
മുഖത്തിന്‍റെ സ്വാഭാവികമായ തിളക്കം നഷ്ടപ്പെടുന്നത് ഏവരെയും ബാധിക്കുന്ന കാര്യമാണ്. പലപ്പോഴും നമ്മുടെ ജീവിതരീതികളിലെ പോരായ്മകളാണ് ഇത്തരത്തില്‍ ചര്‍മ്മത്തെ ബാധിക്കുന്നതിന് കാരണമാകുന്നത്. അതും പ്രധാനമായും നമ്മുടെ ഭക്ഷണരീതി.
നമ്മള്‍ എന്തുതരം ഭക്ഷണമാണ് പതിവായി കഴിക്കുന്നത് എന്നതിന് അനുസരിച്ചാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യം മുന്നോട്ട് പോകുന്നത്. ഇക്കൂട്ടത്തില്‍ ചര്‍മ്മത്തിന്‍റെയും ആരോഗ്യം ഉള്‍പ്പെടുന്നു. അതായത് മോശം ഭക്ഷണമാണ് പതിവായി കഴിക്കുന്നതെങ്കില്‍ അത് ക്രമേണ ചര്‍മ്മത്തെയും ബാധിക്കാമെന്ന്.
ചര്‍മ്മത്തെ ബാധിക്കുന്ന ഭക്ഷണങ്ങള്‍...
മിക്കവരും ഇന്ന് പ്രോസസ്ഡ് ഫുഡ്സ്, ജങ്ക് ഫഡ്സ്, ഫ്രൈഡ് ഫുഡ്സിന്‍റെയെല്ലാം ആരാധകരാണ്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍. ഇത് ആകെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന ഭക്ഷണശീലമാണ്. ഉറപ്പായും ഇതിനൊപ്പം ചര്‍മ്മവും നാശമാകുന്നു.
റിഫൈൻഡ് കാര്‍ബ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍, കൃത്രിമമധുരം കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍, ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, പ്രിസര്‍വേറ്റീവ്സോ നിറമോ എല്ലാം ചേര്‍ത്ത ഭക്ഷണങ്ങള്‍, സോസേജ് പോലുള്ള പ്രോസസ്ഡ് മീറ്റ്, പാക്കറ്റ് ഭക്ഷണങ്ങള്‍ (ചിപിസ് പോലുള്ളത്), മധുരമടങ്ങിയ ശീതളപാനീയങ്ങള്‍, റെഡി റ്റു ഈറ്റ് വിഭവങ്ങള്‍ എന്നിവയെല്ലാം പതിവാക്കുന്നത് ചര്‍മ്മത്തെ തീര്‍ച്ചയായും ദോഷകരമായി ബാധിക്കും.
ചര്‍മ്മം തിളക്കം നഷ്ടപ്പെട്ട് മങ്ങാനും, ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീണ് പ്രായം തോന്നിക്കുന്നതിനുമെല്ലാമാണ് ഈ ഭക്ഷണരീതികള്‍ പ്രധാനമായും കാരണമാവുക.
ചെയ്യാവുന്നത്...
ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അനിവാര്യമാണെന്ന് മനസിലായല്ലോ. അങ്ങനെയെങ്കില്‍ എന്താണ് ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങള്‍?
വളരെ ലളിതമായി നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്. ആദ്യമായി മുകളില്‍ സൂചിപ്പിച്ചത് പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പതിവാക്കാതിരിക്കുക. കഴിയുന്നതും പച്ചക്കറികളും പഴങ്ങളും ദിവസവും കഴിക്കണം. ധാന്യങ്ങള്‍ പൊടിക്കാതെ അങ്ങനെ തന്നെ പാകം ചെയ്ത് കഴിക്കാവുന്ന വിഭവങ്ങള്‍, ലീൻ പ്രോട്ടീൻ എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. നല്ലതുപോലെ വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ഇത്രയെങ്കിലും പതിവായി ചെയ്താല്‍ ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം മങ്ങാതെ നോക്കാം.
ഒപ്പം തന്നെ ഉറക്കം, വ്യായാമം പോലുള്ള കായികാധ്വാനങ്ങള്‍ എന്നിവയും വേണം കെട്ടോ. അതുപോലെ തന്നെ മാനസിക സമ്മര്‍ദ്ദം - മറ്റ് മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിവയുണ്ടെങ്കിലും അത് ചര്‍മ്മത്തെ ബാധിക്കാം. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കുക.
Also Read:- നടുവേദന നിങ്ങളെ വലയ്ക്കുന്നുവോ? നടുവേദനയുടെ കാരണങ്ങള്‍ ഇവയാണോ എന്ന് പരിശോധിക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-