
കൊച്ചി: അമൃത ആശുപത്രിയിൽ കരൾ മാറ്റിവച്ചവരുടെ കൂട്ടായ്മയായ അമൃതസ്പർശത്തിന് തുടക്കമായി. ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുമായി (ലിഫോക്ക്) സഹകരിച്ചാണ് അമൃത ആശുപത്രി കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിനിമാതാരം ആസിഫ് അലി ഉദ്ഘാടനം നിർവഹിച്ചു. സിനിമാതാരങ്ങളായ ബാലയും സലിംകുമാറും ചടങ്ങിൽ മുഖ്യാതിഥികളായി.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ വിശേഷങ്ങൾ ബാല സദസ്സുമായി പങ്കുവെച്ചു.
ഈ ജീവിതത്തിന് എല്ലാവരോടും നന്ദി പറഞ്ഞ ബാല പാട്ട് പാടിയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. തന്റെ അസുഖത്തിന് പരിഹാരമായി ഡോക്ടർമാർ കരൾ മാറ്റിവയ്ക്കൽ നിർദേശിച്ചപ്പോൾ ഓപ്പറേഷനെ പേടിച്ച് നാട്ടുവൈദ്യൻമാരെ തേടിപ്പോയ തനിക്ക് പറ്റിയ അബദ്ധങ്ങളാണ് സലിം കുമാർ പങ്കുവച്ചത്. പലരും മരണത്തെ തൊട്ടുമുന്നിൽ കാണുന്ന അവസരത്തിലാണ് കരൾരോഗങ്ങളെപ്പറ്റി അറിയുന്നതെന്നും ഈ ഘട്ടത്തിൽ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന ഡോക്ടർമാർ ദൈവതുല്യരാണെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 20 വർഷത്തിനിടെ അമൃത ആശുപത്രിയിൽ 1200 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും 350 റോബോട്ടിക് ഡോണർ ഹെപാറ്റെക്ടമികളും നടത്താൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെയും അതിനുശേഷമുള്ള പരിചരണങ്ങളുടെയും ചിലവ് പരമാവധി കുറയ്ക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും അമൃതസ്പർശത്തിലെ അംഗങ്ങൾക്ക് സഹായമൊരുക്കുന്നതിനായി അമൃത ലിവർ ഫൗണ്ടേഷനിലൂടെ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Read More.... അമ്മയ്‌ക്കൊപ്പം പോസ്റ്റ്; 'ഒരു സ്ത്രീയോടെങ്കിലും മര്യാദ കാണിക്കെ'ന്ന് കമന്റ്, ചുട്ട മറുപടിയുമായി ഗോപി സുന്ദർ
സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം മേധാവി ഡോ. എസ് സുധീന്ദ്രൻ, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ.പി ഗിരീഷ് കുമാർ, ലിഫോക് ചെയർമാൻ മാത്യു ഫിലിപ്പ്, കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ സിവിടിഎസ് വിഭാഗം മേധാവി ഡോ. ടി.കെ ജയകുമാർ, ജി.ഐ സർജറി വിഭാഗം മേധാവി ഡോ.സിന്ധു, അമൃതയിലെ ജി.ഐ ആൻഡ് എച്ച്പിബി സർജറി ആൻഡ് റോബോട്ടിക് സർജറി വിഭാഗം മേധാവി ഡോ.ഒ.വി സുധീർ, ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ഷൈൻ സദാശിവൻ, ഡോ.ദിനേഷ് ബാലകൃഷ്ണൻ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലോക അവയവദാന ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി അമൃത ആശുപത്രി നടത്തിയ ചിത്രരചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ചടങ്ങിൽ നിർവഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam