
ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വയറിലെ കൊഴുപ്പ്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് (Visceral Fat) ആണ് കുറയ്ക്കാൻ ഏറ്റവും പ്രയാസം. വിസറൽ ഫാറ്റ് അനാരോഗ്യകരമായ കൊഴുപ്പാണ്. ഇത് ശരീരത്തിൽ കൂടുന്നത് ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും.
ഉദാസീനമായ ജീവിതശൈലി, അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ഉറക്കം, അമിത സമ്മർദ്ദം, വ്യായാമക്കുറവ് തുടങ്ങിയവ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകും. കോർട്ടിസോൾ എന്ന ഹോർമോൺ കൈകാര്യം ചെയ്തുകൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കാം.
ചിട്ടയായ വ്യായാമവും ഭക്ഷണക്രമത്തിലെ ആരോഗ്യകരമായ മാറ്റങ്ങളും ക്രമേണ വലിയ വ്യത്യാസം കൊണ്ടുവരും. കലോറി കുറഞ്ഞതും എന്നാൽ പോഷകാഹാരം കൂടുതലുള്ളതുമായ ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെയാണ് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതെന്ന് ഉറപ്പാക്കുക.
ധാരാളം ധാതുക്കൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ബ്രേക്ക്ഫാസ്റ്റിൽ ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമായ ഭക്ഷണമാണ് ഓട്സ് കൊണ്ടുള്ള ഇഡ്ഡ്ലി. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് കൂടിയാണ് ഓട്സ് ഇഡ്ഡ്ലി...
വേണ്ട ചേരുവകൾ...
ഓട്സ് 1 കപ്പ് (നന്നായി പൊടിച്ചത്)
റവ 1/2 കപ്പ്
തൈര് 1/2 കപ്പ് (പുളി അധികം വേണ്ട )
ബേക്കിങ് സോഡാ 1 നുള്ള്
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 2 എണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം ഓട്സ് ഒരു പാനിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക. ശേഷം നന്നായി പൊടിച്ചെടുക്കുക. അതേ പാനിൽ തന്നെ താഴ്ന്ന തീയിൽ വച്ചു റവ വറക്കുക. അതിലേക്കു പൊടിച്ച ഓട്സ് ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക. നന്നായി തണുത്ത ശേഷം അതിലേക്കു ഉപ്പ്, തൈര് എന്നിവ ചേർത്തിളക്കുക. അതിലേക്കു വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്ത് ഒട്ടും കട്ട ഇല്ലാതെ ഇഡ്ഡലി മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം അതിലേക്ക് ബേക്കിങ് സോഡാ കൂടി ചേർത്തിളക്കുക. ഇഡ്ഡലി തട്ടിൽ എണ്ണ തടവി മാവ് ഒഴിച്ച് കൊടുക്കുക. ഒരു 15 - 20 മിനിറ്റ് ആവി കയറ്റി വേവിക്കുക. ശേഷം ചട്ണി, സാമ്പാർ എന്നിവ ചേർത്ത് വിളമ്പുക....
പ്രമേഹം നിയന്ത്രിക്കാൻ ഓട്സ് കഴിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam