
ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയസ്തംഭനവുമൊക്കെ പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗങ്ങളാണെന്നാണ് പൊതുവെ പലരും കരുതുന്നത്. എന്നാൽ സമീപകാലത്തായി 20, 30, 40 തുടങ്ങിയ പ്രായക്കാരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരുന്നു. ജോലിസ്ഥലത്തെ നീണ്ട മണിക്കൂറുകൾ, വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, പുകവലി അല്ലെങ്കിൽ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗങ്ങൾ, ശാരീരിക അധ്വാനമില്ലാത്ത ജീവിതശൈലി എന്നിവയെല്ലാം രോഗസാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ ഹൃദയാഘാതം വലിയൊരു പരിധി വരെ തടയാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.
നെഞ്ചിൽ അനുഭവപ്പെടുന്ന അസ്വസ്ഥത, ഭാരം, ശ്വാസംമുട്ടൽ, നെഞ്ചിടിപ്പ്, തലകറക്കം അല്ലെങ്കിൽ അമിതമായ തളർച്ച എന്നിവ പലപ്പോഴും മാനസിക സമ്മർദ്ദത്തിന്റെയോ ഗ്യാസിന്റെയോ ഭാഗമാണെന്ന് കരുതി തള്ളിക്കളയാറുണ്ട്. ഈ അവഗണന അപകടകരമാണ്. പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് കാരണം പലപ്പോഴും നേരത്തെ തിരിച്ചറിയപ്പെടാതെ പോയ ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, ഹൃദയത്തിന്റെ ഘടനയിലുള്ള തകരാറുകൾ അല്ലെങ്കിൽ ഹൃദയപേശികളിലെ വീക്കം എന്നിവയാകാം.
തുടർച്ചയായി ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ശരീരത്തിൽ ഫൈറ്റ് ഓർ ഫ്ലൈറ്റ് പ്രതികരണങ്ങൾ സ്ഥിരമായി നിലനിർത്താൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദം ഉയർത്തുകയും സ്ട്രെസ് ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.
3. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താം
കൃത്യമല്ലാത്ത ഉറക്കം, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, കഫീന്റെ അമിത ഉപയോഗം, ഭക്ഷണത്തിൽ ഉപ്പിന്റെയും അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെയും അമിത സാന്നിധ്യം എന്നിവ ഹൃദയത്തിന്റെ പ്രവർത്തന താളത്തെ തെറ്റിക്കുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ കഠിനമായ പരിശ്രമങ്ങളേക്കാൾ പ്രധാനം ജീവിതശൈലിയിലെ കൃത്യതയും സ്ഥിരതയുമാണ്.
4. വ്യായാമങ്ങൾ ചെയ്യാം
ഹൃദയാഘാതത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം പതിവായി വ്യായാമങ്ങൾ ചെയ്യുന്നതാണ്. എന്നാൽ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളോ പരിശീലനമോ ഇല്ലാതെ പെട്ടെന്ന് കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് അപകടകരമാണ്.
5.പരിശോധനകൾ ചെയ്യാം
ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം അല്ലെങ്കിൽ പാരമ്പര്യമായി ഉണ്ടാകുന്ന ഹൃദ്രോഗങ്ങൾ എന്നിവ വർഷങ്ങളോളം യാതൊരു ലക്ഷണങ്ങളും കാണിക്കാതെ ശരീരത്തിൽ ഒളിഞ്ഞിരുന്നേക്കാം. കൃത്യമായ ഇടവേളകളിലുള്ള മുൻകൂട്ടിയുള്ള പരിശോധനകളിലൂടെ ഇവ തുടക്കത്തിലേ കണ്ടെത്താനും പരിഹരിക്കാനും സാധിക്കും.
6. ശ്രദ്ധിക്കാം
ശരീരം നൽകുന്ന ലക്ഷണങ്ങളിൽ ശ്രദ്ധ പുലർത്തുക, മാനസിക സമ്മർദ്ദം ഒഴിവാക്കുക, നല്ല ശീലങ്ങൾ പിന്തുടരുക, കൃത്യമായ അളവിൽ മാത്രം വ്യായാമം ചെയ്യുക തുടങ്ങിയവയിലൂടെ നിങ്ങളുടെ ഹൃദയത്തെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam