മഴക്കാലത്ത് മുഖക്കുരു വരുമോ? അറിയേണ്ട ചില കാര്യങ്ങള്‍...

By Web TeamFirst Published Jul 20, 2019, 9:29 PM IST
Highlights

മഴക്കാലമായാല്‍ മുഖക്കുരുവിൽ നിന്ന് അൽപം ആശ്വാസം ലഭിക്കുമെന്ന് ചിന്തിക്കാറുണ്ടോ? എന്നാല്‍ ഇതിൽ എത്രമാത്രം യാഥാർത്ഥ്യമുണ്ട്?

വേനല്‍ക്കാലത്ത് മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്‍പമെങ്കിലും ശ്രദ്ധയുള്ളവര്‍ക്കെല്ലാം ആധിയാണ്. പൊടിയും ചൂടും വിയര്‍പ്പും ഇരുന്ന് മുഖത്തെ ചര്‍മ്മമാകെ നശിക്കും. ഇതിനെല്ലാം പുറമെ മുഖക്കുരുവും. മഴക്കാലമായാല്‍ ഇതില്‍ നിന്നെല്ലാം രക്ഷ നേടാമല്ലോ, എന്നതാണ് ആകെയുള്ള ആശ്വാസം. എന്നാല്‍ മഴക്കാലം മുഖക്കുരുവിനെ ചെറുക്കും എന്ന കാര്യത്തില്‍ ഉറപ്പുണ്ടോ?

എങ്കില്‍ കേട്ടോളൂ, മഴക്കാലമാണെന്ന് വച്ച് മുഖക്കുരു വരാതിരിക്കുകയൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത്, മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മുഖം കൂടുതല്‍ എണ്ണമയമുള്ളതാകാന്‍ സാധ്യതയുണ്ട്. സ്വതവേ 'ഓയിലി സ്‌കിന്‍' ഉള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഈ പ്രശ്‌നം നേരിട്ടേക്കാം. 

മുഖം എണ്ണമയമുള്ളതാകുന്നതോടെ ഇത് ചുറ്റുപാടുകളില്‍ നിന്ന് എളുപ്പത്തില്‍ പൊടിയും അഴുക്കും വലിച്ചെടുക്കുന്നു. ഇത് വലിയ പരിധി വരെ മുഖക്കുരുവിന് കാരണമാകാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ മറ്റൊരു കാലാവസ്ഥയിലും കാണാത്തയത്രയും മുഖക്കുരു മഴക്കാലങ്ങളില്‍ കണ്ടേക്കാം. ഇത് ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ പ്രത്യേകത അനുസരിച്ചാണ് നടക്കുന്നത്. 

ഇതിനെ തടയാന്‍ ചെയ്യാവുന്നത്, നേരത്തേ സൂചിപ്പിച്ചത് പോലെ ഓരോരുത്തര്‍ക്കും സ്വന്തം 'സ്‌കിന്‍ ടൈപ്പ്' എങ്ങനെയുള്ളതാണ് എന്ന് കണ്ടെത്തി, അതിനെ ആരോഗ്യത്തോടെ സംരക്ഷിക്കാനുള്ള കരുതലാകാം എന്നതാണ്. മുഖം അമിതമായി 'ക്ലെന്‍സ്' ചെയ്യാന്‍ പരമാവധി ശ്രദ്ധിക്കണം. കാരണം, അമിതമായി 'ക്ലെന്‍സിംഗ്' ചെയ്യുമ്പോള്‍ മുഖം വരണ്ടതായി മാറും. ഇതും അത്ര നല്ലതല്ല. 

മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ പ്രകൃതിദത്തമായി ചെയ്യാവുന്ന ഒരു പരിഹാരം കൂടി നിര്‍ദേശിക്കാം. ഒരുപിടി ആര്യവേപ്പിന്‍ ഇലകള്‍ എടുത്ത് നന്നായി അരയ്ക്കുക. ഇതിലേക്ക് അല്‍പം മഞ്ഞള്‍പൊടിയും പാലും ചേര്‍ക്കുക. പേസ്റ്റ് പരുവത്തിലാക്കിയ ശേഷം മുഖത്തിടാം. പത്ത് മിനുറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. മുഖക്കുരുവിനെ ചെറുക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ആര്യവേപ്പിന്‍ ഇല. ഇതിന്റെ ഓയിലും ചര്‍മ്മത്തിനും വളരെ നല്ലതാണ്. 

click me!