Post Covid : കൊവിഡിന് ശേഷം വയറ്റിൽ ഈ പ്രശ്നം നേരിടുന്നുണ്ടോ?

By Web TeamFirst Published Sep 18, 2022, 6:47 PM IST
Highlights

ലോംഗ് കൊവിഡ് പല രീതിയിലാണ് നമ്മെ ബാധിക്കുക. ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിന് കൃത്യമായ ഉത്തരം നൽകാൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. 'ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസ്' എന്നൊരു ആരോഗ്യപ്രസിദ്ധീകരണത്തിൽ അടുത്തിടെ വന്നൊരു പഠനറിപ്പോർട്ട് പ്രകാരം കൊവിഡ് വൈറസിന്‍റെ അവശേഷിപ്പുകൾ ശരീരത്തിൽ തന്നെ ബാക്കി കിടക്കുന്നതോടെയാണ് ലോംഗ് കൊവിഡ് ഉണ്ടാകുന്നത്.

കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പേരാട്ടം ഇപ്പോഴും തുടരുകയാണ്. കൊവിഡ് ബാധിക്കപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കാളും ഇന്ന് ഏറെ പേർ ചർച്ച ചെയ്യുന്നത് കൊവിഡിന് ശേഷം ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ്. 'ലോംഗ് കൊവിഡ്' എന്നാണിതിനെ വിളിക്കുന്നത്. 

ലോംഗ് കൊവിഡ് പല രീതിയിലാണ് നമ്മെ ബാധിക്കുക. ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിന് കൃത്യമായ ഉത്തരം നൽകാൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. 'ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസസ്' എന്നൊരു ആരോഗ്യപ്രസിദ്ധീകരണത്തിൽ അടുത്തിടെ വന്നൊരു പഠനറിപ്പോർട്ട് പ്രകാരം കൊവിഡ് വൈറസിന്‍റെ അവശേഷിപ്പുകൾ ശരീരത്തിൽ തന്നെ ബാക്കി കിടക്കുന്നതോടെയാണ് ലോംഗ് കൊവിഡ് ഉണ്ടാകുന്നത്. മറ്റ് ചില പഠനങ്ങൾ പറയുന്നത് വൈറസിന് പുറത്തുള്ള സ്പൈക്ക് പ്രോട്ടീൻ രോഗിയുടെ രക്തത്തിൽ തന്നെ ബാക്കി കിടക്കുന്നതിനാലാണ് ലോംഗ് കൊവിഡ് സംഭവിക്കുന്നത്.

എന്തായാലും വിദേശരാജ്യങ്ങളിലെല്ലാം ലോംഗ് കൊവിഡ് സംബന്ധിച്ച പഠനങ്ങൾക്ക് മാത്രമായി ഗവേഷസംഘങ്ങളും, ലോംഗ് കൊവിഡ് ചികിത്സയ്ക്ക് മാത്രമായി ക്ലിനിക്കുകളും പ്രവർത്തിക്കുന്ന സാഹചര്യം വരെ നിലവിലുണ്ട്. അത്രമാത്രം പ്രധാനമാണിത്. കൊവിഡ് 19 രോഗം പരിപൂർണമായും ഇല്ലാതായാൽ പോലും ഇതവശേഷിപ്പിക്കുന്ന സങ്കീർണതകൾ ഏറെക്കാലം ഇവിടെ തുടരുമെന്നതാണ് വാസ്തവം.

പത്ത് അവയവ സംവിധാനങ്ങളെ വരെ ലോംഗ് കൊവിഡ് ബാധിക്കാമെന്നാണ് ഈ വിഷയത്തിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഡോ. ദീപക് രവീന്ദ്രൻ പറയുന്നത്. യുകെയിലെ ബെർക്ഷെയർ ലോംഗ് കൊവിഡ് ക്ലിനിക്കിലാണ് ഡോ. ദീപക് പ്രവർത്തിക്കുന്നത്. ഇത്രയും അവയവസംവിധാനങ്ങളെ ബാധിക്കുന്നതിനാൽ വിവിധ തരത്തിലുള്ള ഇരുന്നൂറോളം ആരോഗ്യപ്രശ്നങ്ങൾ ഇതിന്‍റെ ലക്ഷണമായി വരാമെന്നും ഇദ്ദേഹം പറയുന്നു.

ഇക്കൂട്ടത്തിലൊരു പ്രശ്നമാണ് ബ്ലോട്ടിംഗ് അഥവാ വയർ കെട്ടിവീർത്തുവരുന്ന അവസ്ഥ. ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവരിലാണ് സാധാരണഗതിയിൽ ബ്ലോട്ടിംഗ് കാണപ്പെടാറ്. എന്നാൽ കൊവിഡിന് ശേഷമാണ് നിങ്ങളിൽ ഈ ലക്ഷണം കാണുന്നതെങ്കിൽ അത് ലോംഗ് കൊവിഡ് സൂചനയാകാം. ഏത് ലോംഗ് കൊവിഡ് ലക്ഷണവും മാസങ്ങളോളം നീണ്ടുനിൽക്കുന്നതായി തോന്നിയാൽ ചികിത്സ തേടുന്നതാണ് ഉചിതം. ഒപ്പം തന്നെ ജീവിതരീതികളിലും ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിനോക്കാം. 

'കൊവിഡ് ബാധിക്കപ്പെടുമ്പോൾ തന്നെ വൈറസ് വയറിനെ ബാധിക്കുന്നുണ്ട്. രോഗമുക്തിക്ക് ശേഷവും ചിലരിൽ വൈറസിന്‍റെ അവശേഷിപ്പുകൾ കുടലിൽ തന്നെ ഇരിക്കുന്നു. ഇത് കുടലിലെ പ്രവർത്തനങ്ങളെയെല്ലാം മന്ദഗതിയിലാക്കുന്നു. അങ്ങനെയാണ് ബ്ലോട്ടിംഗ് സംഭവിക്കുന്നത്. ബ്ലോട്ടിംഗ് മാത്രമല്ല അനുബന്ധമായി വേദന, ഓക്കാനം, ഗ്യാസ്ട്രബിൾ എന്നീ പ്രശ്നങ്ങളും വരാം'- ഡോ. ദീപക് പറയുന്നു. 

ഇടവിട്ട് ചുമ, തളർച്ച, ശ്വാസതടസം, നെഞ്ചുവേദന, ചിന്തിക്കാൻ കഴിയാത്ത അവസ്ഥ- ശ്രദ്ധക്കുറവ്- ഓർമ്മക്കുറവ് പോലുള്ള ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, ഉത്കണ്ഠ- വിഷാദം പോലത്തെ മാനസികപ്രശ്നങ്ങൾ, തലവേദന, ഉറക്കപ്രശ്നങ്ങൾ, തലകറക്കം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ,സ്ത്രീകളിൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ലോംഗ് കൊവിഡിൽ കാണാം. ഏത് പ്രശ്നങ്ങളും ദീർഘകാലം നീണ്ടുനിൽക്കുകയോ നിത്യജീവിതത്തെ കാര്യമായി ബാധിക്കുകയോ ചെയ്യുന്നപക്ഷം ഡോക്ടറെ കണ്ട് വേണ്ട നിർദേശം തേടുക. 

Also Read:- കൊവിഡ് മൂലം മുടി കൊഴിച്ചിലുണ്ടാകുമെന്നത് സത്യമോ?

click me!