
വായു മലിനീകരണം അൽഷിമേഴ്‌സ് രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. പ്ലോസ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. വായു മലിനീകരണം അൽഷിമേഴ്‌സ് രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദം, വിഷാദം തുടങ്ങിയ നിരവധി വിട്ടുമാറാത്ത അവസ്ഥകൾക്കും കാരണമാകുമെന്ന് മുമ്പും ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
2000-2018 കാലയളവിൽ യുഎസിലെ ഫെഡറൽ ഹെൽത്ത് ഇൻഷുറൻസായ മെഡികെയറിന്റെ 65 വയസ്സും അതിൽ കൂടുതലുമുള്ള ഗുണഭോക്താക്കളെയാണ് പഠനം പരിശോധിച്ചത്. വായു മലിനീകരണവുമായി ബന്ധപ്പെട്ട പങ്കാളികളുടെ സമ്പർക്കവും അവർക്ക് അൽഷിമേഴ്സ് രോഗം ബാധിച്ചിട്ടുണ്ടോ എന്നതും, അനുബന്ധ വിട്ടുമാറാത്ത അവസ്ഥകളുടെ പങ്കും വിശകലനം ചെയ്തു.
PM2.5 ന്റെ സാന്നിധ്യം ഉയർന്ന രക്തസമ്മർദ്ദം, വിഷാദം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ഇവയെല്ലാം അൽഷിമേഴ്‌സ് രോഗ സാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മലിനമായ വായു ശ്വസിക്കുന്നത് നാഡീസംബന്ധമായ തകരാറിന് (neurological damage) കാരണമാകുമെന്ന് ബർമിങ്‌ഹാം സർവകലാശാലയിലെയും ചൈനയിലെ ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകർ കണ്ടെത്തിയിരുന്നു.
വായു മലിനീകരണം കാഴ്ചയെ തടയുക മാത്രമല്ല, ദശലക്ഷക്കണക്കിന് നഗരവാസികളുടെ ശ്വാസകോശത്തിലേക്ക് വായു കണങ്ങൾ പ്രവേശിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിന്റെ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
മലിനമായ വായു കണങ്ങൾക്ക് തലച്ചോറിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ കഴിയുമെന്നാണ് പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. മസ്‌തിഷ്‌ക വൈകല്യങ്ങൾ ബാധിച്ച രോഗികളിൽ നിന്നും ശേഖരിച്ച മനുഷ്യ സെറിബ്രോസ്‌പൈനൽ ദ്രാവകങ്ങളിൽ നിന്ന് ധാരാളം സൂക്ഷ്‌മ കണികകളാണ് ഗവേഷകർ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam