പതിവായി വ്യായാമം ചെയ്താൽ മാത്രം പോര 'ഹെൽത്ത്' സുരക്ഷിതമാകാൻ; പിന്നെയോ?

By Web TeamFirst Published Sep 17, 2022, 10:40 PM IST
Highlights

വ്യായാമം ചെയ്യുന്നത് നല്ലത് തന്നെയാണ്. എന്നുമാത്രമല്ല, വ്യായാമം ഒരു തരത്തിൽ പറഞ്ഞാൽ നിർബന്ധവുമാണ്. എന്നാൽ പതിവായി വ്യായാമം ചെയ്താൽ മാത്രം പോര,കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണമെന്നുമാണ് പുതിയൊരു പഠനം ഓർമ്മിപ്പിക്കുന്നത്. 

വ്യായാമം പതിവാക്കിയാൽ പിന്നെ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ പിടികൂടുകയില്ലെന്നും നമ്മൾ സുരക്ഷിതരായെന്നും കരുതുന്നവരാണ് ഏറെയും. അതുകൊണ്ട് തന്നെ വ്യായാമത്തിന് വേണ്ടി എങ്ങനെയെങ്കിലും അൽപസമയം കണ്ടെത്താനും ഇന്ന് മിക്കവരും ശ്രമിക്കാറുണ്ട്. 

വ്യായാമം ചെയ്യുന്നത് നല്ലത് തന്നെയാണ്. എന്നുമാത്രമല്ല, വ്യായാമം ഒരു തരത്തിൽ പറഞ്ഞാൽ നിർബന്ധവുമാണ്. എന്നാൽ പതിവായി വ്യായാമം ചെയ്താൽ മാത്രം പോര,കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണമെന്നുമാണ് പുതിയൊരു പഠനം ഓർമ്മിപ്പിക്കുന്നത്. 

ഫിൻലൻഡിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. 'മെഡിസിൻ & സയൻസ് ഇൻ സ്പോർട്സ് & എക്സർസൈസ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങൾ വന്നത്. പതിവായി മുപ്പത് മിനുറ്റ് വ്യായാമം ചെയ്യുകയും ബാക്കി സമയത്ത് മണിക്കൂറുകളോളം ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നവരിൽ വ്യായാമം ഫലമുണ്ടാക്കില്ലെന്നും കൂടാതെ ഇവരിൽ ഷുഗർ, കൊളസ്ട്രോൾ അല്ലെങ്കിൽ കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന അവസ്ഥ- എന്നിവയ്ക്കുള്ള സാധ്യതയുണ്ടെന്നുമാണ് പഠനം പറയുന്നത്. 

ഷുഗറും കൊളസ്ട്രോളും നമുക്കറിയാം, പല അനുബന്ധ പ്രശ്നങ്ങളിലേക്കും നമ്മെ നയിച്ചേക്കാം. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥകളിലേക്കെല്ലാം നമ്മെയെത്തിക്കാൻ ഇവയ്ക്കാകും. 

പത്തും പന്ത്രണ്ടും മണിക്കൂറെല്ലാം പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ചടഞ്ഞുകൂടിയിരിക്കുന്നവർ ഇന്ന് ഏറെയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഫോൺ ഉപയോഗവും, ഇരുന്നുള്ള ജോലിയുമെല്ലാം ഇതിലുൾപ്പെടുന്നു. ഇത്തരക്കാർ ദിവസത്തിൽ മുപ്പത് മിനുറ്റ് വ്യായാമത്തിന് വേണ്ടി മാറ്റിവച്ചിട്ട് കാര്യമില്ല- മറിച്ച് വ്യായാമത്തിന് പുറമെ ഒന്നര മണിക്കൂറെങ്കിലും എന്തെങ്കിലും വിധത്തിലുള്ള മറ്റ് കായികമായ കാര്യങ്ങളിൽ ഉൾപ്പെട്ടാൽ വ്യായാമത്തിനും ഗുണമായി- ശരീരവും സുരക്ഷിതമാകുമെന്നും ഇവർ പറയുന്നു. 

നടത്തം, വീട്ടുജോലി, പടികൾ കയറിയിറങ്ങൽ തുടങ്ങി ഏത് രീതിയിലും ഈ സമയം കായികമായ കാര്യങ്ങൾ ചെയ്യാം. ഓഫീസ് ജോലി ചെയ്യുന്നവരാണെങ്കിൽ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കാതെ ഇടയ്ക്കിടെ ഒന്ന് നടക്കുക, പടികൾ കയറിയിറങ്ങുക, സ്ട്രെച്ചിംഗ് എന്നിവയും ചെയ്യാം. എന്തായാലും മറ്റ് സമയങ്ങളിൽ ഒന്നും ചെയ്യാതെ വ്യായാമസമയത്ത് മാത്രമായി ശരീരമനക്കുന്നത് കൊണ്ട് ഗുണമില്ലെന്ന് ഇതോടെ വ്യക്തമായല്ലോ. ഈ രീതിയിൽ വ്യായാമത്തിന്‍റെ ഗുണങ്ങളെ കുറിച്ചും മറ്റും വിശാലമായി ഗവേഷകർ പഠിക്കാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും പഠനത്തിന് നേതൃത്വം നൽകിയ വിദഗ്ധർ പറയുന്നു.

Also Read:- കൊളസ്ട്രോൾ കുറയ്ക്കാൻ പതിവായി ചെയ്യേണ്ടത്...

click me!