
പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന ഹോര്‍മോണുകളില്‍ വ്യത്യാസങ്ങളുണ്ടെന്ന് ഏവര്‍ക്കുമറിയാം. ഇതില്‍ ഈസ്ട്രജൻ ആണ് സ്ത്രീകളിലെ ഹോര്‍മോണ്‍. ഇത് പുരുഷന്മാരിലും കാണപ്പെടുന്നുണ്ട്. എങ്കിലും സ്ത്രീകളിലെ പ്രത്യുത്പാദന വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ആയതിനാല്‍ തന്നെ ഇത് സ്ത്രീകളുടെ ഹോര്‍മോണ്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്.
ഈസ്ട്രജൻ ഹോര്‍മോണ്‍ കുറയുകയോ കൂടുകയോ ചെയ്താല്‍ അതിന്‍റേതായ രീതിയില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. പ്രൊജസ്ട്രോണ്‍ എന്ന മറ്റൊരു പ്രത്യുത്പാദന ഹോര്‍മോണിന്‍റെ അനുപാതം വച്ചുനോക്കുമ്പോള്‍ ഈസ്ട്രജൻ കൂടുന്നുവെങ്കില്‍ അത് ക്യാൻസര്‍, എൻഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്നിങ്ങനെ പല പ്രശ്നങ്ങളും സ്ത്രീകളില്‍ തീര്‍ക്കാം. ലൈംഗിക താല്‍പര്യം കുറയുക, മുടി കൊഴിച്ചില്‍, മൈഗ്രേയ്ൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളുമുണ്ടാക്കാം.
പുരുഷന്മാരിലാകട്ടെ ഈസ്ട്രജൻ വര്‍ധിക്കുകയാണെങ്കില്‍ അത് വന്ധ്യത, ഉദ്ധാരണപ്രശ്നം, ശരീരത്തിന്‍റെ താപനില അസാധാരണമാം വിധം ഉയരല്‍ തുടങ്ങി പല പ്രയാസങ്ങളും സൃഷ്ടിക്കാം. അതിനാല്‍ തന്നെ ഈസ്ട്രജൻ ഹോര്‍മോണ്‍ ബാലൻസ് ചെയ്ത് നിര്‍ത്താൻ എപ്പോഴും ശ്രദ്ധിക്കണം. ഡയറ്റിലൂടെ തന്നെയാണ് കാര്യമായും ഈസ്ട്രജൻ ബാലൻസ് ചെയ്യാൻ സാധിക്കുക. ഈസ്ട്രജൻ കൂടുതലാണെങ്കില്‍ ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് ഉചിതം. ഇത്തരത്തില്‍ ഒഴിവാക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
റെഡ് മീറ്റ് അതുപോലെ പ്രോസസ്ഡ് മീറ്റ് ആണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. ഇത്തരം വിഭവങ്ങള്‍ വീണ്ടും ഈസ്ട്രജൻ ഹോര്‍മോണ്‍ കൂടുന്നതിന് കാരണമാകും. ഇത് സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
രണ്ട്...
റിഫൈൻഡ് ഷുഗര്‍- കാര്‍ബോഹൈഡ്രേറ്റ് എന്നിവ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ് അടുത്തതായി ഒഴിവാക്കേണ്ടത്.ഇവ ആരോഗ്യത്തിന് അല്ലെങ്കിലേ ഭീഷണി ഉയര്‍ത്തുന്ന ഘടകങ്ങളാണ്. കൂട്ടത്തില്‍ ഈസ്ട്രജൻ ബാലൻസ് പ്രശ്നമുള്ളവരില്‍ ഇത് കൂട്ടാനും ഇവ ഇടയാക്കുന്നു. പൊതുവെ ശരീരത്തില്‍ ഹോര്‍മോണ്‍ ബാലൻസ് പ്രശ്നത്തിലാക്കാൻ വലിയ കാരണമാകാറുള്ളൊരു ഘടകമാണ് റിഫൈൻഡ് ഷുഗര്‍.
മൂന്ന്...
മൃഗങ്ങളില്‍ നിന്നുത്പാദിപ്പിച്ചെടുക്കുന്ന ഭക്ഷ്യവിഭവങ്ങളെല്ലാം തന്നെ ഈസ്ട്രജൻ ഹോര്‍മോണ്‍ വര്‍ധിപ്പിക്കാൻ ഇടയാക്കാം. അതിനാല്‍ പാലുത്പന്നങ്ങളും പരമാവധി ഡയറ്റില്‍ നിന്ന് നീക്കിവയ്ക്കുക. ചിലരില്‍ പാലുത്പന്നങ്ങളും റെഡ് മീറ്റും വണ്ണം കൂട്ടാനും കാരണമായി വരാറുണ്ട്. ഈസ്ട്രജൻ അളവ് കൂടുതലുള്ളവര്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യുകയും വേണം. ഇത് അമിതവണ്ണവും അനുബന്ധപ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കും.
നാല്...
മധുരപലഹാരങ്ങള്‍- പ്രത്യേകിച്ച് കടകളില്‍ നിന്ന് വാങ്ങിക്കുന്നവ ഒഴിവാക്കുന്നതും ഈസ്ട്രജൻ ഹോര്‍മോണ്‍ കൂടാതിരിക്കാൻ ചെയ്യാവുന്നതാണ്. കാരണം മധുരം അധികമായി അകത്തുചെല്ലുന്നത് കാര്യമായ ഹോര്‍മോണ്‍ ബാലൻസ് പ്രശ്നങ്ങള്‍ സൃഷ്ടിക്കാം.
അഞ്ച്...
മദ്യവും കാപ്പിയുമാണ് ഈസ്ട്രജൻ കൂടുതലുള്ളവര്‍ അകറ്റിനിര്‍ത്തേണ്ട മറ്റ് രണ്ട് ഘടകങ്ങള്‍. മദ്യമാണെങ്കില്‍ പുരുശന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതിന് കാരണമാകുന്നു. ഇത് വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. കാപ്പി ഈസ്ട്രജൻ ഇംബാലൻസ് വര്‍ധിപ്പിക്കാൻ ഇടയാക്കുമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
Also Read:-ഒരു മാസം പഞ്ചസാര ഉപേക്ഷിച്ചാല്‍ എന്ത് മാറ്റമാണ് ഉണ്ടാവുക?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam