ഇയർ ബഡ്സ് ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Oct 05, 2026, 02:43 PM IST
ear buds

Synopsis

മുൻപ് ചെവിക്ക് ദിവസവും 8 മണിക്കൂറെങ്കിലും വിശ്രമം കിട്ടിയിരുന്നു. ഇന്ന് ഇയർബഡ് ഒരു ആഭരണം പോലെയായി. ഇത് രണ്ട് പ്രശ്നം ഉണ്ടാക്കുന്നു. ഒന്ന്, ചെവിയിലെ മെഴുകിനെ അത് പുറത്തേക്ക് വരാൻ അനുവദിക്കാതെ ഉള്ളിലേക്ക് തള്ളുന്നു. രണ്ട്, ചെവിക്കുള്ളിൽ ഇരുട്ടും ചൂടും ഈർപ്പവും ആയി ഫംഗസ് വളരാൻ പറ്റിയ അന്തരീക്ഷം ഉണ്ടാക്കുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്ലിനിക്കിൽ കാണുന്ന ഒരു മാറ്റമുണ്ട്. വരുന്നവരിൽ ഭൂരിഭാഗവും 18-30 പ്രായത്തിലുള്ളവരാണ്. അവർക്ക് കടുത്ത അസുഖങ്ങൾ ഒന്നുമില്ല, പക്ഷെ മൂന്ന് പരാതികൾ സ്ഥിരമാണ് - "ഡോക്ടറെ, എപ്പോഴും മൂക്ക് അടഞ്ഞ പോലെ", "തൊണ്ടയിൽ എന്തോ കെട്ടി കിടക്കുന്നു", "ചെവിയിൽ എന്തോ ഒരു ഇറക്കം". ഇതിന് കാരണം പൊടിയോ തണുപ്പോ അല്ല. നമ്മുടെ പുതിയ ജീവിതശൈലിയാണ്.

'ഇയർബഡ് ഇയർ' എന്ന പുതിയ രോഗം

മുൻപ് ചെവിക്ക് ദിവസവും 8 മണിക്കൂറെങ്കിലും വിശ്രമം കിട്ടിയിരുന്നു. ഇന്ന് ഇയർബഡ് ഒരു ആഭരണം പോലെയായി. ഇത് രണ്ട് പ്രശ്നം ഉണ്ടാക്കുന്നു. ഒന്ന്, ചെവിയിലെ മെഴുകിനെ അത് പുറത്തേക്ക് വരാൻ അനുവദിക്കാതെ ഉള്ളിലേക്ക് തള്ളുന്നു. രണ്ട്, ചെവിക്കുള്ളിൽ ഇരുട്ടും ചൂടും ഈർപ്പവും ആയി ഫംഗസ് വളരാൻ പറ്റിയ അന്തരീക്ഷം ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ചെവി ചൊറിച്ചിലും ഫംഗൽ ഇൻഫെക്ഷനും ഇപ്പോൾ ചെറുപ്പക്കാരിൽ കൂടുതലായത്. ഇത് കേൾവി കുറയുന്നതിന്റെ തുടക്കമാണ്, പക്ഷെ നിങ്ങൾ അറിയുന്നില്ല എന്നു മാത്രം.

ടെക് നെക്ക് മൂലമുള്ള മൂക്കടപ്പ്

ദിവസം മുഴുവൻ ഫോണിലേക്ക് തല കുനിച്ചു ഇരിക്കുമ്പോൾ കഴുത്തിന്റെ പിൻഭാഗത്തെ പേശികൾ മുറുകുന്നു. ഇത് മൂക്കിലേക്കും സൈനസിലേക്കുമുള്ള രക്തയോട്ടത്തെയും നാഡികളുടെ പ്രവർത്തനത്തെയും ബാധിക്കും. രാത്രിയാകുമ്പോൾ ഇത് കടുത്ത മൂക്കടപ്പായും, രാവിലെ എഴുന്നേൽക്കുമ്പോൾ കഫം തൊണ്ടയിൽ കെട്ടി കിടക്കുന്നതായും തോന്നും. പലരും ഇതിനെ അലർജി ആണെന്ന് തെറ്റിദ്ധരിച്ച് മാസങ്ങളോളം മരുന്ന് കഴിക്കും.

3. വായിലൂടെയുള്ള ശ്വസനം മുഖത്തിന്റെ രൂപം മാറ്റുന്നു

മൂക്ക് അടഞ്ഞ്, സ്ഥിരമായി വായിലൂടെ ശ്വസിക്കുന്നത് കൊണ്ട് ഉറക്കത്തിൽ കൂർക്കംവലി 25 വയസ്സിൽ തന്നെ തുടങ്ങുന്നു. ഇത് വെറും ശബ്ദമല്ല. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണം കുറയ്ക്കുന്നു, രാവിലെ ക്ഷീണം ഉണ്ടാക്കുന്നു, ദീർഘകാലത്തിൽ മുഖത്തിന്റെ ഘടനയെ പോലും ബാധിക്കും.

നാം എന്ത് ചെയ്യണം?

60-60 നിയമം പാലിക്കുക - 60% ശബ്ദത്തിൽ 60 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഇയർബഡ് ഉപയോഗിക്കരുത്. സ്പീക്കറിലോ ഓവർ-ദി-ഹെഡ് ഹെഡ്ഫോണിലോ മാറുക.

രാത്രി ഫോൺ മാറ്റി വെക്കുക. ഉറങ്ങുന്നതിന് മുൻപ് സലൈൻ വാട്ടർ കൊണ്ട് മൂക്ക് കഴുകുന്നത് AC യിലെ പൊടി മൂലമുള്ള അടപ്പ് മാറ്റും.

മൂക്കിലൂടെ ശ്വസിക്കാൻ ശീലിക്കുക. ദിവസത്തിൽ 5 മിനിറ്റ് വായ അടച്ച്, മൂക്കിലൂടെ മാത്രം ആഴത്തിൽ ശ്വസിക്കുക. ഇത് മൂക്കടപ്പ് കുറയ്ക്കാനുള്ള ഏറ്റവും നല്ല വ്യായാമമാണ്.

രണ്ടാഴ്ചയിൽ കൂടുതൽ മൂക്കടപ്പോ തൊണ്ടയിൽ എന്തോ ഉണ്ടെന്ന തോന്നലോ കൂർക്കംവലിയോ ഉണ്ടെങ്കിൽ അത് അലർജി ആയി കണ്ട് വിടരുത്. ഒരു ENT ഡോക്ടറെ കണ്ട് മൂക്കിന്റെ എൻഡോസ്കോപ്പി പരിശോധന നടത്തുക.

നമ്മുടെ ചെവി, മൂക്ക്, തൊണ്ട എന്നിവ നമ്മുടെ സ്ക്രീൻ ടൈമുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പുതിയ സത്യം.

ലേഖനം തയ്യാറാക്കിയത്

ഡോ. റഷീദ് പി കെ,

ഇ എൻ ടി സർജൻ, തലശ്ശേരി മിഷൻ ഹോസ്പിറ്റൽ,

തലശ്ശേരി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈസ്ട്രജൻ കുറയുമ്പോൾ അസ്ഥികൾ ദുർബലമാകുന്നത് എന്തുകൊണ്ട്? എങ്ങനെ തടയാം?
കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ