മരണത്തെ തോൽപിച്ച് കുഞ്ഞുചിരി; തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന് പുനർജന്മം

Published : Jun 30, 2026, 05:12 PM IST
ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിടുന്ന കുഞ്ഞും മാതാവും അരീക്കോട് ആസ്റ്റർ മിംസിലെ വിദഗ്ദ്ധ മെഡിക്കൽ സംഘത്തോടൊപ്പം

Synopsis

അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ മെഡിക്കൽ വിസ്മയം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് അതിസങ്കീർണ്ണ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു.

അരീക്കോട്∙ മരണത്തിന്റെ നിഴൽ വീണ ആദ്യ നാളുകളെ അതിജീവിച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ പിച്ചവെച്ചു. തലയോട്ടിയിലെ അതീവ സങ്കീർണ്ണവും അപൂർവവുമായ വൈകല്യത്തോടെ ജനിച്ച മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാർ മെഡിക്കൽ വിസ്മയത്തിലൂടെ പുതുജീവൻ നൽകിയത്. ലോകത്താകെ ഇതുവരെ അഞ്ഞൂറോളം പേരിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അപ്ലാസിയ ക്യൂട്ടിസ് കൺജനീറ്റ എന്ന അതീവ അപൂർവ രോഗാവസ്ഥയായ മസ്തിഷ്കാവരണം പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞ് ജനിച്ചത്.

തലയിൽ 7x4 സെന്റീമീറ്റർ വലുപ്പമുള്ള ദ്വാരത്തിലൂടെ തലച്ചോറിലെ സുപ്രധാന ഭാഗമായ ഡ്യൂറ മാറ്റർ പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ ജനനം. ചെറിയൊരു പരിക്കോ അണുബാധയോ പോലും ജീവന് ഉടനടി ഭീഷണിയായേക്കാവുന്ന ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ അത്യപൂർവമായ ഒരു ജീവൻരക്ഷാ ദൗത്യത്തിനായി കൈകോർത്തത്. ഏർലി ലെഫ്റ്റ് ടെമ്പറൽ റൊട്ടേഷണൽ സ്കാൽപ് ഫ്ലാപ്പ് റീകൺസ്ട്രക്ഷൻ എന്ന അതിനൂതന ശസ്ത്രക്രിയയിലൂടെയാണ് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, നിയോനറ്റോളജി, അനസ്തേഷ്യോളജി എന്നീ വിഭാഗങ്ങളിലെ ഡോക്‌ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തിയത്.

കുട്ടിയുടെ തലച്ചോറിന് യാതൊരുവിധ ആഘാതവും സംഭവിക്കാതെ ഡ്യൂറ മാറ്റർ സംരക്ഷിച്ചെടുക്കുക എന്ന ദുഷ്കരമായ ദൗത്യം ന്യൂറോ സർജറി വിഭാഗം വിജയകരമായി പൂർത്തിയാക്കി. തുടർന്ന് കുഞ്ഞിന്റെ തലയിലെ ചർമ്മം തന്നെ ഉപയോഗിച്ച് വിടവ് നികത്തുന്ന ഫ്ലാപ്പ് റീകൺസ്ട്രക്ഷൻ പ്ലാസ്റ്റിക് സർജറി വിഭാഗം നിർവ്വഹിച്ചു. പരസ്പരമുള്ള മികച്ച ഏകോപനമാണ് ഈ ജീവൻരക്ഷാ ദൗത്യത്തിന് കരുത്തായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ന്യൂറോ സർജൻ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീർ ഖാൻ, പ്ലാസ്റ്റിക് സർജൻ ഡോ. ജിന്റോ, നിയോനറ്റോളജിസ്റ്റുകളായ ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മൽ എന്നിവർ പറഞ്ഞു. കൂടാതെ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീനോടൊപ്പം ഡോ. റനീന, ഡോ. സബ്‍ല റഷീദ്.പി, ഡോ. ആതിര രാജു തുടങ്ങിയവർ ശസ്ത്രക്രിയയിൽ പങ്കാളിയായി.

ഒരു നവജാതശിശുവിന് അനസ്തേഷ്യ നൽകുക എന്നത് അതീവ അപകടസാധ്യതയുള്ള കാര്യമായിരുന്നിട്ടും കൃത്യമായ ആസൂത്രണത്തിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയതെന്ന് നിയോനറ്റോളജി വിഭാഗം മേധാവി ഡോ. സുമയ്യ അബ്ദുള്ള വ്യക്തമാക്കി. മൂന്ന് കിലോഗ്രാം മാത്രം ഭാരമുള്ള കുഞ്ഞിന്റെ അവയവങ്ങളുടെ ഘടനയും പ്രതിരോധശേഷിയും പൂർണ്ണ വളർച്ചയെത്താത്തതിനാൽ ശസ്ത്രക്രിയ സമയത്ത് അനസ്തേഷ്യ നൽകുമ്പോൾ മരുന്നുകളുടെ അളവ് കൃത്യതയോടെ നൽകുക എന്നത് അനസ്തേഷ്യ വിഭാഗത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പരിചരണത്തിലായിരുന്ന മാതാവിന് അപൂർവ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് മെഡിക്കൽ സംഘം അടിയന്തരമായി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുകയായിരുന്നു. നഗരങ്ങളിൽ മാത്രം ലഭ്യമാകുന്ന അത്യാധുനിക തീവ്രപരിചരണ സൗകര്യങ്ങൾ ഗ്രാമീണ മേഘലയിലെ ജനങ്ങൾക്ക് നൽകാനായത് ആശുപത്രിയുടെ വലിയൊരു നേട്ടമാണ്. ഡോക്ടർമാരുടെ പ്രാവീണ്യവും പരിചയസമ്പത്തും ആത്മാർഥതയും ഒന്നിച്ചപ്പോൾ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് രക്ഷിക്കാൻ സാധിച്ചതെന്ന് ആസ്റ്റർ മിംസ് അസിസ്റ്റന്റ് ചീഫ് മെഡിക്കൽ സെർവീസസ് ഡോ. നിഹ്മത്തുള്ള അഭിപ്രായപ്പെട്ടു.

അതിസങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത കുഞ്ഞ് ആശുപത്രിയിൽ നിന്ന് പത്താം നാൾ മാതാപിതാക്കളോടൊപ്പം യാത്രയായ വിവരം അരീക്കോട് ആസ്റ്റർ മിംസ് സി.ഓ.ഓ. റോബിൻ സി.വി, അസിസ്റ്റന്റ് സി.എം.എസ് ഡോ. നിഹ്മത്തുള്ള, ന്യൂറോ സർജൻ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീർ ഖാൻ, നിയനാറ്റോളജിസ്റ് ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മൽ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീൻ തുടങ്ങിയവർ സംബന്ധിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. അത്യാഹിത ഘട്ടങ്ങളിൽ വിദഗ്ധ ചികിത്സയ്ക്കായി ദീർഘദൂരം യാത്ര ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും സമയബന്ധിതമായി അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ പ്രാദേശികമായി തന്നെ ലഭ്യമാക്കാൻ കഴിഞ്ഞതാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നിർണായകമായതെന്നും അരീക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബിൻ സി.വി ചൂണ്ടിക്കാട്ടി. ഇത്തരം അത്യാധുനിക സൗകര്യങ്ങൾ സാധാരണക്കാർക്ക് സ്വന്തം പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിതമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവുണ്ടെന്നതിന്റെ 5 ആദ്യകാല ലക്ഷണങ്ങൾ
പ്രോട്ടീനൊപ്പം ഫൈബറും പ്രധാനം; ശരീരത്തിന് ഇവ രണ്ടും ഒരുമിച്ച് നൽകുന്ന ഭക്ഷണങ്ങൾ ഇതാ