
ഹൃദ്രോഗ വിഭാഗത്തിൽ നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ കൈകോർത്ത് ആസ്റ്റർ മെഡ്‌സിറ്റിയും മരട് പി.എസ് മിഷൻ ആശുപത്രിയും. ആസ്റ്റർ മെഡ്‌സിറ്റിയിലെ കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ മുഴുവൻ സമയസേവനം ഇനി മുതൽ മരട് പി.എസ് മിഷൻ ആശുപത്രിയിൽ ലഭ്യമാകും. മരട് പിഎസ് മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം അസി. കമ്മീഷണർ പി. രാജ്കുമാർ നിർവഹിച്ചു.
കാർഡിയോളജി വിഭാഗത്തിലെ ഒ.പി സേവനം മുതൽ എക്കോ, ടി.എം.ടി പരിശോധനകൾ, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, കാർഡിയാക് ഐ.സി.യു. പ്രൈമറി ആൻജിയോപ്ലാസ്റ്റി, പ്രിവന്റീവ് കാർഡിയോളജി ഉൾപ്പടെ ആധുനിക സൗകര്യങ്ങളുള്ള കാത്ത് ലാബും ഒരുക്കിയിട്ടുണ്ട്. ആസ്റ്റർ മെഡ്‌സിറ്റിയിലെ ഇന്റർവെൻഷനൽ കാർഡിയോളജി വിഭാഗം കൺസൾട്ടന്റായ ഡോ. എം.ഡി സുധീറിന്റെ മുഴുവൻ സമയ സേവനവും ഇവിടെ ലഭ്യമാക്കും. ആസ്റ്റർ മെഡ്സിറ്റിയിലെ കാത്ത് ലാബ് ടെക്നീഷ്യന്റെ സേവനവും ഉണ്ടാകും.
പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ മെഡ്‌സിറ്റിയും പി.എസ് മിഷനും സഹകരിക്കുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ ഡിസംബറിൽ പി.എസ് മിഷൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ആസ്റ്റർ മെഡ്‌സിറ്റി ഏറ്റെടുത്തിരുന്നു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കാർഡിയാക് സേവനം കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ആസ്റ്റർ മെഡ്സിറ്റിയിലെ ഏറ്റവും നൂതനമായ ചികിത്സ മറ്റു ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവർക്കും മികച്ച ചികിത്സ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു.
രോഗികൾക്ക് ഏറ്റവും മികച്ച ലോകോത്തര ചികിത്സ ഉറപ്പു വരുത്തുന്നതിനായി ചെറിയ ആശുപത്രികളെ ഉൾപ്പടെ ശാക്തീകരിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് ആസ്റ്റർ മെഡ്‌സിറ്റി കാർഡിയോളജി വിഭാഗം ലീഡ് സീനിയർ കൺസൽട്ടന്റ് ഡോ.അനിൽകുമാർ വ്യക്തമാക്കി.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റി കാർഡിയോളജി വിഭാഗം ലീഡ് സീനിയർ കൺസൽട്ടന്റ് ഡോ. അനിൽകുമാർ ആർ, കൺസൽട്ടന്റ് ഡോ. സന്ദീപ് ആർ, കൺസൾട്ടന്റായ ഡോ. എം.ഡി സുധീർ, പി.എസ് മിഷൻ ആശുപത്രിയിലെ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ ഡോ. സിസ്റ്റർ ആനി ഷീല, മെഡിക്കൽ മിഷൻ ഡയറക്ടർ ഡോ. കുഞ്ഞുമോൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.