
നമ്മുടെ പ്രിയപ്പെട്ട സുഹൃത്ത് നമ്മുടെ പിറന്നാൾ ദിവസം വിളിച്ചില്ല എന്ന് കരുതുക. സുഹൃത്ത് എന്തെങ്കിലും തിരക്കിൽ ആയിരിക്കും എന്ന് ചിന്തിക്കുന്നതിനു പകരം സുഹൃത്ത് എന്നെ മറന്നു എന്നും, ഇനി ഒരിക്കലും ഈ സൗഹൃദം ശരിയാവുകയില്ല എന്നും ചിന്തിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടോ? ഇതാണ് ബ്ലാക്ക് ആൻഡ് വൈറ്റ് തിങ്കിങ്.
സ്നേഹിച്ചാൽ അങ്ങേയറ്റം സ്നേഹിക്കുകയും, വെറുത്താൽ അങ്ങേയറ്റം വെറുക്കുകയും ചെയ്യുന്ന അവസ്ഥ. അങ്ങേയറ്റം പോസിറ്റീവോ അങ്ങേയറ്റം നെഗറ്റീവോ അല്ലാതെ ഇതിനു രണ്ടിനും ഇടയിൽ (ഗ്രേ ഷെയ്ഡ്) ചിന്തിക്കാൻ കഴിയാത്ത അവസ്ഥ. ഒരു കാര്യം തുടങ്ങിവയ്ക്കാൻ ഒരുപാട് സമയം എടുക്കാറുണ്ടോ? ഞാൻ അതു ചെയ്താൽ പെർഫെക്റ്റ് ആകണം എന്ന നിർബന്ധം തോന്നാറുണ്ടോ. പെർഫെക്റ്റ് ആകില്ല എന്നും പരാജയപ്പെടും എന്ന പേടിയുമാണ് ഇങ്ങനെ കാര്യങ്ങളെ തുടങ്ങാതെ ഒരുപാട് വൈകിപ്പിക്കാനുള്ള കാരണം.
നമ്മുടെ മനസ്സിലെ ചിന്തകളെ/ വാക്കുകളെ ഒന്നു പരിശോധിച്ചു നോക്കാം. ഒരിക്കലൂം ശരിയാകില്ല, പൂർണ്ണമായും ശരിയായിരിക്കണം, നടക്കാത്ത കാര്യം, ഒരു ഗുണവുമില്ല എന്നിങ്ങനെയുള്ള വാക്കുകളാണോ അധികവും മനസ്സിലേക്കു വരാറുള്ളത്? ഈ വാക്കുകളെയും ഒപ്പമുള്ള ചിന്തകളെയും പരിശോധിച്ചുനോക്കുക. ഉദാ: “ഞാൻ എന്തു ചെയ്താലും ഒരിക്കലൂം ശരിയാവില്ല” എന്ന ചിന്തയാണ് മനസ്സിൽ വരുന്നതെങ്കിൽ ഒരു നിമിഷം ആ ചിന്ത ശരിയാണോ എന്നു പരിശോധിക്കുക.
ഇന്നുവരെ ചെയ്ത കാര്യങ്ങളിൽ ശരിയായിട്ടുള്ള ഏറ്റവും കുറഞ്ഞത് ഒരു കാര്യമെങ്കിലും ആലോചിച്ചു നോക്കുക. പലപ്പോഴും ചെറിയ പ്രായം മുതലേ മനസ്സിൽ കടന്നുകൂടിയ നെഗറ്റീവ് ചിന്തകളാണ് എപ്പോഴും എല്ലാത്തിനെയും നെഗറ്റീവ് ആയി കാണാൻ കാരണം. അല്ലാതെ നമ്മൾ ചെയ്യുന്നത് ശരിയല്ലാഞ്ഞിട്ടോ, നമ്മൾ കഴിവില്ലാത്തവർ ആയിട്ടോ അല്ല.
മറ്റൊരു ഉദാഹരണം- ഇന്ന് ഓഫീസ് മീറ്റിങ്ങിൽ സംസാരിക്കുമ്പോൾ ഞാൻ ഒരു മണ്ടത്തരം പറഞ്ഞു, ഇനി ഒരിക്കലും മീറ്റിംഗിൽ സംസാരിക്കാൻ എനിക്ക് പറ്റുമെന്ന് ഒരു വിധത്തിലും എനിക്കു തോന്നുന്നില്ല”. ഈ അവസ്ഥ നമ്മുടെ പ്രിയപ്പെട്ട സുഹൃത്തിനാണ് സംഭവിച്ചതെങ്കിൽ നമ്മൾ ഇങ്ങനെ അങ്ങേയറ്റം കുറ്റപ്പെടുത്തില്ലല്ലോ.
നമ്മൾ എന്തായിരിക്കും പറഞ്ഞുകൊടുക്കുക? സാരമില്ല, ഒരിക്കൽ ഇങ്ങനെ സംഭവിച്ചു എന്നു കരുതി ഇങ്ങനെ സങ്കപ്പെടാതെ. നിന്നെ എനിക്ക് അത്ര കാലമായി അറിയാവുന്നതാണ്. ഇതിനു മുന്നേ എത്ര മീറ്റിങ്ങിൽ നീ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുള്ളതാണ്. അതൊക്കെ നോക്കുമ്പോൾ ഇതൊരു വല്യ പ്രശ്നമാണോ.
ഇതങ്ങു വിട്ടുകള. അടുത്ത തവണ ഭംഗിയാക്കിയാൽ മതിയല്ലോ. ഇങ്ങനെയാവില്ലേ നമ്മുടെ സുഹൃത്തിനോട് പറഞ്ഞുകൊടുക്കുക. ഇതേ കാര്യങ്ങൾ തന്നെ നമ്മൾ നമ്മുടെ മനസ്സിലും പറയണം. കഴിഞ്ഞതിനെ വിട്ടുകളയാനും പെർഫെക്റ്റ് അല്ലാത്തതിനെ അംഗീകരിക്കാനും ശ്രമിച്ചാൽ ഇനി മനസ്സിൽ സമാധാനം ഉണ്ടാകും.
ബ്ലാക്ക് ആൻഡ് വൈറ്റ് തിങ്കിങ് ഉണ്ടെങ്കിൽ മനസ്സ് എപ്പോഴും അസ്വസ്ഥം ആയിരിക്കും. എന്തു നല്ല കാര്യം നടന്നാലും അതൊന്നും ശാശ്വതം അല്ലെന്നും ജീവിതം ഒരിക്കലും സ്ഥിരതയുള്ളതല്ല എന്നും തോന്നും. ജീവിതത്തിൽ ഉള്ള നല്ല കാര്യങ്ങൾ, നല്ല വ്യക്തികൾ ഒക്കെ ഒരുനാൾ ഇല്ലാതെയാകും എന്ന വിഷമം നിറഞ്ഞ തോന്നലും, പേടിയുമായിരിക്കും എപ്പോഴും. എന്നാൽ മുൻപ് പറഞ്ഞപോലെ പുതിയ രീതിയിൽ ചിന്തിക്കുന്നത് ജീവിതത്തിലെ നന്മകളെ കൂടുതലായി കാണാനും, എല്ലാം പെർഫെക്റ്റ് അല്ലെങ്കിലും നിലനിൽക്കാൻ കഴിയും എന്ന പോസിറ്റീവ് ചിന്ത വളർത്താനും സഹായിക്കും. മനസ്സു വല്ലാത്ത സങ്കടത്തിൽ ആകുകയാണ് എങ്കിൽ സൈക്കോളജിസ്റ്റിനെ സമീപിക്കുക.
ലേഖനം തയ്യാറാക്കിയത്:
പ്രിയ വർഗീസ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ബ്രീത്ത് മൈൻഡ് കെയർ, തിരുവല്ല
Call: 8281933323
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam