന്നിരിക്കുന്നത്.
എന്നാല്‍ ഈ യുവാവാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്സ് രോഗിയെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴും ആയിട്ടില്ല. നിലവില്‍ 21കാരനായ മറ്റൊരാളാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്സ് രോഗി. മുപ്പതിന് താഴെയുള്ളവരില്‍ അല്‍ഷിമേഴ്സ് പിടിപെടുന്നത് കാര്യമായും ജനിതകഘടകങ്ങളുടെ സ്വാധീനം മൂലമാണെന്നും ഗവേഷകര്‍ തങ്ങളുടെ പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രായം കുറഞ്ഞവരിലും അല്‍ഷിമേഴ്സിന് സാധ്യതയുണ്ടെന്നും ഇത്തരത്തില്‍ നമ്മുടെ ശ്രദ്ധ വ്യാപിപ്പിക്കേണ്ടതുണ്ടെന്നുമാണ് പത്തൊമ്പതുകാരനായ ചൈനീസ് യുവാവിന്‍റെ കേസ് നമ്മെയോര്‍മ്മിപ്പിക്കുന്നത് എന്നും ഗവേഷകര്‍ പറയുന്നു.
Also Read:- ഹൃദയം മൂന്ന് മണിക്കൂര്‍ നിലച്ചു; അത്ഭുതകരമായി ഒന്നരവയസുകാരന്‍റെ തിരിച്ചുവരവ്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam