Asianet News MalayalamAsianet News Malayalam

കൊവിഡ് മൂലം മുടി കൊഴിച്ചിലുണ്ടാകുമെന്നത് സത്യമോ?

ചിലർ ലോംഗ് കൊവിഡിന്‍റെ ഭാഗമായി മുടി കൊഴിച്ചിൽ നേരിടുന്നതായി പരാതിപ്പെടുന്നുണ്ട്. എന്നാൽ ഇത് യാഥാർത്ഥ്യമാണോയെന്ന് ഇപ്പോഴും അറിയാത്തവരുണ്ട്.

covid related hair fall is true and things to do for preventing this
Author
First Published Sep 15, 2022, 10:17 PM IST

കൊവിഡ് 19മായുള്ള നമ്മുടെ നിരന്തര പോരാട്ടം തുടരുക തന്നെയാണ്. കൊവിഡ് ബാധിക്കപ്പെടുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കാളേറെ, കൊവിഡിന് ശേഷം ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന പ്രശ്നങ്ങളാണ് ഇന്ന് മിക്കവരെയും വലയ്ക്കുന്നത്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ, ക്ഷീണം തുടങ്ങി പല ബുദ്ധിമുട്ടുകളും കൊവിഡിന് ശേഷം നീണ്ടുനിൽക്കാം. ഇതിനെ ലോംഗ് കൊവിഡ് എന്നാണ് വിളിക്കപ്പെടുന്നത്. 

ചിലർ ലോംഗ് കൊവിഡിന്‍റെ ഭാഗമായി മുടി കൊഴിച്ചിൽ നേരിടുന്നതായി പരാതിപ്പെടുന്നുണ്ട്. എന്നാൽ ഇത് യാഥാർത്ഥ്യമാണോയെന്ന് ഇപ്പോഴും അറിയാത്തവരുണ്ട്. സംഗതി യഥാർത്ഥമായ പ്രശ്നം തന്നെയാണ്. ഇപ്പോൾ യുകെയിൽ നിന്ന് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് പ്രകാരം കൊവിഡ് ബാധിക്കുന്നവരിൽ ഏതാണ്ട് 60 ശതമാനം പേർക്കും ഇതിനോടനുബന്ധമായി മുടി കൊഴിച്ചിലുണ്ടാകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. 

ശരീരം ശക്തിയേറിയ വൈറസുമായി പോരാടി നിൽക്കുമ്പോൾ മുടിയുടെ വളർച്ചയ്ക്കോ ആരോഗ്യത്തിനോ വേണ്ടി അതിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയാതെ വരുന്നതാണത്രേ കൂടുതലും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്. മുടിയുടെ വളർച്ച മുതൽ അത് കൊഴിയുന്നത് വരെയുള്ള കാലയളവ് മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാകുന്നത്. 

ആദ്യഘട്ടത്തിൽ (അനാജെൻ) മുടിയുടെ വളർച്ച മാത്രമാണുണ്ടാകുന്നത് ഇത് മൂന്ന് മുതൽ ആറ് വർഷം വരെയാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തിൽ ( കാറ്റാജെൻ) ഒരു വിശ്രമസമയം പോലെയാണ്. ഇത് രണ്ട് മുതൽ നാല് ആഴ്ച വരെയെല്ലാമാണ് നീണ്ടുനിൽക്കുക. ഇതിന് ശേഷമുള്ള മൂന്നാം ഘട്ടം (ടെലോജെൻ) കടക്കുമ്പോഴാണ് മുടി കൊഴിയുന്നത്. ഇത് രണ്ട് മുതൽ നാല് മാസം വരെയാണ് നീണ്ടുനിൽക്കുക. 

നമ്മുടെ തലയിലെ ഓരോ പറ്റം മുടിയും ഇതിലേതെങ്കിലും ഘട്ടങ്ങളിലായിരിക്കും ഉണ്ടാവുക. എന്തായാലും പത്ത് ശതമാനം മുടിയോളം ടെലോജെൻ ഘട്ടത്തിലായിരിക്കും. അതായത് കൊഴിയാനൊരുങ്ങിയിരിക്കുന്ന അവസ്ഥ. എന്നാൽ കൊവിഡ് പിടിപെടുമ്പോൾ കൂടുതൽ മുടി ഈ ഘട്ടത്തിലേക്ക് നീങ്ങുകയാണത്രേ ചെയ്യുന്നത്. അങ്ങനെ മുടി കൊഴിച്ചിൽ കൂടുന്നു. 

സാധാരണഗതിയിൽ മുടി കൊഴിച്ചിലിനൊപ്പം തലയിൽ താരൻ, സ്കാൽപിൽ നിറവ്യത്യാസം, ചൊറിച്ചിൽ പോലെ പല പ്രശ്നങ്ങളും കണ്ടുവരാം. എന്നാൽ കൊവിഡ് അനുബന്ധ മുടി കൊഴിച്ചിലിൽ ഇത്തരം പ്രശ്നങ്ങളൊന്നും കണ്ടേക്കില്ലെന്നതും ശ്രദ്ധേയമാണ്. 

സ്ട്രെസ് അഥവാ ടെൻഷൻ പരിപൂർണമായി അകറ്റുക, ആരോഗ്യകരമായ ഭക്ഷണം - പ്രത്യേകിച്ച് വൈറ്റമിനുകളും മറ്റ് പോഷകങ്ങളും ഉറപ്പുവരുത്തുന്നവ കഴിക്കുക, ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്‍റ്സ് എടുക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക എന്നിവയെല്ലാം കൊവിഡ് അനുബന്ധ മുടി കൊഴിച്ചിൽ തടയുന്നതിന് ഉപകരിക്കുന്ന കാര്യങ്ങളാണ്.

Also Read:- പുതിയ കൊവിഡ് വകഭേദം പടരുന്നു; അറിയാം ഇതിന്‍റെ വിശദാംശങ്ങള്‍

Follow Us:
Download App:
  • android
  • ios