ഒരു മെഡിക്കൽ ഉപകരണം റീഡിസൈൻ ചെയ്യപ്പെടുന്നു ! അതിലെന്തിത്ര അത്ഭുതം എന്നാണോ ?

Published : Feb 18, 2026, 03:27 PM ISTUpdated : Feb 18, 2026, 04:36 PM IST
lilium

Synopsis

ലിലിയം, ഡോക്ടർമാരുടെ ആവശ്യങ്ങളും നിറവേറ്റുന്നു. അതിന്റെ മൂന്ന് വശങ്ങളുള്ള തുറന്ന രൂപം യോനിയുടെ ഭിത്തികൾ ഇടിഞ്ഞ് വീഴുന്നത് തടയുകയും പരിശോധനകളിൽ കൂടുതൽ വ്യക്തമായ കാഴ്ച നൽകുന്നതിനു സഹായിക്കുകയും ചെയ്യുന്നു.

ഒരു മെഡിക്കൽ ഉപകരണം റീഡിസൈൻ ചെയ്യപ്പെടുന്നു ! അതിലെന്തിത്ര അത്ഭുതം എന്നാണോ ? എങ്കിൽ കേട്ടോളൂ , മണിക്കൂറിൽ പതിനായിരക്കണക്കിന് മനുഷ്യരിൽ എന്ന കണക്കിൽ മെഡിക്കൽ രംഗത്ത് ഉപയോഗിക്കേണ്ടി വരുന്ന ഒരു ഉപകരണം , അതും ഏതാണ്ട് നൂറ്റി എൺപതോളം വർഷങ്ങൾക്ക് ശേഷം ആണ് പുനർരൂപകല്പന നടത്താനുള്ള ശ്രമങ്ങൾ കാര്യക്ഷമമായി നടക്കുന്നത്. മനുഷ്യരിൽ എന്ന് പറഞ്ഞാൽ കൃത്യമാവില്ല . സ്ത്രീ ലൈംഗീകാവയവം ആയ "യോനി " ഉള്ള മനുഷ്യർ എന്ന് പറയേണ്ടി വരും.

അതായത് സ്ത്രീകളിൽ നിത്യേനയെന്നോണം ഗൈനകോളജി പരിശോധനങ്ങൾക്കായി ഉപയോഗിക്കുന്ന ദൃഡദമായ "സ്പെക്ക്ലം (Cusco's speculum)" എന്ന ഉപകരണത്തിനാണ് ഈയടുത്ത കാലത്ത് പുത്തൻ രൂപം പരീക്ഷിക്കപ്പെടുന്നത്. .Pap smears, IUD insertion, കോളപോസ്കോപ്പി തുടങ്ങി അത്ര സങ്കീർണ്ണമല്ലാത്ത സര്ജറികൾ നടത്തുമ്പോഴെല്ലാം vagina അല്ലെങ്കിൽ cervix ന്റെ അകം ഒരു ആരോഗ്യപ്രവർത്തകന് കൃത്യതയോടെ കാണാണ് വേണ്ടി സഹായിക്കുന്ന ഉപകരണമാണ് മേല്പറഞ്ഞത്. ഇത് കണ്ടു പരിചയമില്ലാത്തവർക്കായി ചിത്രം ഇതോടൊപ്പം ചേർക്കാം. ഈ ചിത്രം കാണുമ്പോഴെല്ലാം തെല്ലൊരു ഭീതിയോടെ ഉയിർത്തെഴുന്നേൽക്കപ്പെടുന്ന ഓർമ്മകൾ പേറുന്ന എന്നെപ്പോലെയുള്ള ഭൂരിഭാഗം സ്ത്രീകളെയും കണക്കിലെടുത്ത് ഒരു അനുഭവം പങ്കുവെക്കാതെ കഴിയില്ല .

2021 ലാണ് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ കാരണം തിരുവനന്തപുരത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ നിന്ന് വിരമിച്ച പ്രശസ്തയായ ഒരു സ്ത്രീ ഗൈനെക്കോളജിസ്റ്റിനെ എനിക്ക് സന്ദർശിക്കേണ്ടി വന്നത് . രണ്ട് മൂന്ന് മാസത്തെ മരുന്ന് ചികിത്സക്ക് ഫലമൊന്നും കാണാത്തതിനാൽ യൂട്രസ്സിന്റെ ഭാഗമായ ഫെല്ലോപിയൻ ട്യൂബുകളിൽ വല്ല തടസ്സവും ഉണ്ടോ എന്നറിയാനൊരു "ചെറിയ" ടെസ്റ്റ് ചെയ്യണം. പിറ്റേ ദിവസം ജോലിക്കു പോകും മുൻപ് , ഏകദേശം 2 മണിക്കൂർ കണക്കാക്കി ഹോപ്സിറ്റലിലേക്കു എത്താൻ നിർദേശിച്ച പ്രകാരം ഞാൻ കൃത്ത്യ സമയത്ത് ഒപി യിൽ എത്തി .അല്പം കഴിഞ്ഞതും എന്നെ ഓപ്പറേഷൻ തിയറ്റിറിലേക്കു കൊണ്ടുപോകാൻ ഒരു നേഴ്സ് വന്നു.

ഡോക്ടർ അവിടേക്ക് വരാൻ പറഞ്ഞെന്നു മാത്രം അറിയിച്ചു. സ്ഥലപരിമിതിയോ സമയപരിമിതിയോ ആകാമെന്ന് കരുതി ഞാനും അനുഗമിച്ചു .അവിടെ ചെന്നതും, കഷ്ടി വലിയൊരു ചായ ട്രേയും 3 കപ്പും വെക്കാൻ മാത്രം പാകത്തിന് വലുപ്പമുള്ള ഒരു ടേബിൾ (?) ഭിത്തിയോട് ചേർന്നിരിക്കുന്നു . അരികിൽ അതിൽ നിന്ന് തന്നെ കയ്യെത്താവുന്ന ദൂരത്തിൽ ഇരു വശത്തും മറ്റു രണ്ടു കുഞ്ഞു ട്രേകളും . 4 നഴ്സുമാർ അങ്ങിങ്ങായി രാവിലത്തെ പ്രാരാബ്ധം പറഞ്ഞു നിൽക്കുന്നു .

ഞാൻ ഇതികർത്തവ്യതാമൂഢയായി നിന്ന നേരത്ത് എന്നോട് അരക്കു കീഴ്പ്പോട്ട് വിവസ്ത്രയാകാനും തയ്യാറാവാനും അറിയിച്ചു. ഡോക്ടർ വരാനുള്ള സമയം വൈകുംത്തോറും എനിക്ക് ആധി കൂടുകയും അവിടെ നിന്നതിൽ പ്രായം കൂടിയ നഴ്സിനോട് procedure നെക്കുറിച്ചു ചോദിക്കുകയും ചെയ്തു ."ചില ഭീരുക്കൾ " ആയ "കൊച്ചു പെൺകുട്ടികൾ " ചിലപ്പോഴൊക്കെ ചെറിയ വേദന പറയുന്നതൊഴിച്ചാൽ പ്രത്യേകിച്ച് വലിയ പേടിക്കത്തക്ക ഒന്നുമില്ലാത്ത പരിപാടിയാണെന്ന് എന്നോട് പറയുകയും ചെയ്തു. അൽപ സമയത്തിനുള്ളിൽ ഡോക്ടർ ധൃതി പിടിച്ചു വരികയും എന്നോട് കയറി കിടക്കാൻ പറയുകയും ചെയ്തു.

കൃത്യം 2 പടികളുള്ള സ്റ്റീൽ പടികൾ ചവിട്ടി ഇരിക്കാൻ കൂടി ഇടമില്ലാത്ത ആ ട്രെയുടെ മുകളിൽ ഇരുവശത്തേക്കും കാലുകൾ ഉയർത്തി എന്നെ പിടിച്ചു കിടത്തിയത് അത് വരെ ചിതറി നിന്ന നഴ്സുമാർ ഓടിവന്നിട്ടാണ് . അങ്കലാപ്പിൽ , കടുത്ത അരക്ഷിതാവസ്ഥയിൽ ആയ എന്നോട് "ഇപ്പൊ തീരും " എന്ന് മാത്രം പറയുകയും താറാവിന്റെ ചുണ്ടിനെ ഓർമിപ്പിക്കും വിധം മുഖമുള്ള വലിയൊരു സ്റ്റീൽ ഉപകരണം കാലിനിടയിലേക്ക് വെക്കുകയും സ്ക്രൂ പിരിക്കും പോലെ ശബ്ദം കേട്ടതും അസ്വസ്ഥത തുടങ്ങിയതും ഓർമ്മയുണ്ട് ! അകത്തേക്കെന്തോ മരുന്ന് കടത്തി വിട്ടതും പ്രാണൻ കൂടു വിട്ട് പോകുന്ന വേദനയിൽ ഞാൻ അലറി .

അപ്പോഴും എന്റെ കയ്യും കാലും അകത്തിപിടിക്കാനും , "ഹ! ഇതൊരു ചെറിയ procedure അല്ലെ കൊച്ചെ ..ഒന്നുകിൽ ഒരു പ്രസവം കഴിഞ്ഞതല്ലേ ?!" എന്ന് പറയാൻ ഒരു ഡോക്ടറും പർവ്വതരൂപിയായി എന്റെ മുന്നിൽ നിന്നത് ഇന്നും ഓർക്കുന്നു ! ഇപ്പറഞ്ഞ "ചെറിയ procedure" കഴിഞ്ഞാൽ ജോലിക്കു പോകാമെന്നു വിശ്വസിച്ചൊരുങ്ങി വന്ന ഞാൻ കടുത്ത ബ്ലീഡിങ് കാരണം 2 ദിവസം ലീവ് എടുത്തു . വേദന വേറെയും !

അന്ന് മുതലാണ് മെഡിക്കൽ പ്രൊസീഡ്റുകളോട് പൊതുവായും, ഗൈനക്കോളജി സംബന്ധമായവയോടു പ്രത്യേകിച്ചും കടുത്ത പേടി ഉടലെടുത്തത് .ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ലെന്നു പിന്നീട് എത്രയോ സ്ത്രീകളിൽ നിന്ന് അറിയാൻ കഴിഞ്ഞു.

ഒരു പിടിയും താറാവിന്റെത് പോലെയുള്ള കൊക്കും ഉള്ള ഒരു മെറ്റൽ ഉപകരണം. അത് യോനിയിലേക്ക് കയറ്റുക എന്നത് തന്നെ മിക്ക സ്ത്രീകൾക്കും ഉൽകണ്ഠ ഉണ്ടാക്കുന്ന പ്രവൃത്തിയാണെന്നിരിക്കെ , അകത്തേക്ക് എത്തിയാൽ അകം തുറന്ന കാഴ്ച കിട്ടാൻ അവ handle ഉപയോഗിച്ച് യോനിക്കുള്ളിലെ സോഫ്റ്റ് മസിലുകൾക്ക് നേരെ തുറക്കുമ്പോൾ മസിൽ പിരിമുറുക്കം കാരണം കടുത്ത വേദന അനുഭവപ്പെടാം.മിക്കവാറും സമയങ്ങളിൽ ഇത്തരം പ്രൊസീഡ്റുകൾ വേദന സംഹാര മാർഗ്ഗങ്ങൾ സ്വീകരിക്കാതെയാണ് താനും ചെയ്യാറുള്ളത്.

അനാർക്ക (Anarcha ) വെസ്റ്റ്കോട്ട്. എന്ന പേര് ഈ അവസരത്തിൽ ചരിത്രത്തിന്റെ ഇരുട്ടറകളിൽ നിന്നുള്ള ഓർമ്മപ്പെടുത്തലായി മാറുന്നു. വെളുത്ത സ്ത്രീകളായ രോഗികൾക്ക് പ്രയോജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡോക്ടർ ജെയിംസ് മാറിയൻ സിംസ് ഏതാണ്ട് 180 വര്ഷങ്ങള്ക്കു മുൻപ് തടവിലാക്കപ്പെട്ട അടിമസ്ത്രീകളിൽ അവരുടെ സമ്മതത്തോടു കൂടിയല്ലാതെ (പ്രത്യേകിച്ച് യാതൊരു വേദന സംഹാര മാർഗ്ഗങ്ങളും നിലവിലില്ലാത്ത കാലത്ത് ) നടത്തിയ അനേകം പരീക്ഷണാത്മക ശസ്ത്രക്രിയകൾക്കൊടുക്കമാണ് ഇന്ന് കാണുന്ന ഉപകരണത്തിന്റെ ആദ്യ രൂപം പിറവിയെടുക്കുന്നത് .

1800‑കളിന് മുമ്പ്, വൈവിധ്യമാർന്ന വൈദ്യോപയോഗങ്ങൾക്കായി യോനിദർശിനി (vaginal speculum) പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് യോനിയുടെ അകത്തെ മുറിവുകൾ cauterize ചെയ്യുന്നതിനും, രക്തസ്രാവം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ സർവിക്സ് ഭാഗത്ത് അട്ടകളെ വെക്കുകയുമൊക്കെ ചെയ്തിരുന്നു.

1845‑ൽ, ജെയിംസ് മാരിയൻ സിംസ് അലബാമയിലെ മോണ്ട്ഗോമറിയിലെ ഒരു സ്വകാര്യ താത്കാലിക ആശുപത്രിയിൽ ദീർഘമായോ ബുദ്ധിമുട്ടുള്ളതോ ആയ പ്രസവങ്ങൾക്കുശേഷമോ , കുഞ്ഞ് യോനിയുടെ ഭിത്തികളിൽ അമിത സമ്മർദ്ദം ചെലുത്തുന്നതിനാലോ കൂടാതെ ദീർഘകാലം ചികിത്സിക്കാത്ത മൂത്രാശയ അണുബാധകൾ കാരണമോ ഉണ്ടായേക്കാവുന്ന , മൂത്രാശയത്തിലും മലാശയത്തിലും നിന്ന് യോനിയിൽ വരെ ഒരു ദ്വാരം രൂപപ്പെടുന്ന Fistula എന്ന അസുഖം ബാധിച്ച നിരവധി സ്ത്രീകളെ ചികിത്സിച്ചു.

യോനിയിൽ ഒരു വളഞ്ഞ സ്പൂൺ പ്രവേശിപ്പിച്ച് സർവിക്സ് ഭാഗവും മറ്റ് വൈദ്യപരമായ അസാധാരണതകളും വ്യക്തമായി കാണാൻ സഹായിച്ച ആ ഉപകരണത്തിന് അദ്ദേഹം "സിംസ് സ്പെകുലം" എന്ന പേര് നൽകി. 1850‑ൽ, ലണ്ടനിലെ മെഡിസിൻ ആൻഡ് സർജിക്കൽ സൊസൈറ്റിയിലെ വിദഗ്ധർ , ഗൈനക്കോളജിയിൽ സ്പെകുലം ഉപയോഗിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും ഉള്ള വാദങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു യോഗത്തിൽ പങ്കെടുത്തു. ചിലർ, സ്ത്രീ രോഗികൾ പരിശോധനയെ ലൈംഗിക അനുഭവമായി തെറ്റിദ്ധരിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ചത്രെ!

1870‑ൽ, എഡ്വേഡ് ഗബ്രിയേൽ കുസ്കോ സിംസിന്റെ സ്പെകുലം പുതുക്കി, പ്രശസ്തമായ "ഡക്ക്ബിൽ" രൂപകൽപ്പന കണ്ടുപിടിച്ചു. 1878‑ൽ, വൈദ്യനായ തോമസ് ഗ്രേവ്സ് കുസ്കോയുടെ രൂപകൽപ്പനയെ അടിസ്ഥാനമാക്കി രണ്ട് വളഞ്ഞ ലോഹ ബ്ലേഡുകൾ ഉൾപ്പെടുത്തുകയും ചെയ്തു.1970‑കളിൽ, സ്പെകുലം പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന പരിശോധനകൾ സ്ത്രീകളെ പീഡിപ്പിക്കുന്നതിനോട് താരതമ്യം ചെയ്യപ്പെട്ടു .

ചരിത്രപരമായി സ്ത്രീ രോഗികളുടെ ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ , പാട്രിയാർക്കിയിൽ അധിഷ്ഠിതമായ സമൂഹം അതിരുവിട്ട ഇടപെടലുകൾ നടത്തിയതായി വിമർശനങ്ങൾ ഏറെ ശക്തിയോടെ ഉയർന്നു വന്നു.സിംസിന്റെയും ഗ്രേവ്സിന്റെയും സ്പെകുലം രൂപകൽപ്പനകളിൽ മെച്ചപ്പെടുത്തലുകൾ തുടർന്നുവെങ്കിലും, അവയുടെ അടിസ്ഥാന രൂപകൽപ്പനകൾ ചരിത്രം മുഴുവൻ കൂടുതലായും അതേപടി നിലനിന്നു.

മെറ്റലിൽ നിന്ന് ഫൈബർ ആയപ്പോഴും അവസ്ഥക്ക് പറയത്തക്ക മാറ്റങ്ങളൊന്നുമുണ്ടായില്ല.ഇപ്പോഴിതാ രണ്ടു വനിതാ ഡച്ച് ഡിസൈൻ എഞ്ചിനീറുമാരായ ആര്യാടന ഇസ്കാര ഗുൾ (Ariadna Izcara Gual) , ടമര ഹോവെളിംഗ് (Tamara Hoveling) എന്നിവർ ലില്ലി എന്ന പൂവിന്റെ ഇതളിനെ ഓർമ്മിപ്പിക്കും വിധത്തിൽ യോനിക്കകത്തെത്തുമ്പോൾ സാവധാനം ഇതളുകളായി തുറക്കുന്ന സോഫ്റ്റ് ഫൈബർ കൊണ്ട് "ലിലിയം" എന്ന പുതിയൊരു പ്രോട്ടോടൈപ്പ് Cusco's സ്പെക്കുലത്തിനു നൽകിയിരിക്കുന്നു ! ഈ ഉപകരണം മൃദുവായ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ചതും ഒരു ആപ്ലിക്കേറ്റർ ഉൾക്കൊള്ളുന്നതുമാണ്.

ഒരു ഡോക്ടറുടെ കണ്ണിലൂടെയുള്ള നോക്കികാണലിനേക്കാൾ രോഗിക്കു മുൻഗണന നൽകിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നിരിക്കെ അതീവ സംവേദനശീലമുള്ള ഭാഗത്തു നടത്തുന്ന പരിശോധനകൾ മെച്ചപ്പെടുത്തുക അല്ലെങ്കിൽ താരതമ്യേന അനായാസം നടത്തുക എന്നതാണ് ലക്ഷ്യം എന്നാണു വികസിപ്പിച്ചവർ വ്യക്തമാക്കിയത്. അതേസമയം, ലിലിയം, ഡോക്ടർമാരുടെ ആവശ്യങ്ങളും നിറവേറ്റുന്നു. അതിന്റെ മൂന്ന് വശങ്ങളുള്ള തുറന്ന രൂപം യോനിയുടെ ഭിത്തികൾ ഇടിഞ്ഞ് വീഴുന്നത് തടയുകയും പരിശോധനകളിൽ കൂടുതൽ വ്യക്തമായ കാഴ്ച നൽകുന്നതിനു സഹായിക്കുകയും ചെയ്യുന്നു.

ഇതിന്റെ ഗവേഷണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി നടന്നതിന് ശേഷം അടുത്ത ഘട്ടത്തിന് ധനം കണ്ടെത്തുന്നതിനായി അവർ ഒരു ക്രൗഡ്ഫണ്ടിംഗ് ക്യാമ്പെയ്ൻ ആരംഭിച്ചു. അത് ഉടൻ തന്നെ നെതർലാൻഡ്സിൽ മാധ്യമശ്രദ്ധ നേടി. 

വെറും രണ്ട് ദിവസത്തിനുള്ളിൽ, ക്യാമ്പെയ്ൻ 100,000 യൂറോ (117,000 ഡോളർ) സമാഹരിച്ചു — പ്രതീക്ഷകളെ ഏറെ മറികടന്ന്. ഇത്തരമൊരു മുന്നേറ്റത്തിൻറെ പ്രകടമായ ആവശ്യം ബോധിപ്പിക്കുന്ന ഒന്നായി വേണം അതിനെ കാണാൻ. ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങൾ സ്ത്രീകൾക്കായി കൂടുതൽ സൗമ്യവും മാന്യവുമായ വൈദ്യപരിശോധനകൾ ഉറപ്പാക്കും.

സ്കാനിംഗ് റൂമുകളിൽ അവസരം കാത്ത് അപരിചിതരോടൊപ്പം ഒരു തുണിയുടെ മറവിൽ മാത്രം (മിക്കപ്പോഴും അത് നിഷ്ക്രിയമാണ് ) വരിയായി നിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അത്ര സുഖകരമല്ലാത്ത മാനസികാവസ്ഥയിൽ തുടങ്ങി , മിക്കപ്പോഴും ശരീരത്തിൽ ചെയ്യാൻ പോകുന്നതെന്തെന്നു മുഴുവനായും മനസ്സിലാക്കി സമ്മതം കൊടുക്കാനുള്ള അവസരം കൂടി ഒരു സ്ത്രീക്ക് നിലവിലുള്ള മെഡിക്കൽ സംവിധാനത്തിൽ ലഭ്യമാകാറില്ല .മറ്റേത് രംഗങ്ങളിലെയും പോലെ തന്നെ പുറമേക്ക് "part of the process" എന്ന തരത്തിൽ സ്ത്രീകളുടെ വേദനയെയും ശരീരത്തിന് മുകളിലുള്ള ഓട്ടോണമിയും ആരോഗ്യ രംഗത്ത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

മിക്കപ്പോഴും അത് തുറന്നു പറയുന്നവരുടെ എണ്ണം കുറയുന്നത് അവയോടുള്ള പൊതുവായ കാഴ്ചപ്പാട് എന്നത് സ്ത്രീയെന്ന ജൻഡറിനോട് ചേർത്ത് വച്ചിട്ടുള്ള "സഹനം" എന്ന സ്റ്റീരിയോടൈപ്പ് തന്നെയാണ് എന്ന് വേണം കരുതാൻ. രോഗിയുടെ സ്വകാര്യതയും സൗകര്യവും ഒരുപോലെ കണക്കിലെടുക്കുകയും ശരീരത്തിനെ കേവലം പരീക്ഷണനിലങ്ങളായി കാണാതിരിക്കുകയും ചെയ്യുന്നതിന് നൂറ്റാണ്ടുകൾക്കിപ്പുറവും ഒരു അത്ഭുത പ്രതീതിയുളവാക്കുന്ന പ്രവർത്തനമായി കാണുന്നുണ്ടെങ്കിൽ , ഇവടെ മറുഭാഗത്തുള്ളത് ഒരു പ്രത്യേക ലിംഗ വിഭാഗമായത് കൊണ്ടാണോ എന്ന തോന്നൽ തികച്ചും ദൗർഭാഗ്യകരമാണ്.

ഏതായാലും , മനുഷ്യ ശരീരത്തോട് അടുത്തു പെരുമാറേണ്ടി വരുന്ന പരിശോധനാരീതികളിലും , അതിനുപയോഗിക്കുന്ന ഉപകരണങ്ങളിലുമൊക്കെ സാംസ്കാരികവും , ലിംഗപരവുമായ വെത്യസ്തതകളെ കണക്കിലെടുത്തുകൊണ്ടുള്ള പഠനങ്ങൾ നടത്തേണ്ടത് വളരെ അനിവാര്യമാണെന്ന് വേണം കരുതാൻ.

ലേഖനം തയ്യാറാക്കിയത്:

ദ്വിതീയ പാതിരാമണ്ണ , ഡയറക്ടർ,

റീഹാബിലിറ്റേഷൻ ഓപ്പറേഷൻസ്

XceptionalLEARNING, kochi

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീത്ത കൂട്ടുകെട്ട്! കുട്ടികൾ വഴിതെറ്റുന്നുണ്ടോ? ഈ ലക്ഷണങ്ങൾ മാതാപിതാക്കൾ അറിയാതെ പോകരുത്!
വായു മലിനീകരണം അൽഷിമേഴ്‌സ് രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം