തലച്ചോര്‍ ഭക്ഷണമാക്കുന്ന 'അമീബ'യുടെ ആക്രമണത്തില്‍ പതിമൂന്നുകാരന് ദാരുണാന്ത്യം. ടാനര്‍ ലേക്ക് വാള്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഫ്‌ളോറിഡയില്‍ മരിച്ചത്. അസുഖം കണ്ടെത്തിക്കഴിഞ്ഞ് അധികം വൈകാതെ തന്നെ മകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ടാനറിന്റെ മാതാപിതാക്കള്‍ അറിയിച്ചു. 

അവധിയാഘോഷിക്കാന്‍ ടാനറിന്റെ കുടുംബം നോര്‍ത്ത് ഫ്‌ളോയിഡയിലെ ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ പോയിരുന്നു. ഇവിടെ വച്ച് വെള്ളത്തില്‍ നിന്ന് ടാനറിന്റെ ശരീരത്തിലെത്തിയതാകാം 'അമീബ'യെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം. 

കുളങ്ങളിലും തടാകങ്ങളിലും ചില സീസണില്‍ കാണപ്പെടുന്ന ഇത്തരം 'അമീബ'കള്‍ മൂക്കിലൂടെയാണ് മനുഷ്യശരീരത്തിലേക്ക് കടക്കുന്നത്. ശേഷം നേരെ തലച്ചോറിലേക്ക് നീങ്ങും. തലച്ചോറിലെത്തിയാല്‍ പിന്നെ ചുരുങ്ങിയ സമയം കൊണ്ട് ജീവന് ഭീഷണിയാകുന്ന തരത്തില്‍ തലച്ചോറിനെ നശിപ്പിക്കും. 

ടാനറിന്റെ കേസില്‍ അവധിയാഘോഷം തീര്‍ന്ന് വീട്ടിലെത്തി, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രോഗലക്ഷണങ്ങല്‍ കണ്ടുതുടങ്ങിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. തലവേദന, ഛര്‍ദ്ദി, ക്ഷീണം എന്നിങ്ങനെയായിരുന്നു ലക്ഷണങ്ങള്‍. ആദ്യം അടുത്തുള്ളൊരു ആശുപത്രിയില്‍ കാണിച്ചെങ്കിലും പിന്നീട് ഇവര്‍ തന്നെ അല്‍പം അകലെയുള്ള വലിയ ആശുപത്രിയിലേക്ക് മകനെ മാറ്റി. 

അവിടെ വച്ചാണ് വെള്ളത്തില്‍ നിന്ന് ശരീരത്തിലെത്തുന്ന 'അമീബ'യുടെ ആക്രമണമാണെന്ന് കണ്ടെത്തപ്പെട്ടത്. എന്നാല്‍ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയ ടാനറിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. 

തലച്ചോറിനകത്ത് ഈ ഭീകരനായ ഏകകോശ ജീവി കയറിക്കൂടിയാല്‍ പിന്നെ അതിവേഗത്തിലാണ് ജീവന്‍ അപകടപ്പെടുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യലക്ഷണങ്ങള്‍ കാണിക്കും. പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം എന്നിവയാണ് ആദ്യഘട്ടത്തിലെ ലക്ഷണങ്ങള്‍. അധികം വൈകാതെ തന്നെ സ്ഥലകാല ബോധം നഷ്ടപ്പെടുക, സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിടുക, നടക്കാന്‍ ബാലന്‍സ് ഇല്ലാതെയാവുക, കഴുത്ത് ബലമായി ഇറുകുക, വിറയല്‍, മതിഭ്രമം എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണിക്കാം. 

ഒന്ന് മുതല്‍ 12 ദിവസത്തിനുള്ളില്‍ മരണവും സംഭവിക്കും. ഇത്തരം കേസുകളില്‍ മിക്കവാറും മരണം സുനിശ്ചിതമാണ്. കേരളത്തിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലും 2019 മെയിലും മലപ്പുറത്ത് രണ്ട് കുട്ടികളുടെ മരണം സമാനമായ തരത്തില്‍ സംഭവിച്ചിട്ടുണ്ട്. 

അതിനാല്‍ തന്നെ, മാതാപിതാക്കള്‍ ഏറെ ശ്രദ്ധയോടെ നേരിടേണ്ട ഒരു പ്രശ്‌നം കൂടിയാണിത്. മലിനമായ വെള്ളത്തില്‍ കുട്ടികളെ ഇറക്കാതിരിക്കുക, ക്ലോരിനേറ്റ് ചെയ്ത് സുരക്ഷിതത്വം ഉറപ്പുവരുത്തിയ വെള്ളത്തില്‍ മാത്രം അവരെ ഇറങ്ങാന്‍ അനുവദിക്കുക, അധികനേരം വെള്ളത്തില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതെല്ലാം മുതിര്‍ന്നവര്‍ക്ക് ചെയ്യാനാകുന്ന കാര്യങ്ങളാണ്. 

Also Read:- നീന്തല്‍ക്കുളത്തില്‍ അധികനേരം ചിലവിട്ടു; തലച്ചോറില്‍ 'അമീബ' കയറി കോട്ടയ്ക്കലിൽ പന്ത്രണ്ടുകാരന്‍ മരിച്ചു...