
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകൻ ഔസേപ്പച്ചൻ കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഹൃദ്യമായി ഒരു പാട്ടുപാടി. ആ പാട്ട് അവിടെ കൂടിയിരുന്ന നൂറുപേരുടെയും ഹൃദയം കവർന്നു.ആസ്റ്റർ മെഡ്‌സിറ്റിയിൽ വിജയകരമായി പൂർത്തിയാക്കിയ നൂറ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) ശസ്ത്രക്രിയകളിലൂടെ പാർക്കിൻസൺസ് രോഗത്തെ അതിജീവിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ചെയ്തവരായിരുന്നു അവർ. വെറും രണ്ട് വർഷം കൊണ്ട് പിന്നിട്ട ഈ നാഴികക്കല്ല് ആഘോഷിക്കാൻ ഒത്തുകൂടിയവർ. ഔസേപ്പച്ചനായിരുന്നു മുഖ്യാതിഥി.
നൂറ് ശസ്ത്രക്രിയകൾ എന്ന് എളുപ്പത്തിൽ പറയാമെങ്കിലും വെറും അക്കങ്ങളിലൊതുങ്ങുന്നതല്ല ഈ നേട്ടം. വൈദ്യശാസ്ത്രത്തിലെ മികവിന്റെയും ശാസ്ത്ര,സാങ്കേതിക രംഗങ്ങളിൽ കൈവരിച്ച പുരോഗതിയുടെയും കൂടി നേട്ടമാണിതെന്ന് ആസ്റ്റർ കേരള ക്ലസ്റ്ററിലെ പാർക്കിൻസൺസ് ആൻഡ് മൂവ്‌മെന്റ് ഡിസോർഡർ ക്ലിനിക്കിന്റെ ഡയറക്ടർ ഡോ. ആശ കിഷോർ പറയുന്നു. ഈ നൂറ് സർജറികളുടെ വിജയത്തിന് പിന്നിലും ഈ ഡോക്ടറുടെ കരസ്പർശമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയേറെപ്പേരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിൽ ഡോ. ആശ കിഷോറിന്റെ വൈദഗ്ധ്യവും സമർപ്പണവും വലിയ പങ്കുവഹിച്ചു.
ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ ഓപ്പറേഷൻസ് ഹെഡ് ധന്യ ശ്യാമളൻ, ന്യുറോസ്‌പൈൻ സർജറി വിഭാഗത്തിലെ ഡോ. അനുപ് എം നായർ, ന്യുറോസർജറി വിഭാഗം ഡോക്ടർ ഷിജോയ് പി ജോഷ്വ എന്നിവർ പരിപാടിയിൽ സംസാരിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയിൽ പാർക്കിൻസൺ രോഗത്തിന് ചികിത്സ തേടിയ നൂറിലേറെ അതിഥികൾ, അവരുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വാചാലരായി. വിഭവസമൃദ്ധമായ ഭക്ഷണവും ഒരു ഹൗസ്‌ബോട്ട് യാത്രയും കൂടി നടത്തിയ ശേഷമാണ് സംഗമം അവസാനിപ്പിച്ചത്.