ആറ് വയസുകാരനെ കൊന്നത് തലച്ചോറ് ഭക്ഷണമാക്കുന്ന ജീവി; ജാഗ്രതാനിര്‍ദേശവുമായി ടെക്‌സസില്‍ അധികൃതര്‍

By Web TeamFirst Published Sep 29, 2020, 11:11 PM IST
Highlights

പനി, ഛര്‍ദ്ദി, ക്ഷീണം, തലവേദന, ശരീരത്തിന്റെ 'ബാലന്‍സ്' നഷ്ടപ്പെടുന്നതായി തോന്നുന്ന അവസ്ഥ എന്നിവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളായി വരാം. അമീബയുടെ ആക്രമണം കനപ്പെടുന്നതോടെ 'ഹാലൂസിനേഷന്‍' (ഇല്ലാത്തത് കാണുക, കേള്‍ക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍), ആളുകളേയും ചുറ്റുപാടുകളേയും തിരിച്ചറിയപ്പെടാതിരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലേക്ക് കടക്കും

മനുഷ്യന്റെ തലച്ചോറിനെ ഭക്ഷണമാക്കുന്ന സൂക്ഷ്മജീവി! വെള്ളത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് തലച്ചോറിലെത്തി, അവിടം ഭക്ഷണമാക്കി ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന വില്ലന്‍. ഇതെപ്പറ്റി കേള്‍ക്കുമ്പോള്‍ തന്നെ നമ്മളില്‍ ഭയവും ആശങ്കയുമെല്ലാം നിറഞ്ഞേക്കാം. 

യുഎസിലെ ടെക്‌സാസില്‍ ഇക്കഴിഞ്ഞ 8ന്, ചികിത്സയിലിരിക്കെ മരിച്ച ആറുവയസുകാരന്റെ മരണകാരണവും ഇതുതന്നെയായിരുന്നു. വെള്ളത്തില്‍ നിന്ന് മൂക്കിലൂടെ കയറിയ 'അമീബ' പിന്നീട് തലച്ചോറിലെത്തുകയും, തലച്ചോറിനെ തകര്‍ത്ത് ദിവസങ്ങള്‍ക്കകം തന്നെ ബാലന്റെ ജീവന്‍ കവരുകയും ചെയ്തു. 

മരിച്ച ആറുവയസുകാരന്റെ വീട്ടിലും പരസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ അവിടങ്ങളില്‍ ലഭ്യമായ വെള്ളത്തില്‍ അപകടകാരിയായ ഈ അമീബയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതര്‍. 

ചില തടാകങ്ങളിലും പുഴകളിലുമെല്ലാം ഇവ പ്രകൃത്യാ തന്നെ കാണപ്പെടാറുണ്ട്. അതുപോലെ വൃത്തിയായി സൂക്ഷിക്കാത്ത നീന്തല്‍ക്കുളങ്ങളിലും ഇവ കണ്ടേക്കാം. ഏതെങ്കിലും തരത്തില്‍ ശരീരത്തിനകത്തെത്തിയാല്‍ പിന്നെ കുറഞ്ഞ സമയം കൊണ്ടാണ് അമീബ അതിന്റെ ജോലി തുടങ്ങുന്നത്. 

പനി, ഛര്‍ദ്ദി, ക്ഷീണം, തലവേദന, ശരീരത്തിന്റെ 'ബാലന്‍സ്' നഷ്ടപ്പെടുന്നതായി തോന്നുന്ന അവസ്ഥ എന്നിവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളായി വരാം. അമീബയുടെ ആക്രമണം കനപ്പെടുന്നതോടെ 'ഹാലൂസിനേഷന്‍' (ഇല്ലാത്തത് കാണുക, കേള്‍ക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍), ആളുകളേയും ചുറ്റുപാടുകളേയും തിരിച്ചറിയപ്പെടാതിരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലേക്ക് കടക്കും. വൈകാതെ തന്നെ രോഗി മരണത്തിലേക്കും എത്തും. ഇതില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ വളരെ കുറവാണെന്നതും ശ്രദ്ധേയമാണ്. 

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഫ്‌ളോറിഡയില്‍ സമാനമായ രീതിയില്‍ ഒരു പതിമൂന്നുകാരന്‍ മരിച്ചിരുന്നു. കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലും 2019 മെയിലും മലപ്പുറത്ത് രണ്ട് കുട്ടികള്‍ ഇതേ കാരണം മൂലം മരിച്ചിരുന്നു. 

Also Read:- തലച്ചോറ് ഭക്ഷണമാക്കുന്ന ജീവി; പതിമൂന്നുകാരന് ദാരുണാന്ത്യം!...

click me!