ആതുര സേവനത്തിന് അംഗീകാരവുമായി ഏഷ്യാനെറ്റ് ന്യൂസ്; 'നഴ്‍സിംഗ് എക്സലൻസ് അവാർഡുകൾ' ഒക്ടോബർ 6ന് സമ്മാനിക്കും

By Web TeamFirst Published Oct 1, 2019, 6:55 PM IST
Highlights

എറണാകുളം ലേ മേറീഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന  പ്രൗഢഗംഭീരമായ ചടങ്ങ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തും.

ആതുരസേവന രംഗത്തും ആരോഗ്യസംരക്ഷണത്തിലും നഴ്‌സുമാർ നടത്തുന്ന പ്രവർത്തനങ്ങളെ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസും  ഫെഡറൽ ബാങ്കും ചേർന്ന് നടത്തുന്ന  നഴ്‍സിംഗ് എക്സലൻസ് അവാർഡുകൾ ഒക്ടോബർ ആറിന് സമ്മാനിക്കും. എറണാകുളം ലേ മേറീഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന  പ്രൗഢഗംഭീരമായ ചടങ്ങ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തും.

ഫെഡറൽ ബാങ്കുമായി കൈകോർത്ത് ആറ് വിഭാഗങ്ങളിലായുള്ള അവാർഡിന് സംസ്ഥാനത്തൊട്ടാകെയുള്ള നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന്  സജീവ പങ്കാളിത്തമാണ് ഏഷ്യാനെറ്റ് ന്യൂസിന്  ലഭിച്ചത്. പ്രത്യേകം മാനദണ്ഡങ്ങളിലൂടെയാണ് ഓരോ വിഭാഗത്തിലേക്കുമുള്ള അവാർഡുകൾ ജൂറി പരിഗണിച്ചത്.  വിദ്യാര്‍ഥി പുരസ്‍കാരം, മികച്ച നഴ്‍സിംഗ് അധ്യാപകർ, ക്ലിനിക്കല്‍ എക്സലൻസ് അവാര്‍ഡ്, സര്‍വീസ് ടു കമ്മ്യൂണിറ്റി പുരസ്‍കാരം, ആജീവനാനന്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‍കാരം, നഴ്‍സിംഗ് അഡിമിനിസ്ട്രേറ്റര്‍ പുരസ്‍കാരം എന്നിവയാണ് പുരസ്കാരങ്ങൾ.

കേവലം ഒരു തൊഴില്‍ എന്നതിനുമപ്പുറം ജീവിതത്തിന്‍റെ കാരുണ്യത്തിലേക്ക് നഴ്സുമാർ കൈ പിടിച്ച് ഉയര്‍ത്തുന്നത് ഒരുപാട് മനുഷ്യ ജീവനുകളെയാണ്. നിപ എന്ന മാരകവൈറസ് മനുഷ്യ ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം ജീവന്‍ കളഞ്ഞ് കര്‍മരംഗത്ത് ദീപമായ കേരളക്കരയുടെ മാലാഖയായ നഴ്സ്  ലിനി നമ്മുക്ക് മുൻപില്‍ തരുന്നത്  ആതുരസേവന രംഗത്തെ മാതൃകയായ ജീവിതമാണ്. ലോകത്തിനു തന്നെ മാതൃകയാവുന്ന നമ്മുടെ നഴ്സുമാരുടെ  വിജയഗാഥകൾ സമൂഹത്തിനു മുൻപില്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്  “ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് 2019”അവതരിപ്പിക്കുന്നത്.

നഴ്സിംഗ് എക്സലൻസ് അവാർഡിന്റെ പ്രത്യേകതകൾ...

1) കേരളത്തില്‍ മികച്ച  പ്രകടനം കാഴ്ചവച്ച നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2019.

2) നഴ്സിംഗ് സമൂഹത്തിന്റെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളും  ലോകത്തെ അറിയിക്കുക

3) വ്യവസായ തലത്തിൽ നഴ്സസ് സമൂഹത്തിനുള്ള  ആദ്യ അവാർഡ്

ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും നഴ്‌സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ അവാര്‍ഡ് നഴ്സുമാരുടെ  വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും. കേരളത്തില്‍ പഠിച്ച്, കേരള നഴ്‍സിംഗ് കൗണ്‍സില്‍ അംഗമായവര്‍ക്ക് മാത്രമാണ് പുരസ്‍കാരം നല്‍കുകയെന്നതും നഴ്‍സിംഗ് എക്സലൻസ് അവാർഡിന്‍റെ പ്രത്യേകതയാണ്.

click me!