
പ്രായമാകുന്തോറും ശരീരത്തിന്റെ പോഷകാഹാര ആവശ്യങ്ങളിലും മാറ്റങ്ങൾ വരുന്നു. അൻപത് വയസ്സിന് ശേഷം ദഹനപ്രക്രിയ മന്ദഗതിയിലാകാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പ്രയാസകരമാകാനും, ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിക്കാനും ഇടയുണ്ട്. അതുകൊണ്ടാണ് ദിവസവും ശരിയായ ഭക്ഷണക്രമം പാലിക്കണമെന്ന് വിദഗ്ധർ പറയുന്നത് . ഭക്ഷണരീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനം സുഗമമാക്കുന്നതിനും ഊർജ്ജസ്വലമായി നിലനിർത്തുന്നതിനും വലിയ രീതിയിൽ സഹായിക്കും. മുതിർന്നവർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്ന ഒരുതരം നാരായ 'റെസിസ്റ്റന്റ് സ്റ്റാർച്ച്' (resistant starch) പച്ചക്കായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനപ്രക്രിയ ശക്തിപ്പെടുത്താനും, അതുപോലെ 50 വയസ്സിനു ശേഷമുള്ള മികച്ച ദഹന പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സഹായിക്കും.
രണ്ട്
കുറഞ്ഞത് 70% കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിന്റെ രണ്ട് ചെറിയ കഷ്ണങ്ങൾ കഴിക്കാനും പോഷകാഹാര വിദഗ്ധ നിർദ്ദേശിക്കുന്നു. ഹൃദയാരോഗ്യത്തെ സഹായിച്ചേക്കാവുന്ന ഫ്ലേവനോയിഡുകൾ എന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. "ഇവയ്ക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കാൻ കഴിയും.
മൂന്ന്
മറ്റൊരു ഭക്ഷണമാണ് നെയ്യ്. വെറും വയറ്റിൽ അല്പം നെയ്യ് കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത (insulin sensitivity) മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കാൻ ശരീരത്തെ സഹായിച്ചേക്കാം.
നാല്
ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസിനെ (oxidative stress) ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മാതളനാരങ്ങ. പ്രായമാകുമ്പോൾ ഹൃദയാരോഗ്യം സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam