'അവിഹിതവും വിവാഹപൂര്‍വ്വ ലൈംഗികതയും എയ്ഡ്‌സ് വരുത്തും'; വിവാദമായി പത്താംക്ലാസ് പാഠം

By Web TeamFirst Published Mar 5, 2019, 5:47 PM IST
Highlights

കേരള സിലബസില്‍ ഉള്‍പ്പെടുന്ന ബയോളജി പാഠപുസ്തകത്തിലെ ഭാഗമാണ് വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നത്. എയ്ഡ്‌സ് രോഗത്തെക്കുറിച്ച് വിശദമാക്കുന്ന അധ്യായത്തില്‍ നാല് രീതികളിലൂടെയാണ് പ്രധാനമായും എയ്ഡ്‌സ് പകരുന്നത് എന്ന് പറയുന്നു. തുടര്‍ന്ന് ആ നാല് രീതിയും പാഠഭാഗത്തില്‍ വിശദമാക്കുന്നുണ്ട്
 

തിരുവനന്തപുരം: എയ്ഡ്‌സ് പകരുന്ന രീതികള്‍ വിശദമാക്കുന്ന പത്താംക്ലാസുകാരുടെ പാഠഭാഗം വിവാദത്തില്‍. കേരള സിലബസില്‍ ഉള്‍പ്പെടുന്ന ബയോളജി പാഠപുസ്തകത്തിലെ ഭാഗമാണ് വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നത്. 

എയ്ഡ്‌സ് രോഗത്തെക്കുറിച്ച് വിശദമാക്കുന്ന അധ്യായത്തില്‍ നാല് രീതികളിലൂടെയാണ് പ്രധാനമായും എയ്ഡ്‌സ് പകരുന്നത് എന്ന് പറയുന്നു. തുടര്‍ന്ന് ആ നാല് രീതിയും പാഠഭാഗത്തില്‍ വിശദമാക്കുന്നുണ്ട്. ഇതില്‍ വിവാഹപൂര്‍വ്വ ലൈംഗികതയിലൂടെയോ അവിഹിതബന്ധങ്ങളിലൂടെയോ എയ്ഡ്‌സ് പകരുന്നുവെന്ന ഭാഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 

 

 

'സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം' എന്ന് പറയേണ്ടതിന് പകരം അവിഹിതമെന്നും വിവാഹപൂര്‍വ്വ ലൈംഗികതയെന്നും പറഞ്ഞത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്നതുമാണെന്നാണ് പ്രധാന ആരോപണം. അധ്യാപകര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യമായി ഇക്കാര്യം ഉന്നയിച്ചത്. തുടര്‍ന്ന് ഈ അഭിപ്രായത്തെ ശരിവച്ച് ഡോക്ടര്‍മാരും രംഗത്തെത്തി. 

 

വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്നും തെറ്റായ വസ്തുതകള്‍ കുട്ടികളെ പഠിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഇപ്പോള്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ മുന്നോട്ടുവരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇതേ പാഠഭാഗങ്ങള്‍ കുട്ടികള്‍ പഠിച്ചുവെന്നത് അശ്രദ്ധയുടെ ഉദാഹരണമാണെന്നും ഇനിയും ഇത്തരം വിഷയങ്ങളുണ്ടാകാതെ കരുതലെടുക്കേണ്ടത് സര്‍ക്കാര്‍ വൃത്തങ്ങളാണെന്നും ഇവര്‍ പറയുന്നു.

 

click me!