ഹൃദയാഘാതം, നേരത്തേ പ്രായം തോന്നിക്കുക; ചില്ലറക്കാരനല്ല 'അജിനോമോട്ടോ'; പുതിയ പഠനം

By Web TeamFirst Published Sep 18, 2022, 7:44 AM IST
Highlights

ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ അമിത രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, നേരത്തെ പ്രായം തോന്നിക്കുക തുടങ്ങിയ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് അജിനോമോട്ടോ കാരണക്കാരനാകുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. 

ഭക്ഷണങ്ങളില്‍ 'അജിനോമോട്ടോ' ചേര്‍ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന്  നാം വ്യാപകമായി കേട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇന്നും ഇത് കാര്യമായി തന്നെ പല റെസ്റ്റോറന്‍റുകളിലും ഉപയോഗിക്കുന്നു. ഭക്ഷണങ്ങള്‍ക്ക് രുചിയും മണവും രൂപഭംഗിയും നിറവുമൊക്കെ കിട്ടാനാണ് ഇവ ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ അമിനോ ആസിഡായ 'ഗ്ലൂട്ടമിക് ആസിഡ്' സോഡിയം എന്നിവയില്‍ നിന്നാണ് അജിനോമോട്ടോ ഉത്പാദിപ്പിക്കുന്നത്. വെളുത്ത ചെറിയ പൊടിയുടെ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്.

ചൈനീസ്, ഏഷ്യന്‍ ഭക്ഷണങ്ങളില്‍ പലപ്പോഴും അജിനോമോട്ടോ ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇവ വില്ലനാണ് എന്നതുസംബന്ധിച്ച് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ അമിത രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, നേരത്തെ പ്രായം തോന്നിക്കുക തുടങ്ങിയ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് അജിനോമോട്ടോ കാരണക്കാരനാകുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. 

അലഹാബാദ് യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി വിഭാ​ഗത്തിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യൻ ജേർണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറഞ്ഞ അളവിലുള്ള അജിനോമോട്ടോ പോലും ശരീരത്തിന് പ്രശ്നമാണെന്നാണ് ​ഗവേഷകർ പറയുന്നത്. അമിത സമ്മർദം, ഹൃദയാഘാതം പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്ക് അജിനോമോട്ടോ കാരണക്കാരനാകുന്നുവെന്ന് ​ഗവേഷകർ വ്യക്തമാക്കി. കൂടാതെ നേരത്തേ വാർധക്യത്തിലേക്ക് എത്തുന്നതിലും അജിനോമോട്ടോയ്ക്ക് പങ്കുണ്ടെന്നും ​പഠനത്തിൽ പറയുന്നു.

1908ല്‍ ജാപ്പനീസ് ശാസ്ത്രജ്ഞനായ കിക്കൂന്‍ ഇക്കെഡ ആണ് ആദ്യമായി അജിനോമോട്ട തയ്യാറാക്കിയതെന്ന് കരുതപ്പെടുന്നു. പ്രകൃതിദത്തമായ വിഭവത്തില്‍ നിന്നാണ് കിക്കൂന്‍ അജിനോമോട്ടോ ഉത്പാദിപ്പിച്ചെടുത്തത്. പിന്നീട് 1909ല്‍ 'അജിനോമോട്ടോ' എന്ന പേരില്‍ ഒരു ജാപ്പനീസ് കമ്പനി തന്നെയാണ് വ്യാവസായികാടിസ്ഥാനത്തില്‍ അജിനോമോട്ടോ ഉത്പാദിപ്പിച്ചുതുടങ്ങിയത്. എംഎസ്ജി എന്ന പേരിലും അജിനോമോട്ടോ അറിയപ്പെടാറുണ്ട്. പലപ്പോഴും ഇത് രണ്ടും രണ്ട് പദാര്‍ത്ഥങ്ങളാണെന്ന തെറ്റിദ്ധാരണ ആളുകളില്‍ കണ്ടുവരാറുണ്ട്. 

യുഎസിലെ 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍' അജിനോമോട്ടോയെ 'പൊതുവില്‍' സുരക്ഷിതമായ പദാര്‍ത്ഥം എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് മിതമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് ശരീരത്തിന് വലിയ ദോഷം ചെയ്യില്ല, അതിനാല്‍ തന്നെ ഉപയോഗിക്കേണ്ടവര്‍ക്ക് ഉപയോഗിക്കാം എന്ന രീതി. എന്നാല്‍ അമിതമായി അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ വിഷയത്തിലുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും ഈ ആറ് പച്ചക്കറികള്‍...

click me!